അടൂര്‍: മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ കാര്‍ കനാലിലേക്ക് മറിഞ്ഞ് അപകടമുണ്ടായ സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ തീരുമാനിച്ചതായി പത്തനംതിട്ട ആര്‍.ടി.ഒ പറഞ്ഞു.എത്ര കാലയളവ് വരെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഡ്രൈവറുടെ സാന്നിധ്യത്തില്‍ ഹിയറിങിന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിന് 304 എ വകുപ്പ് പ്രകാരം ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ശാസ്‌ത്രീയ കുറ്റാന്വേഷണ സംഘം (സയന്റിഫിക്ക് ടീം) സംഭവസ്‌ഥലവും പരിശോധിച്ചു.അപകടത്തില്‍ പെട്ട കാര്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധിച്ചു. പത്തനംതിട്ട ആര്‍.ടി.ഒ ഡിലു, അടൂര്‍ ജോയിന്റ് ആര്‍.ടി.ഒ അജിത് കുമാര്‍, എ.എം.വി.ഐ മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. യന്ത്രത്തിനോ ബ്രേക്കിനോ തകരാര്‍ കണ്ടെത്താനായില്ല. അശ്രദ്ധമായും അമിതവേഗതയിലും കാര്‍ ഓടിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് കരുതുന്നതായി അടൂര്‍ ജോയിന്റ് ആര്‍.ടി.ഒ പറഞ്ഞു.
കാര്‍ ഓടിച്ചിരുന്ന ശരത്ത് പരുക്കേറ്റ് ചികിത്സയിലാണ്. ചികിത്സ കഴിഞ്ഞ ശേഷം മോട്ടോര്‍ വാഹന വകുപ്പ് ഇയാള്‍ക്ക് നോട്ടീസ് നല്‍കും. തുടര്‍ന്ന് മറുപടി കിട്ടിയ ശേഷമാകും ശിക്ഷാ നടപടികളിലേക്ക് പോകുക. ബുധനാഴ്‌ച്ച ഉച്ചയ്‌ക്കാണ് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. ബൈപാസിലൂടെ വേഗതയില്‍ വന്ന കാര്‍ സിഗ്‌നല്‍ പോയിന്റില്‍ കെ.പി റോഡിന് കുറുകെ കടന്നാണ് കനാലില്‍ മറിഞ്ഞത്.