ഉപഭോക്താവിനെ കറൻ്റടിപ്പിച്ചു കൊല്ലാൻ ഉത്സാഹം, കുടിശ്ശിക പിരിച്ചെടുക്കാൻ വൈദ്യുതി ബോർഡിന് അലസത; കെ.എസ്.ഇ.ബി പിരിച്ചെടുക്കാനുള്ള കുടിശ്ശിക 3159.16 കോടി
ഗാർഹിക ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് കൂട്ടണമെന്നാണ് റെഗുലേറ്ററി കമ്മിറ്റിയുടെ ശുപാർശ. അധിക ബാധ്യത കൊണ്ട് ഉപഭോക്താവ് നട്ടം തിരിയുന്നു. ഇതിനിടയിലാണ് 3159.16 കോടിയുടെ വൈദ്യുതി കുടിശ്ശിക കെ.എസ്.ഇ.ബി കണ്ടില്ലെന്ന് നടിക്കുന്നത്
നാൾക്കുനാൾ വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച് ഉപഭോക്താവിനെ കറൻ്റടിപ്പിച്ചു കൊല്ലാനുള്ള ഉദ്യമത്തിലാണ് വൈദ്യുതി ബോർഡ്. പക്ഷേ ആയിരകണക്കിനു കോടി രൂപയുടെ കുടിശ്ശിക പിരിച്ചെടുക്കാൻ കെ.എസ്.ഇ.ബിക്കു തീരെ താല്പര്യമില്ല. വൈദ്യുതി കുടിശികയായി പിരിച്ചെടുക്കാനുള്ളത് 3159.16 കോടി രൂപയാണ്.
ഗാർഹിക ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് കൂട്ടണമെന്ന ശുപാർശ റെഗുലേറ്ററി കമ്മിറ്റി നൽകിയിരിക്കുന്ന സാഹചര്യത്തിലാണ് നിലവിൽ 3159.16 കോടി രൂപ പിരിച്ചെടുക്കാനുണ്ടെന്ന കണക്ക് പുറത്തുവന്നത്.
ഈ വർഷം ജനുവരി വരെയുള്ള കണക്കനുസരിച്ച് 9056.71 കോടി രൂപയുടെ കടബാധ്യതയും കെ.എസ്.ഇ.ബിക്കുണ്ട്.
ഓവർ ഡ്രാഫ്റ്റ്, ഹൃസ്വ-ദീർഘകാല വായ്പയായാണ് ഇത്രയധികം ബാധ്യത.
പോസ്റ്റിലൂടെ സ്വകാര്യ കമ്പനികൾ കേബിളുകൾ വലിച്ചിരിക്കുന്ന വകയിൽ കെ.എസ്.ഇ.ബിക്ക് വരുമാനമുണ്ട്. പ്രമുഖ സ്വകാര്യ കേബിൾ കമ്പനി 2016 മേയ് മുതൽ ഇതുവരെ ഈ ഇനത്തിൽ കെ.എസ്.ഇ.ബിക്ക് നൽകിയത് 101.91 കോടി രൂപയാണ്.
ജില്ലകൾ തോറുമുള്ള സ്വകാര്യ കമ്പനികൾ നൽകുന്ന തുക ഇതിനു പുറമേ. അത്തരം കണക്കുകൾ സംസ്ഥാനതലത്തിൽ സമാഹരിച്ചിട്ടില്ലെന്ന് കെ.എസ്.ഇ.ബി പറയുന്നു.
പ്രോപ്പർ ചാനൽ സംഘടന പ്രസിഡന്റ് എം.കെ. ഹരിദാസിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.
കൊമേഴ്‌സ്യൽ ഉപഭോക്താക്കൾ- 1121.23, പൊതുമേഖലാ സ്ഥാപനങ്ങൾ- 994.81, ഗാർഹിക ഉപഭോക്താക്കൾ- 496.64, എക്‌സ്ട്രാ ഹൈ ടെൻഷൻ ഉപഭോക്താക്കൾ- 374.90, സംസ്ഥാനസർക്കാരിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങൾ- 171.5 എന്നിങ്ങനെയാണ് കുടിശിക വിവരം.