NEWS
കേരളത്തിന്റെ ആ ‘നടക്കാത്ത’ രണ്ട് സ്വപ്നങ്ങളും പൂവണിയുമ്പോൾ
“ഈ ബുദ്ധി എന്താ വിജയാ നേരത്തെ തോന്നാതിരുന്നത്…’ ‘എല്ലാത്തിനും അതിന്റെ സമയമുണ്ട് ദാസാ…’ എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം’ ഈ ഡയലോഗുകൾ എല്ലാം നാടോടിക്കാറ്റ് എന്ന സിനിമയിലെ ആണ്.ഇനി കാര്യത്തിലേക്ക് വരാം.
വർഷം: 2014
വിഷയം: ദേശീയ പാത സ്ഥലമെടുപ്പ്
ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതിനായി കേരളത്തിൽ അങ്ങോളമിങ്ങോളം തുറന്ന അവസാനത്തെ ഓഫിസും പൂട്ടി താഴിട്ടതിന് പിന്നാലെ ഡൽഹിക്ക് മടങ്ങിയ ദേശീയ ഹൈവേ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞ വാക്കുകൾ…
”ഇനി കേരളത്തിൽ ഇങ്ങിനെയൊരു പ്രൊജക്റ്റ് ഇല്ല.. എല്ലാം ഞങ്ങൾ അവസാനിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഇതിന്റെ പേരിൽ ഇനിയൊരു മടങ്ങി വരവില്ല.. ആറു വരി പാത എന്നത് മലയാളിക്ക് ഒരു വിദൂര സ്വപ്നം മാത്രമായി തുടരും..നിങ്ങളിനിയും ദേശീയ പാത എന്ന് വെറും പേര് മാത്രമുള്ള ഇടുങ്ങിയ വഴികളിലൂടെ ഞെരുങ്ങി സഞ്ചരിച്ചു കൊണ്ടേയിരിക്കും.മറിച്ചു സംഭവിക്കണമെങ്കിൽ ഇവിടെയെന്തെങ്കിലും വളരെ വലിയ അത്ഭുതങ്ങൾ സംഭവിക്കണം..”
തലപ്പാടി മുതൽ പാറശാല വരെ കേരളത്തിന്റെ വിരിമാറിലൂടെ കടന്നു പോകേണ്ട NH 66 എന്ന സ്വപ്നം 2014 ൽ എന്നന്നേക്കുമായി അവസാനിക്കുകയായിരുന്നു..ഉമ്മൻ ചാണ്ടിയായിരുന്നൂ ആ സമയത്തെ കേരള മുഖ്യമന്ത്രി.
നാളുകൾ കടന്നു പോയി…
മുരടനും കാർക്കശ്യ സ്വഭാവമുള്ളതും പതിവ് രാഷ്ട്രീയക്കാരുടെ അടയാഭരണങ്ങൾ ഇല്ലാത്തതുമായ പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതു മുന്നണി 2016 ഇലക്ഷനെ നേരിടുകയായിരുന്നു..
പിണറായി വിജയൻ തിരഞ്ഞെടുപ്പ് പരിപാടികളിൽ അസഗ്നിദ്ധമായി രണ്ട് കാര്യങ്ങൾ തറപ്പിച്ചു പറഞ്ഞു.. ദേശീയ പാത വികസനം സാധ്യമാക്കും, ഗെയിൽ പദ്ധതി സാധ്യമാക്കും..!
കേട്ടവർ കേട്ടവർ ചിരിച്ചു..ദേശീയ പാത കേന്ദ്രവും കേരളവും ഉപേക്ഷിച്ച പദ്ധതിയാണ്..ഗെയിലിന്റെ കാര്യം പിന്നെ ഒരിക്കലും നടക്കില്ല .. വെറുതേ തള്ളി മറയ്ക്കരുത് വിജയാ..!
ഉഗ്ര കോപശാലി എന്നു പേരുകേട്ട പിണറായി വിജയൻ അത് കേട്ട് ചിരിച്ചതേയുള്ളൂ.
