KeralaNEWS

എഴുമറ്റൂരിലെ ഏദൻ തോട്ടം

ല്ലപ്പള്ളി: ആയിരത്തിൽപരം ഫലങ്ങൾ ലഭിക്കുന്ന ഒരു ഏദൻ തോട്ടം മല്ലപ്പള്ളിക്കടുത്ത് എഴുമറ്റൂരിലുണ്ട്.വ്യത്യസ്ഥയിനം കായ്ഫലക്കൃഷികളുമായി ഒരു കർഷകൻ.പത്തനംതിട്ട എഴുമറ്റൂർ താന്നിക്കൽ ജോൺസ് വർഗീസ് തന്റെ രണ്ടേക്കറിലാണ് ഒട്ടേറെ ഫലവൃക്ഷങ്ങൾ നട്ടുവളർത്തിയിരിക്കുന്നത്.പുരയിടത്തിൽ ഒരു ഭാഗത്തായി 180 പ്ലാവുകൾ അതിൽ തേൻവരിക്ക, റെഡ് ജാക്ക്, വിയറ്റ്നാം സൂപ്പർ ഏർലി, സിന്ദൂരവരിക്ക, സിദ്ദു, റോസ് വരിക്ക എന്നിവയെ കൂടാതെ വർഷത്തിന്റെ മുക്കാൽ പങ്കും കായ്ഫലം തരുന്ന ഇനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
അവ്ക്കാഡോയും റംബുട്ടാനും മാംഗോസ്റ്റിനും അടക്കമുള്ള വിദേശ ഫലങ്ങളും ഗംഗാബോണ്ടം, ചാവക്കാടൻ ഗ്രീൻ, യെലോ 20 20 തുടങ്ങിയ ഇനത്തിലുള്ള തെങ്ങുകൾ, മംഗള, മോഹിത് നഗർ എന്നീ ഇനങ്ങളിലെ അറുന്നൂറിൽപ്പരം കമുക്, 48 കാട്ടുജാതി, സ്വർണമുഖി, പൂവൻ, ഞാലിപ്പൂവൻ, പാളയംകോടൻ, നേന്ത്രൻ തുടങ്ങിയ വാഴയിനങ്ങൾക്കൊപ്പം ഔഷധയിനത്തിലുള്ള കദളിയും ഉൾപ്പെടുത്തി ഹരിതവനം തീർത്തിരിക്കുകയാണ് ജോൺസ് വർഗീസ് ഇവിടെ.
മരച്ചീനി, ചേന, ചേമ്പ്, ഇഞ്ചിയും, കസ്തൂരി മ‍ഞ്ഞൾ തുടങ്ങിയവ വിളവെത്തിനിൽക്കുന്നു.കാച്ചിലിലെ രാജാവയ അപൂർവ ഇനമായ വെള്ള കടുവാകയ്യൻ കാച്ചിലും പുരയിടത്തിൽ പടരുന്നുണ്ട്.ചാണകവും പഞ്ചഗവ്യവും കോഴി, ആട്ടിൻ കാഷ്ഠവും എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും മണ്ണിര കമ്പോസ്റ്റുമാണ് വളപ്രയോഗം. നൂറിൽ പരം വ്യത്യസ്ത മാവുകൾ, അൽഫോൻസോ, സിന്ദൂരം, മൽഗോവ, മൈലപൂ, പിന്നെ നാടിന്റെ സ്വന്തം കിളിച്ചുണ്ടനും ഇതിൽ ഉൾപ്പെടുന്നു. അടുക്കളത്തോട്ടത്തിൽ സാലഡ് വെള്ളരിയും വെണ്ടയും വഴുതനയും പയറും പാവവലും അടക്കമുള്ള പച്ചക്കറിക്കൃഷിയമുണ്ട്.എല്ലാം ജൈവക്കൃഷി തന്നെ.
2016ൽ മികച്ച സംസ്ഥാന അധ്യാപകനുള്ള അവാർഡ് ലഭിച്ച ജോൺസ് 2019ൽ മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിൽനിന്നും പ്രധാനാധ്യാപകനായാണ് വിരമിച്ചത്. അതിനുശേഷം മുഴുവൻ സമയ കർഷകനാവുകയായിരുന്നു.
1995 എഴുമറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു.ഇപ്പോൾ സഹകരണ ബാങ്കിന്റെയും ഇക്കോഷോപ്പ് ഉൾപ്പെടെ കർഷക സംരംഭങ്ങളിലൂടെയും സജീവം. എല്ലാത്തിരക്കുകളിലും എന്നും രാവിലെയും വൈകിട്ടുമായി എട്ട് മണിക്കൂർ തൊടിയിൽ വിളസംരക്ഷണ പ്രവൃത്തിയിലാണു ഈ മുൻ അധ്യാപകൻ.അവധി ദിവസങ്ങളിൽ കൈത്താങ്ങായി അധ്യാപികയായ ഭാര്യ ശ്രീജയും ഒപ്പമുണ്ട്.

Back to top button
error: