ഇലത്തുമ്പിൽനിന്ന് ഒരിറ്റു വെള്ളം ഊർന്നു വീഴുമ്പോൾ അതിനറിയില്ല, ഒരുപക്ഷേ അതൊരു പുഴയുടെ തുടക്കമാകുമെന്ന്.ചില തുള്ളികൾ അങ്ങനെയാണ്.ഒഴുകാൻവേണ്ടി മാത്രം ഇറ്റുവീഴുന്നവ.അത് തോടായി,അരുവിയായി,പുഴയായി,നദിയാ യി ഒഴുകും.സമുദ്രമായി വളരും.പിന്നെയത് നീരാവിയായി ഉയരങ്ങളിലേക്ക് പോകും.അവിടുന്ന് തണുത്തുറഞ്ഞ് തുള്ളിയായി വീണ്ടും ഭൂമിയിലേക്ക്… ആദിയും അനാദിയുമില്ലാത്ത ജലചക്രം !
എല്ലാ വർഷവും മാർച്ച് 22 നാണ് ലോക ജലദിനം ആയി ആചരിക്കുന്നത്. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം.ലോക ജലദിനമെന്ന നിർദ്ദേശം ആദ്യമായി ഉയർന്നുവന്നത് 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്‌മെന്റിലാണ് (UNCED).ഇതേ തുടർന്ന് യു.എൻ. ജനറൽ അസംബ്ലി 1993 മാർച്ച് 22 മുതൽ ഈ ദിനം ലോക ജലദിനമായി ആചരിക്കുവാൻ തീരുമാനിച്ചു..