ക്യാൻസർ ഭീതി കാരണം മിക്കവരും നോൺസ്റ്റിക് പാത്രങ്ങൾ ഉപേക്ഷിച്ച് പഴയ മൺചട്ടിയിലേക്ക് തന്നെ മടങ്ങിയെത്താൻ തുടങ്ങിയിട്ടുണ്ട്. അതുതന്നെയാണുത്തമവും. മൺചട്ടികൾ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
നല്ലതുപോലെ വേവിച്ച ചട്ടി വാങ്ങുക. കൈവിരലുകൾ കൊണ്ട് കൊട്ടിനോക്കി ഇതറിയാം.നല്ല ചട്ടിയാണെങ്കിൽ “ക്ണിം” എന്നതുപോലെ ശബ്ദം കേൾക്കും. പൊട്ടൽ ഉണ്ടെങ്കിൽ ശബ്ദത്തിന് വ്യത്യാസം വരും.ഉൾഭാഗവും അടിഭാഗവും പരമാവധി മിനുസമുള്ളത് നോക്കി എടുക്കുക. അടിഭാഗം എല്ലായിടവും ഒരേ കനം ആണെന്ന് ഉറപ്പ് വരുത്തുക.
നല്ല ചട്ടിയുടെ നിറം കുങ്കുമം അല്ലെങ്കിൽ കാവി നിറം ആയിരിക്കും. പോളീഷ് ചെയ്തതോ കരി നിറം പിടിപ്പിച്ചിട്ടുള്ളതോ ആയ ചട്ടികൾ ഒഴിവാക്കുക.ചട്ടിയുടെ വലിപ്പം ആവശ്യത്തിനുള്ളത് തിരഞ്ഞെടുക്കുക. (വലിയ ചട്ടികൾ ചൂടായി വരാൻ കൂടുതൽ സമയം എടുക്കും)
വാങ്ങിക്കഴിഞ്ഞാൽ തട്ടാതെ മുട്ടാതെ വൈക്കോൽ കച്ചിയിലോ പേപ്പറിലോ പൊതിഞ്ഞ് വീട്ടിലെത്തിക്കുക.
ഇനി ചട്ടി എങ്ങനെ പരുവപ്പെടുത്തി എടുക്കാം എന്നു നോക്കാം. നല്ലതുപോലെ കഴുകി ഉണക്കുക. ശേഷം അൽപ്പം വെളിച്ചെണ്ണയോ നല്ലെണ്ണയൊ അകത്തും പുറത്തും പുരട്ടുക.തുടർന്ന് ചെറുതീയിൽ വേവിക്കുക.തണുപ്പിച്ച ശേഷം വെള്ളം ഒഴിച്ച് തിളപ്പിക്കുക.വേണമെങ്കിൽ അൽപം നാരങ്ങാനീരും മഞ്ഞൾപ്പൊടിയും ചേർക്കാം. തിളച്ചതിനു ശേഷം കഴുകി ഉണക്കി വീണ്ടും അകത്ത് എണ്ണ പുരട്ടുക. ചെറുതായി ഒന്നുകൂടി ചൂടാക്കുക.ചട്ടി റെഡി.
ഇനി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ. ചൂട് ചട്ടിയിൽ പെട്ടെന്ന് തണുത്ത വെള്ളം ഒഴിക്കരുത്; ചട്ടി പൊട്ടും. ഉണങ്ങിയ ചട്ടിയിൽ സോപ്പോ മറ്റ് വാഷിംഗ് ദ്രാവകങ്ങളൊ പുരട്ടരുത്. ഇത് ചട്ടിയിലേക്ക് ആഗിരണം ചെയ്യപ്പെടുകയും പിന്നീട് നമ്മുടെ ആഹാരത്തിലെത്തുകയും ചെയ്യും. ചട്ടി നല്ലതുപോലെ നനച്ചു മാത്രമേ കഴുകാവൂ (പണ്ടത്തെ മുത്തശ്ശിമാർ ചാരം ഇട്ടാണു കഴുകിയിരുന്നത് എന്നതോർക്കുക)