KeralaNEWS

ചെറാട് മലയിൽ ഫ്ലാഷ് ലൈറ്റ്, രാത്രിയിൽ ഉദ്യോ​ഗസ്ഥർ മലകയറി  ആളെ താഴെയെത്തിച്ചു

പാലക്കാട്: ബാബുവിനെ അതിസാഹസികമായി രക്ഷപ്പെടുത്തിയ മലമ്പുഴ ചെറാട് കുർമ്പാച്ചി മലയിൽ കയറിയ ആളെ രാത്രിയിൽ തന്നെ വനം വകുപ്പ് ഉദ്യോ​ഗസ്ഥർ താഴെ എത്തിച്ചു. പ്രദേശവാസിയായ രാധാകൃഷ്ണനാണ് രാത്രി മല കയറിയത്.  മലയുടെ മുകൾ ഭാഗത്ത് നിന്നും ഫ്ലാഷ് ലൈറ്റുകൾ തെളിഞ്ഞത് ആദ്യം കണ്ടത് നാട്ടുകാരാണ്. അവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ തെരച്ചിൽ ആരംഭിച്ചു. ആനക്കല്ല് സ്വദേശിയായ ആദിവാസി വിഭാ​ഗത്തിൽപ്പെട്ട രാധാകൃഷ്ണനെ (45)യാണ് വന മേഖലയിൽ കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ചെറാട് മലയുടെ ഏറ്റവും മുകളിൽ നിന്ന് വെളിച്ചം കണ്ടത്. ഇതോടെയാണ് മലയിൽ വീണ്ടും ആളുകൾ കയറിയതായി സംശയമുണ്ടായത്.

മലയുടെ മുകളിൽ നിന്ന് കണ്ട ലൈറ്റുകൾ മൊബൈൽ ലൈറ്റ് അല്ലെന്നാണ് നാട്ടുകാർ പറഞ്ഞത്. മലയിൽ നിന്ന് രണ്ട് ലൈറ്റുകൾ കണ്ടെന്നും ഒരാൾകൂടി മലയിൽ ഉണ്ടെന്നുമാണ് നാട്ടുകാർ ആരോപിക്കുന്നത്

മലയുടെ മുകളിൽ നിന്നു പിടികൂടിയ രാധാകൃഷ്ണൻ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് വനം വകുപ്പ് ഉദ്യോ​ഗസ്ഥർ അറിയിച്ചത്. വനം വകുപ്പിന്റെ നൈറ്റ് പട്രോളിം​ഗ് സംഘം കസ്റ്റഡ‍ിയിലെടുത്ത രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റി. വലിയ പരിഭ്രാന്തി സൃഷ്ടിച്ച സംഭവത്തിന് ശേഷം വളരെ രൂക്ഷമായ പ്രതികരണങ്ങളാണ് നാട്ടുകാർ നടത്തുന്നത്.
കൂടുതൽ ഫ്ലാഷ് ലൈറ്റുകൾ കണ്ടുവെന്നും എന്നാൽ ഒരാളെ മാത്രമാണ് കണ്ടെത്തിയതെന്നുമാണ് ചില നാട്ടുകാർ പറയുന്നു. ഒരാളെ കൊണ്ട് വന്ന് കാര്യങ്ങൾ അവസാനിപ്പിക്കുകയാണെന്നും കൂടുതൽ പരിശോധന നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. നാളെ റവന്യൂ മന്ത്രി കെ രാജൻ അടിയന്തര യോ​ഗം വിളിച്ചിട്ടുണ്ട്.

പാലക്കാട് ചെറാട് കുമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 45 മണിക്കൂറുകൾക്ക് ശേഷമാണ് സൈന്യം രക്ഷിച്ച് കൊണ്ട് വന്നത്. ബാബുവിനെ രക്ഷിക്കാന്‍ മുക്കാല്‍ കോടിയോളം ചെലവ് വന്നുവെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രാഥമിക കണക്ക്. ബാബു കുടുങ്ങിപ്പോയ തിങ്കളാഴ്ച തുടങ്ങിയ രക്ഷാ പ്രവര്‍ത്തനം ബുധനാഴ്ചയാണ് അവസാനിച്ചത്.

Back to top button
error: