HealthIndia

ജീവന്‍രക്ഷിക്കാന്‍ മരുന്നുകള്‍ വേണം, എന്നാല്‍ ഏപ്രില്‍ ഒന്ന് മുതല്‍ വില കേട്ടാലോ ജീവന്‍പോകും !

ന്യൂഡല്‍ഹി: രാജ്യത്ത് ജീവന്‍രക്ഷാ മരുന്നുകളുടെ വില കുത്തനെ ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വില വര്‍ധിപ്പിക്കാനുള്ള അനുമതി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് റെഗുലേറ്ററി ഉടന്‍ നല്‍കുമെന്നാണ് വിവരം. ഷെഡ്യൂള്‍ഡ് മരുന്നുകളുടെ (വില നിയന്ത്രണമുള്ള) 10 ശതമാനമാണ് ഉയര്‍ത്തുക. പ്രൈസിംഗ് റെഗുലേറ്ററി നിലവില്‍ വന്ന ശേഷം ആദ്യമായാണ് ഇത്രയും വലിയ വിലവര്‍ധനവ് ഉണ്ടാകുന്നത്.

പുതുക്കിയ വില ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും. രാജ്യത്തെ എണ്ണൂറോളം മരുന്നുകളെ വില വര്‍ധനവ് ബാധിക്കും ഹോള്‍സെയില്‍ വില വര്‍ധനവ് ചൂണ്ടിക്കാട്ടിയാണ് മരുന്നുകളുടെ വില ഉയര്‍ത്തുന്നത്. ആന്റിബയോട്ടിക്കുകള്‍, പ്രമേഹ രോഗികള്‍ക്കുള്ള മരുന്നുകള്‍ തുടങ്ങി പാരസിറ്റമോളിന് വരെ വിലകൂടും. ആഭ്യന്തര വിപണിയിലെ ആകെ വില്‍പ്പനയുടെ 17-18 ശതമാനമാണ് ഷെഡ്യൂള്‍ഡ് മരുന്നുകള്‍.

ഏകദേശം 1.6 ട്രില്യണ്‍ രൂപയുടെ മരുന്ന് വിപണിയാണ് ഇന്ത്യയിലേത്. 2013 മുതല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് റെഗുലേറ്ററി ആണ് രാജ്യത്തെ ഷെഡ്യൂള്‍ഡ് മരുന്നുകളുടെ വില നിശ്ചയിക്കുന്നത്. എല്ലാ വര്‍ഷവും മാര്‍ച്ചില്‍ ഹോള്‍സെയില്‍ പ്രൈസ് ഇന്‍ഡക്‌സ് നോക്കിയാണ് സര്‍ക്കാര്‍ വില വര്‍ധന നടപ്പിലാക്കുന്നത്. ഓഫീസ് ഓഫ് ഇക്കണോമിക് അഡൈ്വസറിന്റെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഹോള്‍സെയില്‍ പണപ്പെരുപ്പം 12.96 ശതമാനം ആണ്. 2021 ജനുവരിയില്‍ പണപ്പെരുപ്പം വെറും 2.51 ശതമാനം ആയിരുന്നു.

 

Back to top button
error: