NEWS

നാളെയും മറ്റെന്നാളും പൊതു പണിമുടക്ക്;എന്തേ സ്വകാര്യ ബസ് പണിമുടക്ക് ഇന്നു തന്നെ പിൻവലിച്ചു?

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസമായി സ്വകാര്യബസുടമകൾ നടത്തിവന്ന സമരം പിൻവലിച്ചു.നിരക്ക് വർധിപ്പിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം പിൻവലിക്കുന്നതെന്ന് ബസുടമ സംഘടനകൾ വ്യക്തമാക്കി. എന്നാൽ, നിരക്ക് വർധന എന്ന് നിലവിൽ വരും എന്നത് സംബന്ധിച്ച് വ്യക്തതയില്ല. മിനിമം ചാർജ് 12 രൂപ രൂപയാക്കുക, വിദ്യാർഥി നിരക്ക് ആറ് രൂപയാക്കണം, കിലോമീറ്റർ നിരക്ക് 1.10 രൂപയായി വർധിപ്പിക്കണം എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങൾ.
ഇതിൽ വിദ്യാർഥികളുടെ നിരക്ക് 2 ൽ നിന്നും 5 ആക്കാമെന്ന് ഗതാഗത മന്ത്രിയുമായി കഴിഞ്ഞ മാസം തന്നെ നടന്ന ചർച്ചയിൽ തീരുമാനമായതാണ്.മാർച്ച് ഒന്നുമുതൽ ഇതേ നിരക്ക് തന്നെയാണ് വിദ്യാർഥികളിൽ നിന്നും സ്വകാര്യ ബസുകൾ ഈടാക്കിക്കൊണ്ടിരുന്നതും.അതുപോലെ മിനിമം ചാർജ്ജ് 8 ൽ നിന്ന് 10 ആക്കാനും തീരുമാനമായതാണ്.പിന്നെന്തിനായിരുന്നു ഇത്ര പെട്ടെന്ന് സ്വകാര്യ ബസുകളുടെ സമരവും പിൻവലിക്കലും ?
കുട്ടികളുടെ പരീക്ഷ നടക്കുകയാണ്.ആ സമയത്ത് സമരം നടത്തിയാൽ ചിലപ്പോൾ തങ്ങളുടെ ആവശ്യം സർക്കാർ അംഗീകരിച്ചെങ്കിലോ എന്ന ദുർവാശി.പരീക്ഷാക്കാലം ആയതിനാൽ സമൂഹത്തിന്റെ നാനാതുറകളിൽ നിന്ന് സർക്കാരിനെതിരെ പ്രതിഷേധം ഉയരുമെന്നും സർക്കാർ സമ്മർദ്ദത്തിലാകുമെന്നും അവർ കണക്കുകൂട്ടി.എന്നാല്‍, സ്വകാര്യബസുടമകളെ ചര്‍ച്ചക്കുപോലും വിളിക്കേണ്ടതില്ലെന്നായിരുന്നു സർക്കാർ തീരുമാനം.
പരീക്ഷ ആരംഭിച്ച മാർച്ച് 23 ബുധൻ മുതൽ 26 ശനി വരെ നാലു ദിവസവും കുട്ടികൾ ഓട്ടോറിക്ഷകളെയും മറ്റും ആശ്രയിച്ചാണ് സ്കൂളിൽ പരീക്ഷ എഴുതാൻ പോയത്.തന്നെയുമല്ല നിരക്ക് വർധനയിൽ തീരുമാനം ആയതാണെന്നും സ്വകാര്യ ബസുകളുടെ ഇപ്പോഴത്തെ സമരം അനാവശ്യമാണെന്നും ഗതാഗത മന്ത്രിയും ആവർത്തിച്ചു.
സമരം തുടങ്ങി നാലു ദിവസമായി.ഇന്ന് ഞായർ.നാളെയും മറ്റെന്നാളും പൊതു പണിമുടക്ക്.കുട്ടികൾക്ക് ഇനി പരീക്ഷയ്ക്ക് പോകേണ്ടത് അടുത്ത ബുധനാഴ്ച മാത്രം.തന്നെയുമല്ല തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ ബസുകൾ സമരത്തിൽ പങ്കെടുത്തതുമില്ല.നാളെ അടുത്ത ജില്ലയിലും ഇതേ അവസ്ഥ വരും.സർക്കാർ ചർച്ചയ്ക്ക് വിളിക്കില്ലെന്ന് ഉറപ്പിക്കുകയും ചെയ്തു.ഒടുവിൽ നിവർത്തി ഇല്ലാതെ മുഖ്യമന്ത്രിയുമായി പെട്ടെന്നൊരു കൂടിക്കാഴ്ച.സമരം പിൻവലിച്ചു!
ഒരാഴ്ച കൂടി കഴിഞ്ഞാൽ സ്കൂളൂകൾ അടയ്ക്കും.പിന്നെ ജൂണിലാണ് സ്കൂളൂകൾ തുറക്കുക.പിന്നെന്ത് പറഞ്ഞു സമരം നടത്തും?ബൈ ദി ബൈ ജൂണിൽ ഒരു സമരം കൂടി നടത്തി വിദ്യാർഥികളുടെ കൺസഷൻ നിരക്ക് ആറ് ആക്കാമോന്ന് നമുക്ക് നോക്കാം.പക്ഷെ പുര കത്തുമ്പോൾ വാഴ വെട്ടാൻ പോകുന്നവരുടെ അവസ്ഥ എന്നും ഇതുതന്നെയാണെന്നു മാത്രം മറക്കരുത്!

Back to top button
error: