തളര്‍ന്നിട്ടും തളരാതെ സ്വപ്ന
യുവനടിയും നര്‍ത്തകിയും മലയാളികള്‍ക്ക് ചിരപരിചിതയുമായിരുന്ന മുംബൈ മലയാളിയായ സ്വര്‍ണ്ണാ തോമസിനെ മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. ഒരു കാലത്ത് മലയാള ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ ഏവര്‍ക്കും സുപരിചിതയായിരുന്നു സ്വര്‍ണ്ണ തോമസ്. ഏറെ നാളത്തെ അധ്വാനത്തിനും പരിശ്രമത്തിനുമൊടുവില്‍ തന്റെ ജീവിതം തിരിച്ചുപ്പിടിക്കാനൊരുങ്ങുകയാണ് സ്വര്‍ണ്ണ.
സ്വര്‍ണ്ണയുടെ ജീവിതം തകിടം മറിയുന്നത് 2013ലാണ്. കൊച്ചിയിലെ താമസ സമുച്ചയത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് കാല്‍തെന്നി താഴേയ്ക്ക് വീണ സ്വർണ്ണ തന്റെ സ്വപ്നങ്ങളെ കൂടെ കൊണ്ടുനടന്നു.
നൃത്തവും സിനിമയുമായിരുന്നു സ്വര്‍ണ്ണ കണ്ട സ്വപ്നം. ടി വി റിയാലിറ്റി ഷോകളിലെ മിന്നും താരമായിരുന്നു സ്വര്‍ണ്ണ. ആദ്യ സിനിമാ റിലീസിന് മുമ്പ് തന്നെ സ്വര്‍ണ്ണയ്ക്ക് അഞ്ചോളം ചിത്രങ്ങളില്‍ കരാറായിരുന്നു. നിനച്ചിരിക്കാതെയാണ് ഫ്‌ളാറ്റിന്റെ അഞ്ചാം നിലയില്‍ നിന്ന് അബദ്ധത്തില്‍ കാല്‍വഴുതി സ്വര്‍ണ്ണ താഴേയ്ക്ക് വീഴുന്നത്. അപകടത്തില്‍ സ്വര്‍ണ്ണയുടെ നട്ടെല്ല് തകര്‍ന്നു. തളര്‍ന്ന ശരീരവും തളരാത്ത മനസ്സുമായി സ്വര്‍ണ്ണ വിധിയെ സധൈര്യം നേരിട്ടു.
പോരാട്ടവീര്യവും മനോധൈര്യവും തുണയായി. പതിയെ ജീവിതത്തിലേക്ക് തിരിച്ച് വന്ന സ്വര്‍ണ്ണ ഇന്ന് ദിവസേന 2 മണിക്കൂറോളം ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യും. സ്വര്‍ണ്ണയുടെ ഓരോ ചുവടുവെപ്പിനും പിന്തുണ നല്‍കുന്നത് സഹോദരന്‍ പവനാണ്. നിലവില്‍ നവിമുംബൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ് സ്വര്‍ണ്ണ. തിരികെ എന്റര്‍ടെയ്ന്‍മെന്റ് ലോകത്തേയ്ക്ക് തിരികെ വരണമെന്നാണ് സ്വര്‍ണ്ണയുടെ ആഗ്രഹം.