IndiaNEWS

ഉത്തര്‍പ്രദേശിലെ കോവിഡ് മരണ കണക്കില്‍ ഞെട്ടിക്കുന്ന വിവരങ്ങളുമായി “സിജെപി”

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കോവിഡ് മരണ കണക്കില്‍ ഞെട്ടിക്കുന്ന വിവരങ്ങളുമായി “സിജെപി” റിപ്പോര്‍ട്ട്.സര്‍ക്കാര്‍ കണക്കിനേക്കാളും 60 ശതമാനം അധികം ആളുകള്‍ കോവിഡ് ബാധിച്ച്‌ മരിച്ചതായാണ് കണ്ടെത്തിയത്. മനുഷ്യാവകാശ സംഘടനയായ സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് (സിജെപി) ആണ് വിവരങ്ങള്‍ ശേഖരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലാണ് കണക്കുകളില്‍ കൂടുതല്‍ കൃത്രിമം. ജനുവരി 2020 മുതല്‍ 2021 ഓഗസ്റ്റ് വരെയുള്ള കണക്കിലാണ് വലിയ കൃത്രിമം കണ്ടെത്തിയത്.
സംസ്ഥാനത്താകെ സര്‍ക്കാര്‍ കണക്കിനേക്കാള്‍ 60 മടങ്ങ് അധികം ആളുകള്‍ കോവിഡ് ബാധിച്ച്‌ മരിച്ചിട്ടുണ്ടാകാം എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുവരെ 23000 കോവിഡ് മരണങ്ങളാണ് യു.പിയില്‍ സര്‍ക്കാര്‍ കണക്കുകളില്‍ ഉള്ളത്. യഥാര്‍ത്ഥ കണക്കുകളില്‍ ഇത് 14 ലക്ഷംവരെയാകും. ഇതോടെ രാജ്യത്തുതന്നെ കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനമാകുകയാണ് ഉത്തര്‍പ്രദേശ്. മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഗുരുതരമായ വീഴ്ചയുണ്ടായ സംസ്ഥാനവും യു.പിയാണ്.
കോവിഡ് രണ്ടാം തരംഗത്തില്‍ യു.പിയില്‍ മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുക്കിയതും, ഓക്സിജന്‍ കിട്ടാതെ രോഗികള്‍ മരിച്ചതുമെല്ലാം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ അപ്പോഴും യുപിയില്‍ കോവിഡ് കണക്കുകളിലും, മരണങ്ങളിലും കാര്യമായ ഉയര്‍ച്ച സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. വാരണാസി, ഗാസിപുര്‍ ജില്ലകളിലെ 129 പ്രദേശങ്ങളില്‍നിന്നുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ട് തയ്യാറാക്കാനായി സിജെപി ശേഖരിച്ചത്. 2017 മുതല്‍ 2021 ഓഗസ്റ്റ് വരെയുള്ള മരണ വിവരങ്ങളാണ് സംഘം വില്ലേജ് ഓഫീസ് അടക്കമുള്ള സ്ഥാപനങ്ങളില്‍നിന്ന് ശേഖരിച്ചത്. മുന്‍ വര്‍ഷങ്ങളേക്കാള്‍ ഉത്തര്‍പ്രദേശിലെ മരണനിരക്കില്‍ വലിയ വര്‍ധനയാണ് ഈ കാലയളവില്‍ ഉണ്ടായത്. കോവിഡ് വന്നതിനുശേഷം മരണനിരക്കില്‍ മുന്‍പൊന്നും ഇല്ലാത്തവിധം വര്‍ധന ഉണ്ടായെന്ന് കണക്കുകളില്‍നിന്ന് വ്യക്തമാണ്.

Back to top button
error: