ന്യൂഡൽഹി: കോൺഗ്രസിൽ ഐക്യവും ജനാധിപത്യവും അലയടിക്കുന്നു എന്ന് കെ.സുധാകരൻ ആവർത്തിക്കുന്നതിനിടയിലും സംസ്ഥാന നേതൃത്വത്തിനെതിരെ പടപ്പുറപ്പാടുമായി മുൻനിര നേതാക്കൾ ഹൈക്കമാൻ്റിനു മുന്നിൽ. സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടിയിൽ ഐക്യം ഉറപ്പാക്കാൻ ഇടപെടണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തലയാണ് ഒടുവിൽ പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധിയെ കണ്ടത്. പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സംസ്ഥാന നേതൃത്വം തന്നോടും ഉമ്മൻ ചാണ്ടിയോടും കൂടിയാലോചന നടത്തുന്നില്ല എന്നാണ് ചെന്നിത്തലയുടെ പരാതി.
പക്ഷേ, കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ ചെന്നിത്തല പാടെ തള്ളിക്കളയുന്നില്ല. സുധാകരൻ സമ്പർക്കം പുലർത്തുന്നുണ്ടെന്ന് വ്യക്തമാക്കിയ രമേശ് ചെന്നിത്തല വി.ഡി.സതീശനെതിരെയാണ് രംഗത്തിറങ്ങിയിരിക്കുന്നത്.
എന്നാൽ എതിർപ്പ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോടാണെന്നു പരസ്യമായി സമ്മതിക്കുന്നുമില്ല. ആരോടും എതിർപ്പില്ല, എല്ലാവരെയും വിശ്വാസത്തിലെടുത്ത് പാർട്ടിയിൽ ഏകോപനം ഉറപ്പാക്കണമെന്നും ഏകപക്ഷീയമായ തീരുമാനങ്ങൾ സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടാവരുതെന്നുമാണു ചെന്നിത്തല പറയുന്നത്. കോവിഡ് മൂലം 2 വർഷത്തിനു ശേഷമായിരുന്നു ചെന്നിത്തല- സോണിയ കൂടിക്കാഴ്ച.
പ്രതിപക്ഷ നേതൃപദം ഒഴിഞ്ഞ ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണ്. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങളും സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും 20 മിനിറ്റ് ചർച്ചയിൽ സോണിയയെ അറിയിച്ചു.
പിന്നീട് മാധ്യമങ്ങളെ കണ്ട രമേശ്, പദവികൾ ആവശ്യപ്പെട്ടിട്ടില്ലെന്നും പദവികൾക്കു പിന്നാലെ നടക്കുന്ന ആളല്ല താനെന്നും വ്യക്തമാക്കി. സതീശനും ഐ.എൻ.ടി.യു.സിയും തമ്മിലുള്ള ചക്കളാത്തി പോരാട്ടത്തിൽ തനിക്കു യാതൊരു പങ്കുമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. ഐ.എൻ.ടി.യു.സിയെ ഇളക്കിവിട്ട് ചീപ്പായി കളിക്കുന്നയാളല്ല താനെന്ന് എല്ലാവർക്കുമറിയാമെന്നും ചെന്നിത്തല വ്യക്തമാക്കി.