NEWS

കെ വി തോമസിനെ മുൻനിർത്തി തൃക്കാക്കര പിടിക്കാൻ സിപിഐഎം; ലക്ഷ്യം 100 സീറ്റ്

റണാകുളം ജില്ലയിലെ തൃക്കാക്കര നിയമസഭാ മണ്ഡലത്തിനു കനത്ത വേനൽമഴയിലും ചൂടു പിടിക്കുകയാണ്. മുന്‍ എം.എല്‍.എ പി.ടി.തോമസിന്‍റെ മരണത്തെ തുടര്‍ന്നു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മൂന്നു മുന്നണികളും ഒരിക്കല്‍ കൂടി മാറ്റുരയ്ക്കാനൊരുങ്ങുകയാണ് ഇവിടെ.പരമ്ബരാഗതമായി തൃക്കാക്കര ഒരു യു.ഡി.എഫ് മണ്ഡലമാണ്. കൃത്യമായി പറഞ്ഞാല്‍ കോണ്‍ഗ്രസിനോടാഭിമുഖ്യമുള്ള മണ്ഡലം. ഒന്നുകൂടി ഉറപ്പിച്ചു പറഞ്ഞാല്‍ ഒരു ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശം.
രണ്ടു ലക്ഷത്തോളം വരുന്ന തൃക്കാക്കരയിലെ വോട്ടര്‍മാരില്‍ ഏകദേശം 40 ശതമാനവും സുറിയാനി ക്രിസ്ത്യാനികളാണ്.പത്തു ശതമാനത്തോളം വരും ലത്തീന്‍ കത്തോലിക്കാ വിഭാഗം.താരതമ്യേന വിദ്യാസമ്ബന്നരും ഉദ്യോഗസ്ഥരുമാണ് വോട്ടര്‍മാരില്‍ ഭൂരിപക്ഷവും.ഇവർ എന്നും കോൺഗ്രസിനൊപ്പം ഉറച്ചു നിന്നിട്ടുള്ളവരുമാണ്.14,000 -ലേറെ വോട്ടിനാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി.ടി തോമസ് ജയിച്ചത്. ഇടുക്കിയില്‍ കത്തോലിക്കാ നേതൃത്വം പി.ടിയോടു തുറന്ന യുദ്ധം പ്രഖ്യാപിച്ച കാലമായിരുന്നിട്ടും തൃക്കാക്കരയിലെ ‘വിശ്വാസികൾ’ പി ടിയെ കൈവിട്ടില്ല.ഇത് മുതലെടുത്ത് പി.ടിയുടെ ഭാര്യ ഉമാ തോമസിനെ തന്നെ കളത്തിലിറക്കാനാണ് യു.ഡി.എഫ് തീരുമാനം.
അത് കണ്ടുകൊണ്ട് തന്നെയാണ് സിപിഐഎം കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് കെ.വി തോമസിനെ ക്ഷണിച്ചതും.എറണാകുളത്ത്, പ്രത്യേകിച്ച് തൃക്കാക്കരയിൽ കെ വി തോമസിനുള്ള സ്വാധീനം മുതലെടുത്ത് നിയമസഭയിൽ 100 സീറ്റ് എന്ന സ്വപ്ന സംഖ്യ തികയ്ക്കുക എന്നതാണ് അവരുടെ ലക്ഷ്യം.പരമ്പരാഗത ഇടതുപക്ഷ വോട്ടുകളും കെ വി തോമസ് അനുകൂലികളുടെ വോട്ടും ചേർന്നാൽ നിഷ്പ്രയാസം ഇത് സാധിക്കാൻ കഴിയുമെന്നും അവർ കരുതുന്നു.കഴിഞ്ഞ പ്രാവശ്യം തൃപ്പൂണിത്തുറയിൽ കെ ബാബുവിനോട് തോറ്റ അവരുടെ തീപ്പൊരി നേതാവ് എം സ്വരാജ് തന്നെയാവും തൃക്കാക്കരയിലെയും സ്ഥാനാർത്ഥി.
സി.പി.എമ്മിനും ഇടതുപക്ഷത്തിനും ബാലികേറാ മലയായി തുടരുന്ന രണ്ടു ജില്ലകള്‍ എറണാകുളവും മലപ്പുറവുമാണ്. കാലങ്ങളായി കോണ്‍ഗ്രസിന്‍റെ കോട്ടയായിരുന്ന പത്തനംതിട്ട ജില്ലയിലെ ആകെയുള്ള അഞ്ചു സീറ്റും കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷം പിടിച്ചെടുത്തിരുന്നു. ദീര്‍ഘകാലം ജില്ലയില്‍ കോണ്‍ഗ്രസിന്‍റെ കോട്ട കാത്തിരുന്ന പീലിപ്പോസ് തോമസ് ഇപ്പോള്‍ സി.പി.എം ഇരവിപേരൂര്‍ ഏരിയാ കമ്മറ്റിയംഗമായി പ്രവര്‍ത്തിക്കുന്നു.
തൃക്കാക്കര പിടിച്ചെടുത്താല്‍ നിയമസഭയില്‍ ഇടതുപക്ഷത്തിന്‍റെ അംഗബലം നൂറു തികയും.ഇതു വലിയൊരു ലക്ഷ്യമാണ്.എറണാകുളത്തിന്‍റെ ഹൃദയമെന്നു വിശേഷിപ്പിക്കാവുന്ന തൃക്കാക്കര പിടിച്ചെടുത്താല്‍ അത് ജില്ലയില്‍ സി.പി.എം സ്വാധീനം ഉറപ്പിക്കുന്നതിന്‍റെ വലിയ തുടക്കവുമാവും. കെ.വി. തോമസിന്‍റെ പ്രസക്തി ഇവിടെയാണ്.
കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസും കെ.വി തോമസ് വിവാദവുമെല്ലാം അഴിച്ചുവിട്ട കോലാഹലത്തിന്‍റെ പശ്ചാത്തലത്തില്‍ ഊര്‍ജസ്വലരാണ് പാര്‍ട്ടി അണികള്‍.കെ.വി തോമസിനെ സെമിനാറിലേയ്ക്കു ക്ഷണിച്ചതും അതു കോണ്‍ഗ്രസില്‍ പ്രകമ്ബനമുണ്ടാക്കിയതും തൃക്കാക്കരയിൽ അനുകൂലമാക്കാനുള്ള ശ്രമത്തില്‍ത്തന്നെയാണ് സി.പി.എം സംസ്ഥാന നേതൃത്വവും.
എ എന്‍ രാധാകൃഷ്ണന്‍, ഒ എം ശാലീന, ടി പി സിന്ധുമോള്‍ എന്നിവരുടെ പേരുകളാണ് ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിലുള്ളത്.ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് എ എന്‍ രാധാകൃഷ്ണൻ്റെ പേരിനു തന്നെയാണ് മുഖ്യപരിഗണന.അതേസമയം കഴിഞ്ഞ തവണ തൃപ്പൂണിത്തുറയിൽ എം സ്വരാജിനെ തോൽപ്പിക്കാൻ കെ ബാബുവിന് വോട്ട് മറിച്ചതുപോലെ ഇത്തവണയും ഇടതുപക്ഷത്തെ തോൽപ്പിക്കാൻ ബിജെപി കോൺഗ്രസിന് വോട്ട് മറിക്കാൻ തന്നെയാണ് സാധ്യത.

Back to top button
error: