Kerala

സഹകരണ അംഗ സമാശ്വാസ ഫണ്ട് പദ്ധതി: മൂന്നാം ഗഡുവായി ജില്ലക്ക് ലഭിക്കുന്നത് 2.78 കോടി രൂപ; വിതരണോദ്ഘാടനം നാളെ

കോട്ടയം: സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സമാശ്വാസ ഫണ്ട് പദ്ധതിയില്‍ മൂന്നാം ഗഡുവായി കോട്ടയം ജില്ലയ്ക്ക് അനുവദിച്ചത് 2.78 കോടി രൂപ. 1366 അംഗങ്ങള്‍ക്കായി അനുവദിച്ച തുകയുടെ വിതരണോദ്ഘാടനം നാളെ വൈകുന്നരം മൂന്നിന് സഹകരണ രജിസ്ട്രേഷന്‍ വകുപ്പുമന്ത്രി വി.എന്‍. വാസവന്‍ നിര്‍വ്വഹിക്കും..

അതിരമ്പുഴ റീജിയണല്‍ സര്‍വ്വീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ തോമസ് ചാഴിക്കാടന്‍ എം.പി. അധ്യക്ഷത വഹിക്കും. അതിരമ്പുഴ റീജിയണല്‍ സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് കെ.പി. ദേവസ്യാ മുഖ്യപ്രഭാഷണം നടത്തും. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, കോട്ടയം അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയര്‍മാന്‍ റ്റി.ആര്‍. രഘുനാഥ്, കേരള പ്രൈമറി ക്രഡിറ്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ. ജയകൃഷ്ണന്‍, വിവിധ സഹകരണ യൂണിയന്‍ സര്‍ക്കിളുകളിലെ ചെയര്‍മാന്‍മാര്‍, സഹകരണ എംപ്ലോയീസ് യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സംസ്ഥാന സഹകരണ യൂണിയന്‍ ഡയറക്ടര്‍ കെ.എം. രാധാകൃഷ്ണന്‍ സ്വാഗതവും സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എന്‍. അജിത്കുമാര്‍ നന്ദിയും പറയും.

പ്രാഥമിക സഹകരണ സംഘങ്ങളിലെ ഗുരുതര രോഗങ്ങള്‍ ബാധിച്ച അംഗങ്ങള്‍ക്ക് ആശ്വാസമായി 50,000 രൂപ വരെ സഹായമായി സഹകരണ വകുപ്പ് അനുവദിക്കുന്നതാണ് പദ്ധതി. പ്രാഥമിക സഹകരണ സംഘങ്ങളുടെ ലാഭത്തില്‍ നിന്നും മാറ്റിവെച്ച വിഹിതം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

Back to top button
error: