കോട്ടയം മറിയപ്പളളിയിലെ പാറമടക്കുളത്തിലേയ്ക്ക് മറഞ്ഞ ലോറി കണ്ടെത്തി; ഡ്രൈവര്‍ക്കായി രാത്രിവൈകിയും തെരച്ചില്‍ തുടരുന്നു
വാര്‍ത്തകളറിയാന്‍ ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group
കോട്ടയം: മറിയപ്പള്ളിയിലെ പാറമടക്കുളത്തിലേക്ക് മറിഞ്ഞ ലോറിയില്‍ ഉണ്ടായിരുന്നവര്‍ക്കായി രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടരുന്നു. അഗ്‌നിരക്ഷാസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ പാറമടക്കുളത്തില്‍ നടത്തിയ തിരച്ചിലില്‍ ലോറി കണ്ടെത്തി. എന്നാല്‍ അപകടത്തില്‍പ്പെട്ട ഡ്രൈവര്‍ ലോറിക്കുള്ളിലുണ്ടോ എന്ന് കാര്യം ഉറപ്പിക്കാനായിട്ടില്ല. അഗ്‌നിരക്ഷാസേന കോട്ടയം സ്റ്റേഷന്‍ ഓഫീസര്‍ അനൂപ് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചില്‍ നടത്തിയത്. ഡ്രൈവറെ കണ്ടെത്തുന്നതിനായി സ്‌കൂബാ ഡൈവിംഗ് ടീം വെള്ളത്തിനടിയില്‍ പരിശോധന തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് ക്രെയിനും എത്തിച്ചിട്ടുണ്ട്.
ലോറിക്കുള്ളില്‍ ഡ്രൈവറും ക്ലീനറും ഉണ്ടായിരുന്നതായി ആദ്യം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഡ്രൈവര്‍ മാത്രമാണുള്ളതെന്ന് സ്ഥിരീകരിച്ചു. മറിയപ്പള്ളി മുട്ടത്തെ വളം ഡിപ്പോയില്‍ നിന്നും വളവുമായി ആലപ്പുഴ ചേപ്പാടേക്ക് പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടതെന്ന് പോലീസ് പറഞ്ഞു. അപകടത്തില്‍പ്പെട്ട ലോറിയില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ തിരുവനന്തപുരം കരുമാനൂര്‍ പാറശാല സ്വദേശി എസ്.എസ് ഭവനില്‍ ബി.അജികുമാറാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പാറമടക്കുളത്തിന് സമീപത്തെ കടയില്‍ നിന്നും കൊതുകുതിരി വാങ്ങിയ ശേഷം ലോറിക്കുള്ളിലേക്ക് കയറിയ അജി ലോറി മുന്നോട്ട് എടുക്കുന്നതിനിടിയിലാണ് തിട്ടയില്‍ തട്ടി പാറമടക്കുളത്തിന്റെ ആഴങ്ങളിലേക്ക് മറിഞ്ഞത്. അപകടം കണ്ടുനിന്ന നാട്ടുകാര്‍ ഓടിയെത്തി ഏണിയും കയറും ഇട്ട് കൊടുത്ത് അജിയെ കരകയറ്റാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തിട്ടയുടെ അരികിലേക്ക് ലോറി പോയതും അപകടമുണ്ടായതും എങ്ങനെയാണെന്ന ആശങ്കയിലാണ് നാട്ടുകാര്‍. ലോറി മീറ്ററുകളോളം മുന്നോട്ട് നീങ്ങിയപ്പോഴാണ് പാറമടക്കുളത്തിലേക്ക് മറിഞ്ഞത്. നൂറ് അടിയിലേറെ പാറമടക്കുളത്തിന് ആഴമുണ്ടെന്നാണ് സംശയിക്കുന്നത്. പാറമടക്കുളത്തിന് ചെരിഞ്ഞ പ്രതലമാണുള്ളത്. ആയതിനാല്‍, മറിഞ്ഞ ലോറി വീണ അതേസ്ഥലത്ത് തന്നെ കാണാനുള്ള സാധ്യത കുറവാണ്. ആ പ്രതലത്തിലൂടെ കുളത്തിന്റെ മധ്യഭാഗത്തേക്ക് ലോറി പോകാനുള്ള സാധ്യത ഏറെയാണ്. ഈ സാഹചര്യത്തില്‍ തിരച്ചില്‍ ഏറെ ശ്രമകരമാണെന്നായിരുന്നു അഗ്‌നിരക്ഷാ സേനയുടെ വിലയിരുത്തല്‍.
വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അജികുമാര്‍ ലോറിയുമായി മറിയപ്പള്ളിയില്‍ എത്തിയത്. മറിയപ്പള്ളി മുട്ടത്ത് രാജേന്ദ്രപ്രസാദിന്റെ ഉടമസ്ഥതയിലുള്ള വളം ഡിപ്പോയില്‍ നിന്നും പത്ത് ടണ്ണോളം വളം ലോറിയില്‍ കയറ്റിയിരുന്നു. ഈ വളവുമായി മുട്ടത്തെ പാറമടക്കുളത്തിന് സമീപമുള്ള കടയരികില്‍ ലോറി നിര്‍ത്തിയിട്ട ശേഷം ഇവിടെ നിന്ന് ഭക്ഷണം കഴിച്ച് കുളിച്ച ശേഷം രാത്രി 9.30 ഓടെയാണ് ലോറിയെടുത്ത് ഇദ്ദേഹം പുറപ്പെട്ടത്. അപകടമുണ്ടായ പാറമടക്ക് സമീപത്ത് ലോറി നിര്‍ത്തിയ ശേഷം സമീപത്തെ കടയിലേക്ക് കയറിയ അജി ഇവിടെ നിന്നും സാധനങ്ങള്‍ വാങ്ങിയിരുന്നു. ഇതിന് ശേഷം ലോറി മുന്നോട് എടുത്തപ്പോഴാണ് അപകടമുണ്ടായത്.
ചങ്ങനാശ്ശേരിയിലെ മഹാദേവന്‍ കൊലക്കേസില്‍ ഉള്‍പ്പെട്ട പാറമടയുടെ എതിര്‍വശത്ത കാടുപിടിച്ച മാലിന്യങ്ങള്‍ നിറഞ്ഞുകിടക്കുന്ന മറ്റൊരു പാറമടയിലാണ് ലോറി മറിഞ്ഞത്. ടോറസ് ലോറി ഏതാണ്ട് പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. ഇത്തരത്തില്‍ വെള്ളത്തില്‍ മുങ്ങിയ ലോറി പുറത്തേക്ക് കാണാന്‍ പോലും ഇല്ല. പ്രദേശമാകെ ഇരുട്ടില്‍ മുങ്ങിയിരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ അഗ്‌നിരക്ഷാ സേനയ്ക്കും പൊലീസിനും രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമാണ്. നാട്ടുകാരും നാട്ടുകാര്‍ നല്‍കുന്ന വെളിച്ചവും അഗ്‌നിരക്ഷാ സേനയുടെ ലൈറ്റുമാണ് പ്രദേശത്ത് വെളിച്ചം പകരുന്നത്. മാലിന്യങ്ങള്‍ നിറഞ്ഞ പാറക്കുളം വൃത്തിയാക്കിയാല്‍ മാത്രമേ രക്ഷാപ്രവര്‍ത്തനവും സാധ്യമാകൂ.
ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP