മലയാള സിനിമയിൽ നിന്നും ഈയിടെ പൊഴിഞ്ഞു പോയ രണ്ട് പേരാണ് നെടുമുടി വേണുവും കെ പി എ സി ലളിതയും. ഇരുവരേയും ഓർത്ത് നടൻ മമ്മൂട്ടി. ഭീഷ്മ പർവ്വത്തിന്റെ ട്രെയ്ലറിൽ നെടുമുടി വേണുവും കെപിഎസി ലളിതയും പെട്ടെന്ന് കണ്ടപ്പോൾ മമ്മൂട്ടി വികാരധീനനായി. ഒരുപാട് സിനിമകളിൽ ഒരുപാട് കഥാപാത്രണങ്ങളെ അവതരിപ്പിക്കേണ്ടവരായിരുന്നു എന്നും ‘ഭീഷ്മപർവ്വം’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മമ്മൂട്ടി പറഞ്ഞു. ‘ആരവം’ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ഇരുവരും ഒരേ ഫ്രേമിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ ഭീഷ്മപർവ്വത്തിലൂടെ അത് ഒടുവിലത്തേതുമായി.
“വളരെ അവിസ്മരണീയങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചവരാണ് അവർ രണ്ടുപേരും. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ ഒരു സിനിമയിലെ അവർ ഉള്ളൂ എന്ന സങ്കടമാണ്. ഒരുപാട് സിനിമകളിൽ ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടവരായിരുന്നു. ട്രെയ്ലറിൽ പോലും അവരെ കണ്ടപ്പോൾ പെട്ടെന്ന് ഇമോഷണലായി പോയി” മമ്മൂട്ടി പറഞ്ഞു.
കാർത്ത്യായനിയമ്മ എന്ന കഥാപാത്രമായി കെപിഎസി ലളിതയും ഇരവിപ്പിള്ള എന്ന വേഷത്തിൽ നെടുമുടി വേണുവും ചിത്രത്തിൽ എത്തുന്നു. ഭീഷ്മപര്‍വ്വത്തിന്റെ ട്രെയ്‌ലറിന്റെ ഹൈലൈറ്റുകളില്‍ ഒന്നായിരുന്നു കെപിഎസി ലളിതയുടെയും നെടുമുടിവേണുവിന്റെ മുഖങ്ങള്‍.
മാർച്ച് മൂന്നിനാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. ‘ബിഗ്ബി’ക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ‘ഭീഷ്മപര്‍വ്വത്തിന്റെ’ തിരക്കഥ അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്. മമ്മൂട്ടിക്ക് പുറമെ സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്‍ഡ, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി എന്നിങ്ങനെ വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.