KeralaNEWS

രോഗികളെ ചികിത്സിക്കുന്നതോടൊപ്പം അവർക്ക് ഭക്ഷണവും വച്ചുവിളമ്പേണ്ടി വന്ന ആശുപത്രി ജീവനക്കാരുടെ കഥ അല്ല, അനുഭവം

ണ്ടു വർഷം മുൻപായിരുന്നു.കൃത്യമായി പറഞ്ഞാൽ കൊറോണയെപ്പറ്റി നമ്മൾ മലയാളികൾ ആദ്യമായി കേട്ടു തുടങ്ങിയ 2020 മാർച്ച് മാസത്തിൽ.സംഭവം റാന്നി താലൂക്ക് ആശുപത്രിയിലാണ്.
കൊറോണ ഭീതിയിൽ റാന്നിയിലെ ഹോട്ടലുകളും മറ്റു ഭക്ഷണശാലകളും അനിശ്ചിതകാലത്തേക്ക് അടച്ചപ്പോൾ ആശുപത്രിയിൽ അഡ്മിറ്റായിരിക്കുന്ന നൂറുകണക്കിന്  രോഗികൾക്കും അവരുടെ കൂട്ടിരുപ്പുകാർക്കും വേണ്ടി ആശുപത്രി ജീവനക്കാർ തന്നെ അങ്ങ് ഇറങ്ങി..
അടുപ്പ് കൂട്ടി, കറിക്ക്‌ അരിഞ്ഞ്, കപ്പ പുഴുങ്ങി, ചമ്മന്തി ഉണ്ടാക്കി, ചോറും സാമ്പാറും തോരനും അച്ചാറും എന്നുവേണ്ട വിഭവസമൃദ്ധമായ ഭക്ഷണം തന്നെ ഉണ്ടാക്കി അവർ എല്ലാവർക്കും വിളമ്പി…
ഭക്ഷണം ഇല്ലാതെ വലഞ്ഞ കൊറോണ ഐസൊലേഷൻ വാർഡിലെ ഉൾപ്പെടെ രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും എന്നുവേണ്ട, എല്ലാവർക്കും നിറഞ്ഞ മനസ്സോടെ തന്നെ അവർ ഭക്ഷണം വിളമ്പി…
രോഗികളുടെ വയറും മനസ്സും നിറഞ്ഞു, ഒപ്പം അവരുടേയും.കാരണം അവരിൽ പലരും രണ്ടു മൂന്നു ദിവസമായി പട്ടിണിയിലുമായിരുന്നു.
ഡ്യൂട്ടി ഡോക്ടർമാർ ഉൾപ്പെടെ വലുപ്പചെറുപ്പമില്ലാതെ എല്ലാ സ്റ്റാഫുകൾക്കും ഭക്ഷണം കൊടുക്കുവാൻ ഇങ്ങനെ സാധിച്ചു.
ഡോക്ടർമാർ ഉൾപ്പെടെ പലരും ദിവസങ്ങളായി  ആശുപത്രിയിൽ ക്യാമ്പ് ചെയ്യുന്നവരാണ്.മറ്റു ജീവനക്കാരുടെ കാര്യവും അതുതന്നെ. ആഹാരം ഇല്ലാതെ ആരും വലയരുത് എന്ന തീരുമാനമാണ് ആശുപത്രി ജീവനക്കാരുടെ ഈ പ്രവൃത്തിക്ക് പിന്നിൽ.
രോഗീപരിചരണത്തിന്റെ തിരക്കുകൾക്കിടയിലും റാന്നി താലൂക്ക് ആശുപത്രിയിലെ ആ ജീവനക്കാർ കാട്ടിയ ഈ പ്രവൃത്തിയെ അഭിനന്ദിക്കാതിരിക്കാൻ തരമില്ല.കാരണം രണ്ടുമൂന്ന് ദിവസമായി രോഗികളും അവരുടെ കൂട്ടിരുപ്പുകാരിൽ പലരും പട്ടിണിയിലായിരുന്നു.അന്ന് സാമൂഹിക അടുക്കളയോ മറ്റ് സന്നദ്ധ സംഘടനകളുടെ സഹായമോ എന്തിനേറെ ലോക്ഡൗൺ പോലും പ്രഖ്യാപിച്ചിട്ടില്ല എന്നോർക്കണം.പക്ഷെ റാന്നി അപ്പോഴേക്കും ഒരു അപ്രഖ്യാപിത ലോക്ഡൗണിലേക്ക് മാറിക്കഴിഞ്ഞിരുന്നു.
പനിയുമായി ഒപിയിൽ വന്ന ഒരേ കുടുംബത്തിലെ തന്നെ രണ്ടുപേരോട് വെറുമൊരു സംശയത്തിന്റെ പേരിൽ ഈ ആശുപത്രിയിലെ ഒരു ഡോക്ടർ ചോദിച്ച ചോദ്യമാണ്, അല്ലെങ്കിൽ അതിന്റെ ഉത്തരത്തിനുമുന്നിലാണ് കേരളം അന്ന് വിറങ്ങലിച്ചു നിന്നത്.അല്ലെങ്കിൽ വരാമായിരുന്ന വലിയൊരു വിപത്തിൽ നിന്ന് കേരളത്തെ രക്ഷിച്ചതെന്നു വേണമെങ്കിലും പറയാം.
“നിങ്ങൾ അടുത്തിടെയെങ്ങാനും വിദേശത്ത് പോയിരുന്നോ?”
“ഇല്ല.”
“പരിചയക്കാർ ആരെങ്കിലും അടുത്ത ദിവസങ്ങളിൽ വിദേശത്തു നിന്നും വന്നിരുന്നോ..?”
“അടുത്ത ബന്ധുക്കളായ രണ്ടുമൂന്നുപേർ കഴിഞ്ഞ ആഴ്ച ഇറ്റലിയിൽ നിന്നും വന്നിരുന്നു!”
“അവർ നിങ്ങളെയോ നിങ്ങൾ അവരെയോ സന്ദർശിച്ചിരുന്നോ?”
“ഉവ്വ്,അവർ തൊട്ടടുത്തു തന്നെയാണ് താമസിക്കുന്നത്..”
റാന്നി താലൂക്ക് ആശുപത്രിയിലെ ആ ഡോക്ടർ തന്റെ സംശയം വെറുമൊരു സംശയമായി മനസ്സിൽ വച്ചില്ല.പകരം സാമൂഹിക പ്രതിബദ്ധതയോടെ ഉണർന്നു പ്രവർത്തിച്ചു.ബാക്കിയൊക്കെ നമുക്ക് അറിയാവുന്ന കാര്യങ്ങൾ തന്നെ.ഇറ്റലിയിൽ നിന്ന് കോവിഡുമായി വന്ന റാന്നി ദമ്പതികളുടെ കഥ അങ്ങ് ഇറ്റാലിയൻ വരെ അറിയാൻ താമസമെടുത്തില്ല.
ന്യൂസ് വെളിയിൽ വന്നതോടെ റാന്നി നിശ്ചലമായി.വാഹന ഗതാഗതം നിലച്ചു.കടകമ്പോളങ്ങൾ അടഞ്ഞു.താലൂക്ക് ആശുപത്രിയിലെ(മറ്റ് ആശുപത്രികളുടെ കാര്യം വ്യക്തമല്ലാത്തതിനാൽ ഒഴിവാക്കുന്നു) രോഗികളിൽ പലരും അവരുടെ കൂട്ടിരുപ്പുകാരും എന്നു വേണ്ട അവിടെ ക്യാമ്പ് ചെയ്തിരുന്ന ഡോക്ടർമാർ ഉൾപ്പെടെ പല സ്റ്റാഫുകളും വരെ പട്ടിണിയിലായി എന്നു പറഞ്ഞാൽ മതിയല്ലോ.
അവിടെയായിരുന്നു റാന്നി താലൂക്ക് ആശുപത്രിയിലെ ആ ജീവനക്കാർ, തങ്ങളുടെ ജോലിത്തിരക്കിനിടയിലും ഉണർന്നു പ്രവർത്തിച്ചത്.
 അഡ്മിറ്റായിരിക്കുന്ന രോഗികൾക്ക് തങ്ങളുടെ രോഗത്തിന്റേതായ ബുദ്ധിമുട്ടിനോടൊപ്പം ആഹാരവും ഒരു പ്രശ്നമായി വന്നപ്പോൾ ആ ജീവനക്കാർ കാട്ടിയ മനുഷ്യത്വം, ശുഷ്കാന്തി.. ഒക്കെ എടുത്തു പറയേണ്ടതു തന്നെ.സർക്കാറും മറ്റു സംഘടനകളും രംഗത്തു വരുന്നതുവരെ ഏകദേശം ഒരു മാസം അവർ ഇത് തുടർന്നു.

Back to top button
error: