കോട്ടയം: സാമൂഹിക മാധ്യമങ്ങളുടെ വ്യക്തിജീവിതത്തിലേക്കുള്ള അനിയന്ത്രിതമായ കടന്നുകയറ്റത്തിന്റെ മറ്റൊരു ദുരന്ത മുഖമായിരിക്കുകയാണ് സെല്‍ഫിഭ്രമം.സാമൂഹിക മാധ്യമങ്ങളില്‍ സെല്‍ഫി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ വ്യഗ്രതപ്പെടുന്നര്‍ ഓരോ ചിത്രം കഴിയുന്തോറും മറ്റുള്ളവരുടെ ശ്രദ്ധ കിട്ടാനായി കൂടുതല്‍ സാഹസികമായ ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിക്കുകയും പലപ്പോഴും അത് അപകടം ക്ഷണിച്ചു വരുത്തുകയുമാണ്.
തന്റെ സുഹൃത്തുക്കളോ ബന്ധുക്കളോ പോസ്റ്റ് ചെയ്യുന്ന സെല്‍ഫി ചിത്രങ്ങളെ അപേക്ഷിച്ച് കൂടുതല്‍ മികവോടെ തന്റെ ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള വെമ്ബലാണ് സ്ഥലകാല ബോധമില്ലാത്ത സെല്‍ഫി ചിത്രമെടുക്കാനുള്ള വ്യഗ്രതക്കു പിന്നില്‍. ചെല്ലുന്നിടത്തു നിന്നെല്ലാം സെല്‍ഫിയെടുത്ത് ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ നിരന്തരം പോസ്റ്റ്ചെയ്യുന്നതില്‍ ഇത്തരക്കാര്‍ ആനന്ദം കണ്ടെത്തുന്നു.നൈമിഷികമായ ആയുസ്സ് മാത്രമേയുള്ളൂ സെല്‍ഫി ചിത്രങ്ങള്‍ക്ക്. ഒരു തവണ കണ്ടാല്‍ വീണ്ടും അത് കാണുന്നവര്‍ നന്നേ വിരളം.ഇതൊന്നും ചിന്തിക്കാതെയാണ് ഒരു ലൈക്കിനു വേണ്ടി പലരും സാഹസപ്പെടുന്നതും ജീവൻ നഷ്ടപ്പെടുത്തുന്നതും.
സെല്‍ഫിയെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് മരണപ്പെടുന്ന സംഭവങ്ങള്‍ സമീപകാലത്തായി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്.ഒരു മാസത്തിനിടെ പത്തോളം പേർക്കാണ് കേരളത്തിൽ മാത്രം ജീവൻ നഷ്ടപ്പെട്ടത്.ആത്മഹത്യ ചെയ്യുന്നതു പോലെ അഭിനയിച്ച് വീഡിയോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ തൂങ്ങിമരിച്ചവര്‍, തലക്ക് വെടിയേറ്റവര്‍, സാഹസിക ഫോട്ടോയെടുക്കാനുള്ള ശ്രമത്തിനിടെ കെട്ടിടത്തില്‍ നിന്ന് താഴെ വീണ് മരിച്ചവര്‍, വെള്ളക്കെട്ടിലും നദികളിലും വീണ് ജീവന് നഷ്ടമായവര്‍, ട്രെയിന്‍ തട്ടിയും വൈദ്യുതാഘാതമേറ്റും വന്യമൃഗങ്ങളുടെ അക്രമത്തിലും മരിച്ചവര്‍ എന്നിങ്ങനെ നീളുന്നു സെല്‍ഫി ദുരന്തങ്ങള്‍…!
അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു കോട്ടയത്ത് നിന്ന് കര്‍ണാടകയിലേക്ക് വിനോദ യാത്രക്ക് പോയ ഏറ്റുമാനൂര്‍ മംഗളം കോളജിലെ മൂന്ന് വിദ്യാര്‍ഥികള്‍ മണിപ്പാല്‍ മാല്‍പെ ബീച്ചില്‍ ശക്തമായ തിരയില്‍ അകപ്പെട്ട് മുങ്ങി മരിച്ചത്.അവസാന വര്‍ഷ കമ്ബ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ കോട്ടയം കുഴിമറ്റം ചേപ്പാട്ട് പറമ്ബില്‍ അമല്‍ സി അനില്‍, പാമ്ബാടി വെള്ളൂര്‍ എല്ലിമുള്ളില്‍ അലന് റെജി, ഉദയംപേരൂര്‍ ചിറമേല്‍ ആന്റണി ഷിനോയി എന്നിവര്‍ കടലിലിറങ്ങി കൈകോര്‍ത്ത് സെല്‍ഫിയെടുക്കുന്നതിനിടെയാണ് തിരയില്‍ അകപ്പെട്ടത്.
ഇന്നലെ മധ്യപ്രദേശിലെ ഛത്തർപൂർ റയിൽവെ സ്റ്റേഷനിൽ നിർത്തിയിട്ട എഞ്ചിന് മുകളിൽ കയറി സെൽഫിയെടുക്കവേ വൈദ്യുതാഘാതമേറ്റ് മരിച്ച 17 കാരൻ, ഇന്നലെത്തന്നെ തമിഴ്നാട്ടിലെ താമ്പരത്ത് റയിൽപ്പാളത്തിൽ നിന്നും സെൽഫിയെടുക്കവേ ട്രെയിൻ തട്ടി മരിച്ച 23 കാരൻ……മഹാരാഷ്ട്രയില്‍ ബീഡ് ജില്ലയിലെ കവാഡ് ഗ്രാമത്തില്‍ സെല്‍ഫി എടുക്കുന്നതിനിടെ യുവ ദമ്ബതികളായ സിദ്ദീഖ് പത്താന് ശൈഖ്, ഭാര്യ താഹ ശൈഖ് (20), സുഹൃത്ത് ഷഹാബ് എന്നിവര്‍ പുഴയില്‍ വീണു മരിച്ചത് ഒരാഴ്ച മുമ്ബാണ്.ദമ്ബതികളാണ് ആദ്യം പുഴയില്‍ വീണത്.അവരെ രക്ഷിക്കാനുള്ള ശ്രമത്തില്‍ സുഹൃത്തും മരിച്ചു. പിറന്നാളാഘോഷത്തിന്റെ ഭാഗമായി ഇടുക്കിയിലേക്ക് വിനോദ യാത്ര പോയ വാഴക്കാല നവനിര്‍മാന്‍ പബ്ലിക് സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി ഇഷാ ഫാത്തിമ എന്ന പതിനേഴുകാരി അഞ്ചുരുളി ജലാശയത്തില്‍ വീണുമരിച്ചത്……..
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ രാജസ്ഥാന് തലസ്ഥാനമായ ജയ്പൂരില്‍ ഒരേ സമയം പതിനൊന്ന് പേരുടെ ജീവന് ഒന്നിച്ചാണ് സെല്‍ഫിഭ്രമം കവര്‍ന്നത്.കനത്ത മഴയത്ത് പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ച ആമേര്‍ കൊട്ടാരത്തിന് മുന്നിലെ വാച്ച് ടവറില്‍ കയറി സെല്‍ഫിയെടുക്കുന്നതിനിടെ ഇടിമിന്നലേറ്റും മിന്നലില്‍ നിന്ന് രക്ഷപ്പെടാന്‍ താഴേക്ക് ചാടിയപ്പോള്‍ ഉണ്ടായ പരുക്കിലുമാണ് വിനോദ സഞ്ചാരികളായ പതിനൊന്ന് പേര് മരണപ്പെട്ടത്. സെൽഫിയിലൂടെ സെൽഫായും കൂട്ടമായും ജീവിതം ഹോമിക്കുന്നവരുടെ കണക്കുകൾ നീളുകയാണ്.