KeralaNEWS

പാര്‍ട്ടി പുനഃസംഘടന ഉടന്‍ പൂര്‍ത്തിയാക്കും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, വിവാദങ്ങൾക്ക് പ്രസക്തയില്ല

കെ.പി.സി.സി. അധ്യക്ഷനുമായി സംസാരിച്ച് പാര്‍ട്ടി പുനഃസംഘടന ഉടന്‍ പൂര്‍ത്തിയാക്കും. പുനഃസംഘടന സംബന്ധിച്ച് ഒരു വിവാദത്തിനും പ്രസക്തയില്ല. എം.പിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിച്ച പരാതികള്‍ പരിശോധിക്കും. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ആരെങ്കിലും തമ്മില്‍ പരിഭവം ഉണ്ടെങ്കില്‍ അത് പരിഹരിക്കണമെന്നതാണ് സംസ്ഥാന നേതൃത്വത്തിന്റെയും ആഗ്രഹം. എല്ലാവരും ഒരുമിച്ച് നിന്നാല്‍ മാത്രമേ കേരളത്തില്‍ കോണ്‍ഗ്രസും യു.ഡി.എഫും തിരിച്ചുവരുകയുള്ളൂ.

പ്രതിപക്ഷ നേതാവെന്ന നിലയില്‍ എല്ലാവരുമായും ആശയവിനിമയം നടത്താറുണ്ട്. നാലരമ മണിക്കൂര്‍ കെ.പി.സി.സി അധ്യക്ഷനുമായി സംസാരിച്ചതിന്റെ പിറ്റേ ദിവസമാണ് ഞങ്ങള്‍ തമ്മില്‍ സംസാരിക്കാറില്ലെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. തിരുവനന്തപുരത്തുണ്ടെങ്കില്‍ എല്ലാ ദിവസവും കെ.പി.സി.സി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്താറുണ്ട്. എല്ലാ ദിവസവും പാര്‍ട്ടി ഓഫീസിലേക്ക് പോയാണ് കൂടിക്കാഴ്ച. അങ്ങനെ ഞങ്ങള്‍ തമ്മില്‍ അത്രയും ബന്ധമുള്ളപ്പോഴാണ് ഭിന്നതയാണെന്നും കണ്ടാല്‍ സംസാരിക്കാറില്ലെന്നുമുള്ള തരത്തില്‍ വാര്‍ത്തകള്‍ വന്നത്. ഏതു കേന്ദ്രത്തില്‍ നിന്നാണ് വാര്‍ത്ത വരുന്നതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നന്നായി അറിയാം. വാര്‍ത്ത വിളിച്ചു പറയുമ്പോള്‍ അങ്ങനെ തന്നെ എഴുതി എടുക്കരുത്. ഒരു ഭാഗത്തിരുന്ന് ചിലര്‍ മനപൂര്‍വമായി കുത്തിത്തിരുപ്പുണ്ടാക്കുകയാണ്. വാര്‍ത്തയുടെ സത്യസ്ഥിതി കൂടി മാധ്യമങ്ങള്‍ പരിശോധിക്കണം. തെറ്റായ വാര്‍ത്തകള്‍ മധ്യമങ്ങളുടെ വിശ്വാസ്യതയെ ബാധിക്കും. ഞങ്ങള്‍ക്ക് ഒരു ചുക്കും സംഭവിക്കില്ല.

Signature-ad

ചില ആളുകള്‍ ബോധപൂര്‍വ്വം കുത്തിരിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. എല്ലാ ദിവസവും തെറ്റായ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്ന ഒരു സംഘം തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു. അത് പരിധി വിട്ടുപോയാല്‍ എവിടെ നിര്‍ത്തണമെന്നും ഞങ്ങള്‍ക്കറിയാം. അത് ഒരിക്കലും വച്ചുപൊറുപ്പിക്കില്ല. പ്രതിപക്ഷ നേതാവ് ഒരു ഗ്രൂപ്പിലും ഉണ്ടാകില്ല. ഒരു ഗ്രൂപ്പിന്റെയെങ്കിലും ഭാഗമാകേണ്ടി വന്നാല്‍ പാര്‍ട്ടിയിലെ ഒരു സ്ഥാനങ്ങളിലും ഉണ്ടാകില്ല.

അഖിലേന്ത്യേ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സംഘടനാ ചുമതലയുള്ള സെക്രട്ടറിയാണ് കെ.സി വേണുഗോപാല്‍. അനാവശ്യമായ കാര്യങ്ങളില്‍ അദ്ദേഹം ഇടപെട്ടെന്ന് പ്രതിപക്ഷ നേതാവിനോ കെ.പി.സി.സി അധ്യക്ഷനോ പരാതിയില്ല. സെക്രട്ടേറിയറ്റ് അംഗങ്ങളുടെ പേര് പോക്കറ്റില്‍ നിന്നും എടുത്ത് വായിക്കുന്നത് പോലെ കോണ്‍ഗ്രസില്‍ നടക്കില്ല. എത്രയും വേഗം പുനസംഘടന പൂര്‍ത്തിയാക്കണമെന്നതാണ് കേന്ദ്ര നേതൃത്വത്തിന്റെയും ആഗ്രഹമെന്നും സതീശൻ പറഞ്ഞു.

Back to top button
error: