പയ്യന്നൂർ റയില്‍വേ ട്രാക്കിൽ ഇരുകാലുകളും അറ്റ് കിടന്ന് നിലവിളിക്കുന്ന രണ്ടര വയസ്സുകാരൻ സാലിഹിനെ ഒരു പോലീസുകാരൻ വാരിയെടുത്തു കൊണ്ട് ഏറ്റവും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ഓടുമ്പോൾ ഇരു കാലും നഷ്ടപ്പെട്ട കുട്ടി ഇനി ജീവിതത്തിലേക്ക് പിച്ചവെക്കുമെന്ന് ആരും കരുതിക്കാണില്ല.
ഡോക്ടർമാരും ശാസ്ത്രവും ഒരുമിച്ചപ്പോൾ തുന്നിപ്പിടിച്ച പിഞ്ചു കാലുകളിൽ രണ്ടര വയസ്സുകാരൻ സാലിഹ് പിച്ചവെച്ച് തുടങ്ങി.മംഗളൂരു എജെ ഹോസ്പിറ്റലിൽ ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ തുന്നിപ്പിടിപ്പ കാലുകളിലാണ് ഇന്ന് കുഞ്ഞ് സാലിഹ് നടക്കാൻ തുടങ്ങിയത്.
കഴിഞ്ഞ ഏപ്രിൽ 29 ന് പയ്യന്നൂർ റെയിൽവെ ട്രാക്കിൽ ഉമ്മയും മകനും അപകടത്തിൽ പെടുകയായിരുന്നു. ഉമ്മ പിലാത്തറ സ്വദേശിനി പീരക്കാംതടത്തിൽ സഹീദ (29) സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപെട്ടിരുന്നു.
റയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലീസുകാരൻ നിലവിളിക്കുന്ന സാലിഹിനെയും മറ്റൊരാൾ അറ്റുകിടന്ന കാലുകൾ പ്ലസ്റ്റിക്ക് കവറിലുമാക്കി പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ അതിവേഗം എത്തിച്ചു.തീർന്നില്ല, സഹായം തേടി പയ്യന്നൂർ പോലീസിലേക്കും ഇതിനകം അവരുടെ കോളുകൾ എത്തി. പയ്യന്നൂർ പോലീസും അവസരത്തിനൊത്ത് ഉയർന്നു. സിഐ എം പി ആസാദിന്റെ നേതൃത്വത്തിൽ അറ്റ കാലുകൾ പ്ലാസ്റ്റിക്ക് ബോക്സിൽ ഐസിട്ട് മംഗളൂരു എജെ ഹോസ്പിറ്റലിൽ എത്തിച്ചു.അവർക്ക് അതിവേഗം കേരള അതിർത്തി കടക്കാൻ ട്രാഫിക് പോലീസും ഒപ്പത്തിനൊപ്പം നിന്ന് വഴിയൊരുക്കി.
ആശുപത്രിയിലേക്ക് വേണ്ട സാമ്പത്തിക സഹായവും പോലീസ് തന്നെ തരപ്പെടുത്തി.മുൻകൂട്ടി വിവരം നല്‍കിയതിനാൽ ശസ്ത്രക്രിയക്ക് വേണ്ട ഒരുക്കങ്ങൾ ഇതിനകം ആശുപത്രിയിൽ നടത്തിയിരുന്നു.
തിരിച്ചറിയാതിരുന്ന കുഞ്ഞിന് പോലീസിന്റെ സമ്മതത്തോടെ ശസ്ത്രക്രിയ തുടങ്ങി.ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരമായി നടത്തി ഡോക്ടർമാർ പുറത്തുവരുമ്പോഴേക്കും നീലേശ്വരം തൈക്കടപ്പുറത്തെ സമീറിന്റെ ഭാര്യയയും മകനുമാണ് അപകടത്തിൽ പെട്ടതെന്ന് പയ്യന്നൂർ പോലീസ് കണ്ടെത്തി കഴിഞ്ഞിരുന്നു.
ശേഷം ആറ് മാസം നിതാന്ത ജാഗ്രതയോടെ കുഞ്ഞിനെ അണുബാധയൊന്നും ഏൽക്കാതെ ആശുപത്രിയിൽ തന്നെ സംരക്ഷിച്ചു.കാവലാളായി അപ്പോഴും കാക്കിക്കുപ്പായക്കാർ അവിടെ മാറിമാറി ഉണ്ടായിരുന്നു.
ഇളം പ്രായമായതിനാൽ ഞരമ്പുകളുടെ പുനർ നിർമിതിയും വളര്‍ച്ചയുമെല്ലാം വേഗതയിലായി.
തൊലികൾ വെച്ച് പിടിപ്പിച്ചതുൾപ്പടെ നാല് ശസ്ത്രക്രിയകൾക്ക് സാലിഹ് ഇതിനകം വിധേയനായി.ഇപ്പോൾ ഇതാ ഒരു വർഷം പൂർത്തിയാകുന്നതിന് മുൻപ് പരസഹായമില്ലാതെ കുഞ്ഞ് സാലിഹ് സ്വന്തം കാലുകളിൽ നടന്നു തുടങ്ങി.
എജെ ഹോസ്പിറ്റലെ മൈക്രോ വാസ്കുലാർ സർജൻ ഡോ. ദിനേശ് കദമിന്റെ നേത്രത്വത്തിലാണ് ഏറെ ശ്രമകരമായ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.
എല്ലാത്തിനും പിന്നിൽ ആ പോലീസുകാരുണ്ടായിരുന്നു- ദൈവത്തിന്റെ അദൃശ്യ കരങ്ങൾ പോലെ !!