KeralaNEWS

ഈ പുലർച്ചെ 2.30ന് ഗുരുവായൂരിൽ വിഷുക്കണി, ഗുരുവായൂരപ്പനെ കണികാണാം

ഗുരുവായൂർ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കണ്ണനെ കണികാണാന്‍ ആയിരങ്ങളാണ് വിഷുപുലരിയില്‍ ഗുരുവായൂരിലെത്തുക. ദിവസവും പുലര്‍ച്ചെ മൂന്നിന് തുറക്കാറുള്ള ഗുരുവായൂര്‍ ക്ഷേത്രം വിഷുദിനത്തില്‍ രണ്ടരയ്ക്ക് തുറക്കും. പുലര്‍ച്ചെ 2.30 മുതല്‍ 3.30 വരെയുള്ള ഒരുമണിക്കൂറാണ് കണിദര്‍ശനം.

രാത്രി കീഴ്ശാന്തി നമ്പൂതിരിമാര്‍ ശ്രീലകത്ത് കണിക്കോപ്പുകള്‍ ഒരുക്കിവച്ചു. തുടര്‍ന്ന് ഭക്തര്‍ക്ക് കണികാണാനുള്ള അവസരമാണ്. കണ്ണടച്ചും കണ്ണുകെട്ടിയും നില്‍ക്കുന്ന ഭക്തര്‍ ശ്രീകോവിലിനു മുന്നിലെത്തി കണ്ണുതുറന്ന് കണ്ണനെ കണികണ്ട് കാണിക്കയര്‍പ്പിക്കും. നാലമ്പലത്തിനകത്ത് പ്രദക്ഷിണം വച്ച് ഗണപതിയെ വണങ്ങി പുറത്തുകടന്ന് ഭഗവതിയേയും അയ്യപ്പനേയും തൊഴുത് പ്രദക്ഷിണമായി പുറത്തുകടന്നാല്‍ കണിദര്‍ശനം പൂര്‍ത്തിയാകും.

പുലർച്ചെ 2.15ന് മേൽശാന്തി തിയ്യന്നൂർ കൃഷ്ണചന്ദ്രൻ നമ്പൂതിരി ശ്രീലകത്ത് പ്രവേശിക്കും. കണിക്കോപ്പിലെ നറുനെയ് നിറച്ച നാളികേരമുറികളിലുള്ള അരിത്തിരികളിലേക്ക് അഗ്നി പകരും. ഗുരുവായൂരപ്പനെ കണികാണിച്ച് തൃക്കൈയിൽ വിഷുക്കൈനീട്ടം സമർപ്പിക്കും. ഭക്തർക്ക് കണിദർശനത്തിന് ശ്രീലകവാതിൽ തുറക്കും. ക്ഷേത്രപരിചാരകർക്കും ഭക്തർക്കും മേൽശാന്തി കൈനീട്ടം നൽകും.

കണി ദര്‍ശനം കഴിഞ്ഞവര്‍ക്ക് മേല്‍ശാന്തി വിഷുക്കൈനീട്ടം നല്‍കും. വിഷു വിളക്ക് സമ്പൂര്‍ണ നെയ് വിളക്കായാണ് ആഘോഷിക്കുന്നത്. ഇടയ്ക്ക് നാദസ്വരത്തോടെ വിളക്കാചാരം, ചൊവ്വല്ലൂര്‍ മോഹനന്റെ മേളത്തോടെ എഴുന്നള്ളിപ്പ് എന്നിവയുണ്ടാകും. ഭക്തര്‍ക്ക് വിഷുസദ്യയും നല്‍കും.

ക്ഷേത്രത്തിൽ വിഷുവിളക്ക് സമ്പൂർണ നെയ്‌വിളക്കായി ആഘോഷിച്ചു. ലണ്ടനിൽ വ്യവസായിയായിരുന്ന ഗുരുവായൂർ തെക്കുമുറി ഹരിദാസിന്റെ പേരിലാണ് വിളക്കാഘോഷം. രാത്രി വിളക്കിന് ഗുരുവായൂരപ്പൻ എഴുന്നള്ളുമ്പോൾ പതിനായിരത്തോളം ദീപങ്ങളിൽ നെയ്ത്തിരികൾ ജ്വലിക്കും.

ഇതിനിടെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിംഗ് അവസാനിപ്പിക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു.

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിംഗ് അവസാനിപ്പിക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഏപ്രില്‍ 25 മുതല്‍ നെയ്യ് വിളക്കിന് മാത്രമായിരിക്കും ഓണ്‍ലൈന്‍ ബുക്കിംഗ് ഉണ്ടാകുക. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയ സാഹചര്യത്തില്‍ കൂടുതല്‍ ഭക്തര്‍ക്ക് തടസ്സങ്ങളില്ലാതെ ദര്‍ശനം സാധ്യമാക്കുന്നതിനായാണ് ഓണ്‍ലൈന്‍ ബുക്കിംഗ് നിർത്താന്‍ തീരുമാനിച്ചത്. നേരത്തെ ഓണ്‍ ലൈനില്‍ ബുക്കിങ്ങ് നടത്തിയവര്‍ക്ക് ദര്‍ശനം അനുവദിക്കും. യോഗത്തില്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ വിജയന്‍ അധ്യക്ഷതവഹിച്ചു. ഭരണ സമിതി അംഗങ്ങളായ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, ചെങ്ങറ സുരേന്ദ്രന്‍, അഡ്വ. കെ.വി.മോഹനകൃഷ്ണന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍ എന്നിവരും പങ്കെടുത്തു.

Back to top button
error: