വനിതാ ദിനാഘോഷങ്ങളും പ്രഖ്യാപനങ്ങളും അവസാനിക്കും മുമ്പേ വനിതകള്‍ക്കുനേരെ ലൈംഗിക അതിക്രമം; കൊച്ചി നഗരത്തില്‍ ഒരേ ദിവസം 3 പരാതികള്‍
വാര്‍ത്തകളറിയാന്‍ ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group
കൊച്ചി: കൊച്ചി നഗരത്തില്‍ പോലീസിന്റെ വനിതാ ദിന ആഘോഷങ്ങളും പ്രഖ്യാപനങ്ങളും അവസാനിക്കും മുമ്പേ വനിതകള്‍ക്കു നേരെ യുവാവിന്റെ ലൈംഗിക അതിക്രമം. എറണാകുളം സൗത്ത്, കടവന്ത്ര സ്റ്റേഷനുകളില്‍ മൂന്നു പരാതികളാണ് വ്യാഴാഴ്ച രാവിലെ മാത്രം റിപ്പോര്‍ട്ടു ചെയ്തത്. സൈക്കിള്‍ റൈഡറായ വനിതയ്ക്കും കാല്‍നട യാത്രക്കാരായ മൂന്നു സ്ത്രീകള്‍ക്കുമാണ് വ്യാഴാഴ്ച രാവിലെ പനമ്പള്ളി നഗര്‍, കടവന്ത്ര പ്രദേശങ്ങളില്‍ വച്ചു ദുരനുഭവമുണ്ടായത്. ഇരുമ്പനം സ്വദേശിനിയായ സൈക്കിള്‍ റൈഡര്‍ സിറ്റി പൊലീസ് കമ്മിഷണറെ നേരിട്ടു കണ്ട് പരാതി നല്‍കി. വൈറ്റില ഭാഗത്തുനിന്നു വരുമ്പോള്‍ കടവന്ത്ര ജങ്ഷന്‍ കഴിഞ്ഞു മെട്രോ സ്റ്റേഷന്‍ എത്തുന്നതിനു തൊട്ടുമുമ്പാണ് സ്‌കൂട്ടറിലെത്തിയ യുവാവ് പിന്നിലൂടെ റൈഡറുടെ സ്വകാര്യഭാഗത്തു കയറി പിടിച്ചത്. തൊട്ടുപിന്നാലെ ഇവരുടെ ട്രെയിനറായ പുരുഷ റൈഡര്‍ ഉണ്ടായിരുന്നെങ്കിലും യുവാവ് അതിവേഗത്തില്‍ പോയതിനാല്‍ വാഹനത്തിന്റെ നമ്പര്‍ തിരിച്ചറിയാനായില്ല. സംഭവത്തെക്കുറിച്ചു പരാതി പറയാന്‍ സ്‌റ്റേഷനില്‍ വിളിച്ചപ്പോള്‍ സമാനമായ രണ്ടു സംഭവങ്ങള്‍ കൂടി ഉണ്ടായെന്നു പോലീസും പറഞ്ഞു.
പനമ്പള്ളി നഗറിലൂടെ നടക്കുകയായിരുന്ന രണ്ടു വീട്ടമ്മമാര്‍ക്കാണ് സ്‌കൂട്ടര്‍ യാത്രക്കാരനില്‍ നിന്ന് ദുരനുഭവമുണ്ടായത്. ഈ സമയം സ്‌കൂട്ടര്‍ തെന്നി വീഴാന്‍ പോകുകയും അയാള്‍ അതിവേഗം സ്‌കൂട്ടര്‍ തിരികെ വിട്ടു പോകുകയും ചെയ്‌തെന്ന് വീട്ടമ്മ പോലീസിനോടു പറഞ്ഞു. കാല്‍നട യാത്രക്കാരിയായ മറ്റൊരു വീട്ടമ്മയും പോലീസില്‍ പരാതിപ്പെട്ടു. എല്ലാ സംഭവത്തിനു പിന്നിലും ഒരാള്‍ തന്നെയാണ് എന്നാണ് പോലീസ് നിഗമനം. മെട്രോ സ്‌റ്റേഷനിലെയൊ സമീപ പ്രദേശങ്ങളിലെയൊ സിസിടിവി ദൃശ്യങ്ങള്‍ കൂടി പരിശോധിച്ചാല്‍ അക്രമികളെ സംബന്ധിച്ച വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. രാവിലെ ആയതിനാല്‍ റോഡില്‍ അധികം വാഹനങ്ങള്‍ ഇല്ലാത്തത് പ്രതികളെ പിടികൂടാന്‍ സഹായകമാകുമെന്നാണ് പൊലീസ് കരുതുന്നത്.
വനിതകളുടെ രാത്രി സഞ്ചാരത്തിന്റെ കാര്യത്തിലും സുരക്ഷയിലും മറ്റു പലനഗരങ്ങളേക്കാള്‍ ഏറെ സുരക്ഷിതമെന്നു കരുതിയിരുന്നിടത്തു നിന്നാണ് കൊച്ചിയുടെ ഈ മാറ്റം. സുരക്ഷിത സാഹചര്യമുണ്ടായിരുന്നിടത്തു നിന്ന് ആക്രമിക്കപ്പെടും എന്നു ചിന്തിക്കേണ്ട സാഹചര്യത്തിലേക്ക് എത്തിയത് പ്രദേശവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്. പുലര്‍ച്ചെ മുതല്‍ തന്നെ നഗരത്തില്‍ പല സ്ഥലങ്ങളിലും സ്ത്രീകള്‍ ഒറ്റയ്ക്കും കൂട്ടമായും നടക്കാനിറങ്ങുന്നതു പതിവു കാഴ്ചയാണ്. രാത്രി പകല്‍ വ്യത്യാസമില്ലാതെ പട്രോളിങ് നടത്തി സ്വീകരിച്ചിരുന്ന മുന്‍കരുതലുകള്‍ ഒറ്റദിവസം, ഒരാളുടെ നടപടികൊണ്ട് ഇല്ലാതായതിന്റെ വിഷമം കടവന്ത്ര പോലീസും പങ്കുവയ്ക്കുന്നു. സ്ത്രീകള്‍ക്കു നേരെ അതിക്രമം നടത്തിയവരെ കണ്ടെത്താന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നു പോലീസ് ഉറപ്പു നല്‍കിയിട്ടുള്ളതായി സി3 റേസ് പരിശീലകന്‍ സോള്‍വിന്‍ തോമസ് പറഞ്ഞു.
ഇതിനിടെ കൊച്ചിയില്‍ സ്ത്രീകളുടെ രാത്രി നടത്തം പ്രോത്സാഹിപ്പിക്കുന്നതിനും മുഖ്യ ധാരയിലേയ്ക്കു കൊണ്ടു വരുന്നതിനുമായി വനിതാ ദിനത്തോട് അനുബന്ധിച്ചു സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ടാബ്ലോകളും കലാപരിപാടികളും സ്വയം പ്രതിരോധ ക്ലാസുകളും സംഘടിപ്പിച്ചിരുന്നു. ഇന്നു വൈകിട്ട് എറണാകുളം ക്വീന്‍സ് വാക്വേയില്‍ സംഘടിപ്പിച്ചിട്ടുള്ള കയാക്കിങ് നൈറ്റ് സിനിമാ താരം റിമ കല്ലിങ്കല്‍ ഉദ്ഘാടനം ചെയ്യും.
ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP