നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പഞ്ചാബിൽ കോൺഗ്രസിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഇരുട്ടടി. അനധികൃത മണൽ ഖനന കേസിൽ പഞ്ചാബ് മുഖ്യമന്ത്രി ചരഞ്ജിത് സിംഗ് ചന്നിയുടെ മരുമകനെ ഇഡി അറസ്റ്റ് ചെയ്തു.
ചന്നിയുടെ അനന്തരവൻ ഭുപീന്ദർ സിംഗ് ഹണിയെയാണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകിട്ട് കസ്റ്റഡിയിലെടുത്ത ഹണിയെ ഇഡി ഇന്ന് സിബിഐ കോടതിയിൽ ഹാജരാക്കും. രാത്രി വൈകി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) വകുപ്പുകൾ പ്രകാരം ഹണിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
ചന്നിയുടെ സഹോദരിയുടെ പുത്രനാണ് ഹണി. അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ഹണിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ ഇഡി നടത്തിയ റെയ്ഡിൽ എട്ട് കോടി രൂപ പിടിച്ചെടുത്തിരുന്നു. റെയ്ഡിൽ പിടികൂടിയ പണത്തിന്റെ ഉറവിടം സംബന്ധിച്ച് ഹണിയെയും ഇദ്ദേഹത്തിന്റെ അടുത്ത കൂട്ടാളികളായ രണ്ടു പേരെയും അന്വേഷണ ഏജൻസി ചോദ്യം ചെയ്യും.
അനധികൃത മണൽ ഖനന റാക്കറ്റിനെ ചുറ്റിപ്പറ്റിയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മൂവരും നിരീക്ഷണത്തിലായിരുന്നു.അതേസമയം തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള നീക്കാമാണിതെന്നു കോൺഗ്രസ് ആരോപിച്ചു.