”ഞങ്ങള്‍ പഠിക്കാന്‍ വന്നവരാണ്, ഭീകരരല്ല; ഇനി എത്രനാള്‍ ഇങ്ങനെ കഴിയണം? എംബസി ഹെല്‍പ്ലൈനുകളില്‍നിന്ന് മറുപടിയില്ല” സഹായത്തിനായി കേണപേക്ഷിച്ച് വിദ്യാര്‍ഥികള്‍
ന്യൂഡല്‍ഹി: ‘രക്ഷാദൗത്യം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരും ഇന്ത്യന്‍ എംബസിയും ഒരു സന്ദേശം പോലുമയച്ചില്ല, ഞങ്ങള്‍ പഠിക്കാന്‍ വന്നവരാണ്, ഭീകരരല്ല. ഇനിയെങ്കിലും രക്ഷിക്കണം. മിസൈലുകള്‍ ചുറ്റും വീഴുന്നു. ഒരാഴ്ചയിലേറെയായി ഞങ്ങള്‍ ബങ്കറുകളില്‍ ശ്വാസമടക്കി കഴിയുന്നു.’ കിഴക്കന്‍ യുക്രെയ്‌നിലെ സുമി സര്‍വകലാശാലയില്‍ രണ്ട് ഹോസ്റ്റലുകളിലെ ഭൂഗര്‍ഭ ബങ്കറുകളില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ കരഞ്ഞപേക്ഷിക്കുന്നു.
റഷ്യന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള സുമിയില്‍ ഏതാനും ദിവസങ്ങളായി ഇരുസേനകളും തമ്മില്‍ പോരാട്ടം രൂക്ഷമാണ്. വ്യാഴാഴ്ച രാത്രി ഹോസ്റ്റലിനു 2 കിലോമീറ്റര്‍ അകലെയുള്ള വൈദ്യുതി പ്ലാന്റ് റഷ്യന്‍ മിസൈലാക്രമണത്തില്‍ തകര്‍ന്നു. പിന്നാലെ ബങ്കറിലെ വൈദ്യുതി നിലച്ചു. ‘ഞങ്ങളുടെ കൈവശമുള്ള വെള്ളവും ഭക്ഷണവും തീര്‍ന്നു. പുറത്ത് വീഴുന്ന മഞ്ഞ് ബക്കറ്റില്‍ ശേഖരിച്ച് അതില്‍ നിന്നുള്ള വെള്ളമാണ് കുടിക്കുന്നത്. ഒരു ബിസ്‌കറ്റ് 3 പേര്‍ വീതം പങ്കുവച്ച് വിശപ്പടക്കുകയാണ്. പലരും രോഗാവസ്ഥയിലായി.’വിദ്യാര്‍ഥികള്‍ പറയുന്നു. ഇവരില്‍ ഭൂരിഭാഗവും മലയാളികളാണ്.
‘ഇവിടെ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള റഷ്യന്‍ അതിര്‍ത്തിയില്‍ രക്ഷാദൗത്യത്തിനായി 16 ബസുകള്‍ കാത്തുകിടക്കുകയാണെന്ന് കെയര്‍ടേക്കര്‍ അറിയിച്ചു. പക്ഷേ, അവിടേക്കു പോകാന്‍ യുക്രെയ്ന്‍ സര്‍ക്കാരും ഇന്ത്യന്‍ എംബസിയും അനുമതി നല്‍കുന്നില്ല. എംബസി ഹെല്‍പ്ലൈനുകളില്‍ മറുപടിയും ലഭിക്കുന്നില്ല. രക്ഷാദൗത്യം സംബന്ധിച്ച് ഒരു സന്ദേശം പോലും ലഭിച്ചിട്ടില്ല. മൊബൈല്‍ ഫോണുകളിലെ ചാര്‍ജ് തീര്‍ന്നാല്‍ പുറംലോകവുമായുള്ള ബന്ധവും ഇല്ലാതാകും. ഇനി എത്രനാള്‍ ഇങ്ങനെ കഴിയണം?’ വിദ്യാര്‍ഥികള്‍ ചോദിക്കുന്നു.