പത്തനംതിട്ട: കാതോലിക്കേറ്റ് കോളജ് വിദ്യാർഥികൾക്കൊപ്പം, എം.ജി സർവകലാശാല യൂണിയൻ കലോത്സവത്തിന്റെ ഭാഗമായി നടത്തിയ ഫ്ലാഷ് മോബിൽ ജില്ലാ കലക്ടർ ദിവ്യ എസ്. അയ്യരും നൃത്തചുവടുകൾ വച്ചു. സ്കൂൾ വിദ്യാഭ്യാസകാലത്ത് സ്ഥിരമായി കലാതിലകം നേടിയിട്ടുള്ള ദിവ്യ, കുച്ചിപ്പുടി, ഒഡീസി, കഥകളി, മോണോ ആക്ട്, ക്ലാസിക്കൽ സംഗീതം എന്നിവയിൽ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്.
എം.ജി സർവകലാശാല യൂണിയൻ കലോത്സവത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി വിവിധ കോളജുകളിൽ ഫ്ലാഷ് മോബ് നടത്തിയ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് വിദ്യാർഥികൾക്കൊപ്പമാണ് കലക്ടറും അപ്രതീക്ഷിതമായി ഒപ്പംകൂടിയത്.
കലോത്സവത്തിന്റെ വൈദ്യുതാലങ്കാരം ഉദ്ഘാടനം ചെയ്യാൻ സ്റ്റേഡിയത്തിൽ എത്തിയതായിരുന്നു കലക്ടർ. ഇതോടൊപ്പം ഫ്ലാഷ് മോബിന്റെ സമാപനവും നടത്തി. ആ ചടങ്ങിലാണ് നൃത്തച്ചുവടുകളുമായി കലക്ടറും വിദ്യാർഥികൾക്കൊപ്പം കൂടിയത്. മനോഹര നൃത്തച്ചുവടുകൾ വയ്ക്കുന്ന കലക്ടറുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. കലാകാരിയായ ദിവ്യ എസ്. അയ്യർ കോട്ടയം കലക്ടറായിരിക്കെ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ ആഹ്വാനം ചെയ്ത് റെക്കോർഡ് ചെയ്ത ഗാനം ദേശീയ ശ്രദ്ധ നേടിയിരുന്നു.