തിരഞ്ഞെടുപ്പ് കഴിഞ്ഞു..ജനപ്രിയൻ അല്ലാത്ത വിജയൻ മുഖ്യമന്ത്രിയായി..ഒരിക്കലും നടക്കാത്ത പദ്ധതി എന്ന് 100 ശതമാനം ഉറപ്പുള്ളത് കൊണ്ടാവാം ഉറങ്ങി കിടന്ന സുരേന്ദ്രൻ വരെ എഴുന്നേറ്റ് വന്ന് വെല്ലുവിളിച്ചു..
”ഇത് രണ്ടും നടത്തിക്കാണിച്ചാൽ വിജയനെ നട്ടെല്ലുള്ള രാഷ്ട്രീയക്കാരൻ എന്ന് വിളിക്കാം..!”
അപ്പോഴും വിജയൻ ചിരിച്ചതേയുള്ളൂ.അല്ലാതെ
‘നീ പോ മോനെ സുരേന്ദ്രാ.. ‘എന്ന് പറഞ്ഞില്ല.
2021 പകുതിയിൽ വിജയൻ അയാളുടെ ആദ്യ ടേം പൂർത്തിയാക്കി ഇറങ്ങുമ്പോൾ ദേശീയ ഹൈവേ മന്ത്രാലയവും കേരളവും രാഷ്ട്രീയ പാർട്ടികളും ജനങ്ങളും എഴുതി തള്ളിയ,, അസാധ്യമെന്ന് കരുതിയ രണ്ട് വമ്പൻ മഹത്തായ പദ്ധതികളും അതിന്റെ അവസാന ലാപ്പിലേക്ക് കുതിച്ചെത്തി കഴിഞ്ഞിരുന്നു.
ദേശീയ പാതയ്ക്ക് വേണ്ടി മാത്രം കേന്ദ്ര ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയെ കാണാൻ ഏഴ് തവണയാണ് വിജയൻ ഡൽഹിക്ക് പോയത്.
ഒടുവിൽ പിണറായി വിജയന്റെ നിരന്തരമായ ശല്യം സഹിക്കാൻ വയ്യാതെ ഗഡ്കരി അവസാനം ഒരു വഴി പറഞ്ഞു.പദ്ധതിയുടെ 25 ശതമാനം നിങ്ങൾ വഹിക്കണം.ഇന്ത്യയിലെങ്ങും കേട്ടുകേൾവി പോലുമില്ലാത്ത ഒരു സംഭവം!
“നാൻ ഒരു തടവൈ ശൊന്നാൽ നൂറ് തടവൈ ശൊന്നമാതിരി”…വിജയൻ സമ്മതമറിയിച്ച് കേരളത്തിലേക്ക് മടങ്ങി.
കേരളത്തിലെ ബിജെപി നേതൃത്വം കീഴാറ്റൂർ അടക്കം പല വിഷയങ്ങളിലും പരമാവധി ഏഷണികൾ വെച്ചിട്ടും ഗഡ്കരി ദേശീയ പാതയുടെ കാര്യത്തിൽ പിണറായി വിജയന്റെ വാക്കുകളെ മാത്രം സ്വീകരിച്ചു..
മിസ്റ്റർ വിജയൻ നിങ്ങൾ സ്ഥലം സംഘടിപ്പിക്കൂ..നിങ്ങൾക്ക് മാത്രമേ അതിന് കഴിയൂ..!
മുന്നിലുള്ള വെല്ലുവിളി അതായിരുന്നു..
ബൂർഷ്വാ കമ്മ്യൂണിസ്റ്റ്, മുരടൻ, ബിനാമി ബിസിനസുകാരൻ, വികസന വിരോധി, തുടങ്ങി കേരളത്തിലെ ചില വിഭാഗങ്ങൾ സമൂഹത്തിന് മുൻപിൽ മുദ്രകുത്തിയ വിജയന് അതും ഒരു പ്രശ്നമായിരുന്നില്ല..
കാസർകോട് മുതൽ തിരുവനന്തപുരം വരെ ആയിരക്കണക്കിന് പേര് നൂറ് കണക്കിന് സംഘടനകൾ സമരം നടത്തി.. പള്ളികൾ,അമ്പലങ്ങൾ വേറെ.. രാഷ്ട്രീയ പ്രേരിതമായ സമരം കലാപം …!
വസ്തു വകകൾ നഷ്ടപ്പെട്ടവർക്ക് വിജയൻ മാർക്കറ്റ് വിലയുടെ മൂന്നും നാലുമിരട്ടി തുക നൽകി.
(അല്ലാതെ ദേശീയ പാതയ്ക്ക് വേണ്ടി വിശാല മനസ്കതയോടെ ഒഴിഞ്ഞു പോയവരാരുമില്ല ഇവിടെ)
ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്രം 75 ശതമാനവും 25 ശതമാനം കേരളവും നൽകി.. ദേശീയ പാതയ്ക്ക് കേന്ദ്രത്തിനു അങ്ങോട്ട് പണം നൽകിയ കേരളം ഭാരത ഹൈവേ നിർമ്മാണത്തിൽ അങ്ങനെ പുതിയൊരു ചരിത്രവും കുറിച്ചു..
5300 കോടി രൂപയാണ് കേരളം ഇതുവരെയായി അങ്ങോട്ട് കൊടുത്തത് ..!!
ജനങ്ങൾ തിങ്ങി നിറഞ്ഞ കേരളത്തിൽ പദ്ധതിക്കായി സ്ഥലം പിടിച്ചു കൊടുക്കേണ്ടതും ആളുകളെ അനുനയിപ്പിക്കേണ്ടതും കേരളത്തിന്റെ മാത്രം ചുമതലയിരുന്നു..
അതിന് വിജയന്റെ മരിച്ചു പോയ അച്ഛനെ വരെ എത്ര വട്ടം എത്ര പേര് ഓർമ്മിച്ചു…
ഏറ്റവുമൊടുവിൽ ഇതേ NH 66 ന്റെ കീഴറ്റൂർ ഭാഗത്ത് വെച്ച് ഇടത് പക്ഷമൊഴിച്ചു ബാക്കിയെല്ലാ പാർട്ടികളും പദ്ധതി തടഞ്ഞു.. മാസങ്ങളോളം കലാപം.. ചെന്നിത്തലയും സുരേഷ് ഗോപിയും മുതൽ കേന്ദ്രത്തിലുള്ള സർവ മന്ത്രിമാരും വരെ അവിടെ വന്ന് തമ്പടിച്ചു..
എന്നിട്ട്..?
ഇപ്പോൾ ഏറ്റവുമാദ്യം പണി പൂർത്തിയായി കൊണ്ടിരിക്കുന്നത് കീഴാറ്റൂർ വയലിലാണ്….!!!
കെ.റെയിലിന്റെ കാര്യത്തിലെന്നപോലെ അപ്പോഴും പറഞ്ഞു. ഇത് പിണറായി വിജയന്റെ കുടുംബത്തിനുള്ളതാണെന്ന്.. കമല ഇന്റർ നാഷണലിനു കമ്മീഷൻ വാങ്ങാൻ ഉള്ളതാണെന്ന്.. റിയൽ എസ്റ്റേറ്റ് ഭീമൻമാർക്ക് വേണ്ടിയുള്ളതാണെന്ന്…!!
ഇതെല്ലാം കേട്ടിട്ടും അയാൾ വല്ലതും പറഞ്ഞോ..?
നോക്കൂ 2024 മുതൽ ഇതേ ആറ് വരി പാതയിലൂടെ നിങ്ങളും നിങ്ങളുടെ വരാനിരിക്കുന്ന തലമുറയും കൂടുതൽ സ്വഛന്ദമായും സുഖത്തോടെയും യാത്ര ചെയ്തു തുടങ്ങും..’നമുക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത്’ എന്ന് ആരും പറഞ്ഞില്ലെങ്കിലും അപ്പോഴും നിങ്ങൾക്ക് വിജയന്റെ തന്തയ്ക്ക് വിളിക്കാനുള്ള വകുപ്പ് ഇവിടെ ബാക്കിയുണ്ട്-കെ റെയിൽ !! യേത്…?!!
‘നടക്കാത്ത കാര്യം പറയാറില്ല ,പറയുന്നത് നടത്തുകയും ചെയ്യും’: വിജയൻ ഈയ്യിടെ ഇങ്ങനെ ഏതാണ്ട് ഒന്ന് പറഞ്ഞിരുന്നു.ആരെങ്കിലും കേട്ടിരുന്നോ ആവോ…?
-എ വി ആർ-
#nationalhighway66
#PinarayiVijayan