IndiaNEWS

ഹിജാബ് വിഷയം: ഉഡുപ്പിയില്‍ ഒരാഴ്ച നിരോധനാജ്ഞ

കര്‍ണാടകയില്‍ ഹിജാബ് വിഷയം വിവാദമായി തുടരുന്നതിനിടെ ഉഡുപ്പിയില്‍ ഒരാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ മുതല്‍ ഈ മാസം 19 ശനിയാഴ്ച വരെ ഉടുപ്പിയിലെ എല്ലാ സ്‌കൂളുകള്‍ക്കും സമീപത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മുതല്‍ സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം.

സ്‌കൂളുകളുടെ പരിസരത്ത് 200 മീറ്റര്‍ ചുറ്റളവിലായിരിക്കും നിയന്ത്രണം. നാളെ രാവിലെ 6 മണി മുതല്‍ ശനിയാഴ്ച വൈകീട്ട് 6 മണി വരെയാണ് നിരോധനാജ്ഞ. സ്‌കൂള്‍ പരിസരത്ത് ആള്‍ക്കൂട്ടം അനുവദിക്കില്ല. പ്രതിഷേധ പ്രകടനങ്ങള്‍, മുദ്രാവാക്യം വിളികള്‍, തുടങ്ങിയവ നിരോധിച്ചു. പൊലീസ് സൂപ്രണ്ടിന്റെ അപേക്ഷ പ്രകാരം ഉഡുപ്പി ഡപ്യൂട്ടി കമ്മീഷണര്‍ കുര്‍മ റാവുവാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

സമാനമായ രീതിയില്‍ ബംഗളൂരുവിലെ സ്‌കൂളുകള്‍, കോളജുകള്‍, പ്രീ യൂണിവേഴ്സിറ്റി കോളജുകള്‍ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 22 വരെയാണ് ഇവിടെ നിരോധനാജ്ഞ.ഹിജാബ് കേസില്‍ തീരുമാനമെടുക്കുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് വിലക്ക് തുടരുമെന്ന് കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.

 

 

Back to top button
error: