തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങള്‍ പിടികൂടാനായി മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച അത്യാധുനിക നിരീക്ഷണ ക്യാമറകള്‍ ഇന്നുമുതല്‍ കേരളത്തിന്റെ പാതയോരങ്ങളിൽ മിന്നിത്തുടങ്ങും.സേഫ് കേരള പദ്ധതിയുടെ ഭാഗമായാണ് ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതാണ് ഈ ക്യാമറകള്‍. ഓട്ടമാറ്റിക്കായി നിയമലംഘനം പിടികൂടുന്ന ക്യാമറകള്‍ ആദ്യമായാണ് സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്.മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും നിലവിലുള്ള നിരീക്ഷണ ക്യാമറകള്‍ക്കു പുറമേയാണു പുതിയവ സ്ഥാപിച്ചത്. സംസ്ഥാനത്ത് ഇത്തരം 700 ക്യാമറകള്‍ സ്ഥാപിക്കുന്നത് ഏറെക്കുറെ പൂര്‍ത്തിയായി.
കെല്‍ട്രോണാണ് പദ്ധതി നടപ്പിലാക്കുന്നത്. പൊതുവിലുള്ള ട്രാഫിക് നിയമലംഘനങ്ങളും പാര്‍ക്കിങ് നിയമലംഘനങ്ങളും കണ്ടെത്തുന്നതിനായി ഈ ക്യാമറകള്‍ ക്രമീകരിക്കും.സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ വൈദ്യുതി മുടക്കം തടസ്സമാകില്ല.