KeralaNEWS

വളഞ്ഞങ്ങാനം വെള്ളച്ചാട്ടം വര്‍ഷം മുഴുവന്‍ നിലനിര്‍ത്താന്‍ പദ്ധതിയൊരുങ്ങുന്നു

പീരുമേട്:പീരുമേടിന്റെ കവാടമായ വളഞ്ഞങ്ങാനം വെള്ളച്ചാട്ടം വര്‍ഷം മുഴുവന്‍ നിലനിര്‍ത്താന്‍ പദ്ധതിയൊരുങ്ങുന്നു.പാലത്തിന് താഴ്‌വശത്ത് വര്‍ഷക്കാലത്ത് ലഭിക്കുന്ന വെള്ളം സംഭരിച്ച് വേനല്‍ക്കാലത്ത് മലമുകളില്‍ എത്തിച്ചശേഷം ഒഴുക്കിവിട്ട് വെള്ളച്ചാട്ടം പുനരുജ്ജീവിപ്പിക്കാനുമുള്ള പദ്ധതികള്‍ക്കാണ് രൂപരേഖ തയാറാക്കിയിരിക്കുന്നത്.
പീരുമേട് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പദ്ധതിക്ക് രൂപം നല്‍കുന്നത്.സഞ്ചാരികളെ ആകര്‍ഷിക്കാനും വ്യാപാരികള്‍ക്ക് സ്ഥിരം വരുമാനം ലഭിക്കാനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.
മഴക്കാലത്ത് വെള്ളച്ചാട്ടം കാണാന്‍ ധാരാളം സഞ്ചാരികള്‍ എത്തുന്നത് പതിവാണ്.എന്നാല്‍ അടിസ്ഥാന സൗകര്യത്തിന്റെ അഭാവം യാത്രക്കാരെയും വിനോദസഞ്ചാരികളെയും ദുരിതത്തിലാക്കുന്നു.ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് പദ്ധതിയുമായി പ‌ഞ്ചായത്ത് മുന്നോട്ടുവന്നത്.
കോട്ടയം– കുമളി റോഡിലെ ഈ വെള്ളച്ചാട്ടം എന്നും സഞ്ചാരികളുടെയും ശബരിമല തീർഥാടകരുടെയും പ്രിയപ്പെട്ട ഇടമാണ്.വെളളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കുന്നതിനും യാത്രാ മധ്യേ വിശ്രമിക്കുന്നതിനും വേണ്ടി ആളുകൾ തിരഞ്ഞെടുക്കുന്നത് ഇവിടെയാണ്.
മുണ്ടക്കയത്തിനും കുട്ടിക്കാനത്തിനും ഇടയിൽ മുറിഞ്ഞ പുഴയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് വളഞ്ഞങ്ങാനം വെള്ളച്ചാട്ടം.ഹെയര്‍പിന്‍ വളവില്‍ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം തൊട്ടടുത്തെത്തിയാല്‍ മാത്രമേ കാണുവാന്‍ സാധിക്കൂ.വളഞ്ഞകാനം വെള്ളച്ചാട്ടം,മുറിഞ്ഞപുഴ വെള്ളച്ചാട്ടം, കേലരി വെള്ളച്ചാട്ടം എന്നൊക്കെ ഇത് അറിയപ്പെടുന്നു.

Back to top button
error: