ആസിഡ് കുടിച്ച് കുട്ടികള്‍ക്ക് പൊള്ളലേറ്റ വിവരം പുറത്ത് വന്നതോടെ ഭക്ഷ്യ സുരക്ഷാ വിഭാഗവും ആരോഗ്യ വിഭാഗവും കോഴിക്കോട്ടെ ഇത്തരം കടകളില്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു.കടകളില്‍ നിന്ന് ശേഖരിച്ച സാമ്ബിളുകള്‍ പരിശോധിച്ച ശേഷം അനുവദനീയമായതിനേക്കാള്‍ വീര്യത്തില്‍ ആസിഡ് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നാണ് അറിയുന്നത്.
അതേസമയം ഇത് കോഴിക്കോട്ട് മാത്രം ഒതുങ്ങി നിൽക്കുന്ന കാര്യമല്ലെന്നാണ് പാവം ‘കുടിയൻമാരുടെ’ പറച്ചിൽ.നമ്മുടെ നാട്ടിലെ ഓരോ ബിവറേജസ് ചില്ലറ വില്പനശാലകളുടെയും സമീപത്ത് ഇത്തരം ‘ഉപ്പിലിട്ട’ സാധനങ്ങൾ വിൽക്കുന്ന ധാരാളം കടകൾ കാണാം.നെല്ലിക്കയും കണ്ണിമാങ്ങയും ക്യാരറ്റും വെള്ളരിക്കയും തണ്ണിമത്തനും ഉൾപ്പടെ ഇങ്ങനെ ഉപ്പ് ലായനിയിൽ കിടന്ന് കുടിയൻമാരുടെ നാവ് ത്രസിപ്പിക്കുന്ന ഏറ്റവും പ്രിയപ്പെട്ട ടച്ചിംഗ്സായി ഇന്ന് മാറിയിട്ടുണ്ട്.പോക്കറ്റിന് പൊള്ളലേൽപ്പിക്കാത്തതാണ് കാരണം. ഇങ്ങനെ ഉപ്പ് ലായനിയിൽ കിടക്കുന്ന മൂന്നു കഷണം നെല്ലിക്കായ്ക്കും മറ്റും പത്തുരൂപ മാത്രമാണ് വില.ഉപ്പ് ലായനി മാത്രമല്ല ബാറ്ററി വെള്ളവും ചേരുന്നുണ്ടെന്നാണ് അതിനിടയ്ക്ക് ഏതോ കുടിയന്റെ നാവുറയ്ക്കാത്ത പറച്ചിൽ.ഏതായാലും ആരോഗ്യ വകുപ്പ് പരിശോധന കർശനമാക്കിയില്ലെങ്കിൽ കോഴിക്കോട് മാത്രമല്ല കേരളം മുഴുവൻ ‘പൊള്ളലേൽക്കാനുള്ള’ സാധ്യതയും തള്ളിക്കളയാനാവില്ലെന്ന് മറ്റേതോ ഒരു കുടിയന്റെ അടക്കംപറച്ചിൽ.കുടിച്ച് കൂമ്പ് വാടിയവന് എന്ത് പൊള്ളൽ എന്നല്ല,തങ്ങളെ ഇത്രയും കാലം സർക്കാർ മാത്രമല്ല പെട്ടിക്കടക്കാരനും പറ്റിച്ചല്ലോ എന്ന സങ്കടമാണ് അവരുടെ വാക്കുകളിൽ !