KeralaNEWS

അകത്തും പുറത്തും പ്രതിക്ഷേധ കൊടുങ്കാറ്റുയർത്തിയ ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു

തിരുവനന്തപുരം: ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണറെ കണ്ട് കാര്യങ്ങള്‍  വിശദീകരിച്ചത് ഗുണകരമായി. ഒടുവിൽ ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ഇതോടെ ഓർഡിനൻസ് നിലവിൽ വന്നു.

ഭരണമുന്നണിക്കകത്തും പ്രതിപക്ഷ നിരയിലും വൻ പ്രതിഷേധങ്ങൾ ഉയർത്തിയ ലോകായുക്ത നിയമഭേദഗതി ബിൽ യാഥാർത്ഥ്യമായി. ഓർഡിനൻസിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ഭരണഘടനയ്ക്കു വിരുദ്ധമായ അധികാരം ലോകായുക്തയ്ക്കു നൽകേണ്ടതില്ല എന്നുമാണ് നിയമോപദേശമെന്ന് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി വിശദീകരിച്ചു. മറ്റു സംസ്ഥാനങ്ങളിൽ ലോകായുക്തയ്ക്ക് ഇങ്ങനെയുള്ള അധികാരങ്ങൾ ഇല്ലെന്നും ചൂണ്ടിക്കാട്ടി. തന്റെ പരിശോധനയിലും അക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നു ഗവർണർ മറുപടി നൽകിയതായാണ് വിവരം.
ജനുവരി 24നു ലോകായുക്ത ഓർഡിനൻസുമായി മന്ത്രി പി.രാജീവ് നേരിട്ടു രാജ്ഭവനിലെത്തിയെങ്കിലും ഗവർണർ ഒപ്പിടാൻ കൂട്ടാക്കിയില്ല. സർക്കാർ വിശദീകരണം നൽകിയശേഷവും ഗവർണർ വഴങ്ങിയില്ല. എന്തായാലും ഗവർണറെ അതിവേഗം അനുനയിപ്പിക്കാൻ സർക്കാരിനു സാധിച്ചു.

അഴിമതിക്കേസിൽ ലോകായുക്ത തീർപ്പു പ്രഖ്യാപിച്ചാൽ അതു കൈമാറേണ്ടതു ഗവർണർ, മുഖ്യമന്ത്രി, സംസ്ഥാന സർക്കാർ എന്നീ അധികാര കേന്ദ്രങ്ങൾക്കാണ്. 1999 ലെ ലോകായുക്ത നിയമത്തിലെ 14–ാം വകുപ്പു പ്രകാരം ലോകായുക്തയുടെ പ്രഖ്യാപനം അധികാരികൾ അതേപടി അംഗീകരിച്ച് കുറ്റക്കാരെന്നു കണ്ടെത്തുന്നവരെ അധികാര സ്ഥാനത്തുനിന്നു നീക്കണം.
ബന്ധപ്പെട്ട അധികാരി 3 മാസത്തിനകം പ്രഖ്യാപനം തള്ളിയില്ലെങ്കിൽ അത് അംഗീകരിച്ചതായി കണക്കാക്കും. ഓർഡിനൻ‌സ് പ്രാബല്യത്തിലാകുന്നതോടെ ലോകായുക്തയുടെ ഈ അധികാരം ഇല്ലാതാകും. സർക്കാരിനു കുറ്റാരോപിതരുടെ ഹിയറിങ് നടത്തി 3 മാസത്തിനകം ലോകായുക്ത തീരുമാനം തള്ളുകയോ കൊള്ളുകയോ ചെയ്യാം.
വിരമിച്ച സുപ്രീം കോടതി ജഡ്ജിയെയോ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസിനെയോ ആണ് നിലവിൽ ലോകായുക്തയായി നിയമിക്കേണ്ടത്. എന്നാൽ ഹൈക്കോടതി മുൻ ജഡ്ജിമാരെയും നിയമിക്കാമെന്ന വ്യവസ്ഥയും ഈ ഓർഡിനൻസിലുണ്ട്.

Back to top button
error: