KeralaNEWS

ഇന്ന് ലോക മാതൃഭാഷാ ദിനം  

ൺപതുകളുടെ ആരംഭത്തിലാണ്  അക്ഷരങ്ങൾ അസ്ഥിക്കു പിടിക്കുന്നത്.അഞ്ചിലോ ആറിലോ പഠിക്കുന്ന കാലമാണ്.ജനപ്രിയ വാരികകളുടെ ചാകരക്കാലം കൂടിയാരുന്നല്ലോ അത്.അന്നത്തെ മിക്ക ജനപ്രിയ വാരികകളും വീട്ടിൽ വരുത്തുന്നുണ്ടായിരുന്നു.ആ പ്രായത്തിലും അന്നൊക്കെ വായിച്ചു തള്ളിയ നോവലുകൾക്ക് കൈയ്യും കണക്കുമില്ല.
 മലയാള നോവൽ സാഹിത്യത്തിൽ ജനപ്രിയമെന്താണ് ഉദാത്തമെന്താണ്  എന്നൊന്നും തിരിച്ചറിയാൻ വയ്യാത്ത  ഒരു കാലമായിരുന്നു അത്.അതിനുള്ള പ്രായമേയുള്ളു എന്നോർക്കണം.വാരികകൾ വരാൻ താമസിച്ചാൽ ഏജന്റുമായി വഴക്കു കൂടും.അങ്ങനെ കിട്ടുന്ന വാരികകൾ ആരും കാണാതെ സ്കൂളിൽ കൊണ്ടുപോയി പാഠപ്പുസ്തകങ്ങൾക്കിടയിൽ ഒളിപ്പിച്ചു വച്ചു വായിക്കുമായിരുന്നു.പരീക്ഷയുടെ ഇടവേളകളിൽപ്പോലും വായിച്ചിരുന്നത് പാഠപ്പുസ്തകങ്ങളല്ല,കോട്ടയം വാരികകളായിരുന്നു.അവയിലെ എഴുത്തുകാർ ചെലുത്തിയ സ്വാധീനം  അത്രയ്ക്ക് വലുതായിരുന്നു.
 ഒരു കാലഘട്ടത്തിന്റെ കഥകൾ കോറിയിട്ട ആ വാരികകൾ പലതും ഇന്നില്ല.ഉള്ളത് മംഗളവും മനോരമയും മാത്രം.കേരളം ഒരു സമ്പൂർണ സാക്ഷരത സംസ്ഥാനമായതിനു പിന്നിൽ കോട്ടയത്തെ ജനപ്രിയ വാരികകളുടെ പങ്ക് എത്രത്തോളമുണ്ടെന്ന് എല്ലാവർക്കും  അറിയാവുന്ന കാര്യമാണ്.ഇതര ഭാഷക്കാരിൽ നിന്നും വ്യത്യസ്തമായി മലയാളികളെ മികച്ചൊരു വായനാക്കൂട്ടമാക്കി മാറ്റിയതിനു പിന്നിലും ഈ ജനപ്രിയ പ്രസിദ്ധീകരണങ്ങൾ തന്നെയാണുള്ളത്.
 അതുപോലെ തന്നെയായിരുന്നു ആ എഴുത്തുകാരുടെ കാര്യവും.എന്നെപ്പോലെ ലക്ഷക്കണക്കിന് ആളുകളെ വായനയോട് ചേർത്തു നിർത്തിയ ആ മഹാബാഹുക്കളിൽ പലരും ഇന്ന് ജീവിച്ചിരിപ്പില്ല.ഉള്ളവരാകട്ടെ ജീവിച്ചിരിക്കെ തന്നെ വിസ്മൃതരുമായി.കോട്ടയം പുഷ്പനാഥും, മാത്യു മറ്റവും സുധാകർ മംഗളോദയവും തോമസ് ടി അമ്പാട്ടുമൊക്കെ മരിച്ചുപോയവരുടെ കൂട്ടത്തിലുള്ളവരാണെങ്കിൽ
ബാറ്റൺ ബോസും സതീഷ് കച്ചേരിക്കടവും കമലാഗോവിന്ദുമൊക്കെ മറന്നുപോയവരുടെ കൂട്ടത്തിലുള്ളവരാണ്.അങ്ങനെ എത്രയെത്ര ആളുകൾ !!
‘ഖസാക്കിന്റെ ഇതിഹാസങ്ങ’ളൊക്കെ വഴങ്ങി തരാൻ മടിച്ചു നിന്ന വായനയുടെ ബാല്യത്തിൽ ലളിതവായനയുടെ എൽ പി സ്കൂളുകളായിരുന്നു,മംഗളം വാരികയും മുട്ടത്തു വർക്കിയെ പോലുള്ളവരുടെ പുസ്തകങ്ങളും.പക്ഷേ വായനയുടെ പടവുകൾ ചവിട്ടി മുകളിലെത്തിയ പലരും പീന്നീട് അതൊക്കെ പൈങ്കിളികളാക്കി പാടെ തള്ളിക്കളയുകയായിരുന്നു.ആയതുകൊണ്ടുതന്നെ ‘കമലാ ഗോവിന്ദിന്റെ ‘ ഈ വരികൾക്ക് ഇവിടെ വലിയ പ്രസക്തിയുണ്ട്.
      “മുഖ്യധാരക്കാർ തളച്ചിട്ട സാഹിത്യത്തിന്റെ ഇടങ്ങളെ ജനപ്രീയ എഴുത്തുകാർ വിശാലമാക്കിയെന്നാണ് എനിക്കു തോന്നുന്നത്.
അതൊരു വേലി പൊളിക്കലായിരുന്നു.
     മുഖ്യധാരാ മാധ്യമങ്ങൾ ജനപ്രിയ സാഹിത്യം പൈങ്കിളി സാഹിത്യമാണെന്ന് പ്രചരിപ്പിച്ച് മലയാള സാഹിത്യവുമായി ബന്ധമില്ലാത്ത എന്തോ ഒന്നാണെന്ന് വരുത്തി തീർത്തു.അതിന് ചുക്കാൻ പിടിച്ചവർ മുട്ടത്തു വർക്കി പുരസ്ക്കാരം വാങ്ങാൻ തിരക്കു കുട്ടുന്നത് കാണുമ്പോൾ
ചിരി വരുന്നു.”
സത്യമായിരുന്നു.സാധാരണക്കാരന്റെ വായനയേയും അവന്റെ അക്ഷരസ്നേഹത്തെയും വെറും പൈങ്കിളിയായി കണ്ടവർ തങ്ങൾ വരേണ്യ വർഗ്ഗം എന്ന് സ്വയം വിശ്വസിച്ചിരുന്ന ആ പഴയകാല  ആളുകളെപ്പോലെയായിരുന്നു. ഇന്നും വലിയ വിത്യാസമൊന്നുമില്ല ഇതിന്.അവർ വായിക്കുകയും എഴുതുകയുമൊക്കെ ചെയ്തുകൊണ്ടിരുന്ന ആ പ്രസിദ്ധീകരണങ്ങൾ ലക്ഷം കോപ്പികൾ പോലും തികയ്ക്കാൻ ബുദ്ധിമുട്ടുമ്പോഴായിരുന്നു മംഗളം വാരിക പതിനേഴ് ലക്ഷം കോപ്പികളുമായി രാജ്യത്തു തന്നെ അക്ഷരവിസ്ഫോടനം നടത്തിയത്.
മനോജ് വെങ്ങോലയുടെ ഒരു കഥയുണ്ട്.2017 ജൂൺ 25 ലക്കം ദേശാഭിമാനി വാരികയിൽ പ്രസിദ്ധീകരിച്ചതാണ്.പേര്:അക്ഷരനഗരം.പേരുപോലെതന്നെ കോട്ടയവും അവിടുത്തെ ജനപ്രിയ വാരികകളുമൊക്കെ കടന്നുവരുന്നുണ്ട് കഥയിൽ. പ്രത്യേകിച്ച് മംഗളം വാരിക..
“കോട്ടയത്ത് അക്കാലത്ത് പൈങ്കിളി വാരികകളുടെ ചാകരയായിരുന്നു.എന്റെ പെട്ടിക്കടയിൽ എല്ലാ വാരികകളുടെയും വിൽപ്പന ഉണ്ടായിരുന്നു.വാരികകൾ മാത്രം വിറ്റാൽ മതി.ജീവിക്കാം.”മംഗളം വാരികയുടെ എതിർവശത്ത് പെട്ടിക്കട നടത്തുന്ന കനകാംബരന്റേതാണ് ഈ വാക്കുകൾ.പറയുന്നത് ആരോടാണെന്ന് അറിയാമോ, ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞ് ഒരു പണിയും കിട്ടാത്തതിനാൽ ഗതികേടുകൊണ്ട് മംഗളം വാരികയിൽ പേന ഉന്താൻ വന്ന ആ സാറിനോട്.
 സാറിന്റെ മറുപടി:”ഓ.. ഇതിലൊക്കെ എഴുതീട്ട് എന്നാ കിട്ടാനാ.ഗൗരവമായിട്ട് ആരേലും വായിക്കുമോ”.
കനകാംബരൻ ചിരിച്ചു.
“പതിനേഴ് ലക്ഷം കോപ്പി അടിച്ചോണ്ടിരുന്ന വാരികയാണ്.അതത്ര നിസ്സാരമല്ല.അത്രേമില്ലെങ്കിലും ഇപ്പോഴുമുണ്ടല്ലോ വായനക്കാർ.”
“കൂടുതൽ ആളുകൾ വായിക്കുന്നതാണോ കനകാംബരാ നല്ല സാഹിത്യം?”
“അപ്പൊപ്പിന്നെ ആരും വായിക്കാത്തതാണോ നല്ല സാഹിത്യം!”
കനകാംബരനിലൂടെ കഥ വികസിക്കുകയാണ്.”അന്നിതുപോലെ ജയന്തിയെയും കൊച്ചിനെയും ആശുപത്രിയിലാക്കി,ഇനിയെന്തു ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് കൈയ്യിലേക്ക് ഒരു കുത്തു നോട്ടെടുത്തു തന്നിട്ട് എന്താവശ്യമുണ്ടെങ്കിലും ചോദിക്കാൻ മടിക്കേണ്ടെടാ എന്ന് പറഞ്ഞത്.”
“ആര്?”
“സാർ അറിയും.പൈങ്കിളി വാരികയിലൊക്കെ നോവലെഴുതുന്ന ആളാ.പേര്: മാത്യു മറ്റം.”
 കനകാംബരൻ തുടരുന്നു:
“ഞാൻ ആദ്യം വായിക്കുന്നത് ആ സാറിന്റെ ആലിപ്പഴം എന്ന നോവലാണ്.കറന്റടുപ്പിക്കുന്നതുപോലാ പുള്ളിക്കാരന്റെ എഴുത്ത്.ഇടയ്ക്കിടെ കടയിൽ വരും-സിഗരറ്റ് വലിക്കാൻ.അപ്പോൾ ഞാൻ പറയും:സാറെ,മിനിക്കുട്ടിയുടെ കാര്യം കഷ്ടമാണ് കേട്ടോ.ആ കൊച്ചിനെ ഇനിയും സങ്കടപ്പെടുത്തരുത്.അപ്പോൾ പുള്ളിക്കാരൻ ചിരിക്കും.നീയിതൊക്കെ വായിക്കാണ്ട് എംടീനേം വിജയനേം മുകുന്ദനേയുമൊക്കെ വായിക്ക് കനകാംബരാ.ജീവിതത്തിനൊരു തെളിച്ചമുണ്ടാകട്ടെ.”
തുടർന്നു വായിക്കാം:”ഞാറ്റുപുരയിലെ ജനാലപ്പടിയിൽ ഭഗവത്ഗീതയ്ക്കൊപ്പം മുട്ടത്തുവർക്കിയെ വച്ചപ്പോഴുണ്ടായ പുകിലൊക്കെ എന്നാ തമാശയായിരുന്നു.അന്ന് ബഹളം വച്ചവരൊക്കെ ഇപ്പൊ എവിടെയാണാവോ.ജീവിതം മൊത്തത്തിൽ പൈങ്കിളിയാണെന്ന് മനസ്സിലായിക്കാണും,അല്ല്യോ?”
അവരു തന്നെയല്ലേ മുട്ടത്തുവർക്കി പുരസ്കാരം ഇന്ന് ഇരുകൈ നീട്ടി വാങ്ങുന്നതെന്ന് കനകാംബരൻ പറയുന്നതായി ആ കഥയിലില്ല.ഏതായാലും വെങ്ങോല ആ കഥയിലുടനീളം തൊടുത്തുവിടുന്ന ശരങ്ങൾ എവിടൊക്കെയോ ചെന്ന് തറയ്ക്കുന്നുണ്ടെന്ന കാര്യത്തിൽ സംശയം വേണ്ട.അതെന്തുതന്നെയായാലും മലയാളിയെ വായിക്കാനും എഴുതാനും പഠിപ്പിച്ച അന്നത്തെ അംഗൻവാടികൾ തന്നെയായിരുന്നു ഈ പ്രസിദ്ധീകരണങ്ങളും ആ എഴുത്തുകാരും.അവരോടുള്ള ഓർമ്മ പുതുക്കലാകട്ടെ ഈ മാതൃഭാഷാ ദിനം.
വാൽക്കഷണം: മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റായിരുന്ന മുട്ടത്തു വർക്കി എഴുതിയ നോവലാണ് പാടാത്ത പൈങ്കിളി.ഒരു പ്രണയകഥയാണിത്.ഈ നോവൽ ശീർഷകത്തെ പിന്തുടർന്നാണ് പ്രണയപ്രതിപാദകമായ നോവലുകൾക്ക് പൈങ്കിളി നോവലുകൾ എന്ന പേര് വീണത്.

എഴുത്ത്: ഏബ്രഹാം വറുഗീസ്

Back to top button
error: