തിരൂർ: ദുബൈൽ പ്രവർത്തിക്കുന്ന തിരൂർ സ്വദേശിയുടെ സ്ഥാപനത്തിൽ നിന്ന് ഏഴ് കോടി രൂപ തട്ടി എടുത്ത ദമ്പതികൾക്കും കൂട്ടുപ്രതികൾക്കും ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു. തുടർന്ന്തി ഒളിവിലായ പ്രതികളെ കുരുക്കാൻ തിരൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. കൊടുങ്ങല്ലൂർ സ്വദേശിയും ഐ.എം.എ മുൻ സംസ്ഥാന പ്രസിഡൻ്റുമായ ഡോ.റഷീദ് പടിയത്ത് മണപ്പാടിൻ്റെ മകൻ മുഹമ്മദ് നാസർ, ഭാര്യ സാജിത മുഹമ്മദ് നാസർ, ചാവക്കാട് സ്വദേശികളായ മരീഷ് മുഹമ്മദാലി, സഹോദരൻ ഫാസിൽ മുഹമ്മദാലി എന്നിവരാണ് യഥാക്രമം 1 മുതൽ 4 വരെയുള്ള പ്രതികൾ. ഇതിൽ മൂന്നാംപ്രതി മരീഷ് മുഹമ്മദിന് നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
പക്ഷേ ജാമ്യവ്യവസ്ഥ ലംഘിച്ച് വിദേശത്തേക്ക് കടന്നതിനെ തുടർന്ന് മരീഷ് വാറണ്ടിലാണ്. കുറ്റകൃത്യത്തിൽ, ഒന്നും രണ്ടും പ്രതികളാണ് പവർ ഓഫ് അറ്റോണിയും വ്യാജരേഖയും ചമച്ചതെന്ന് കാട്ടിയാണ് അന്ന് മരീഷ് അന്ന് ജാമ്യം നേടിയത്.
കേസിന് ആസ്പദമായ സംഭവം നടന്നത് 2012 ലാണ്. തിരൂർ സ്വദേശിയുടെ ദുബൈലെ സ്ഥാപനത്തിൻ്റെ പ്രവർത്തനത്തിനായി പാർട്ണർ കൂടിയായ നാസറിൻ്റെ ഭാര്യ സാജിയുടെ പേരിൽ പവർ ഓഫ് അറ്റോണി നൽകിയിരുന്നു. പ്രസ്തുത പവർ ഓഫ് അറ്റോണി ഉപയോഗിച്ച് പരാതിക്കാരൻ്റെ രണ്ട് സ്ഥാപനങ്ങൾ വിൽക്കുകയും ബാങ്ക് അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുക്കുകയും ചെയ്തു എന്നാണ് കേസ്.
വഞ്ചന, പവർ ഓഫ് അറ്റോണിയിലെ നിബന്ധനകൾ ലംഘിക്കൽ, വ്യാജരേഖ ചമയ്ക്കൽ, പണം തട്ടിയെടുക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കോടതി പ്രതികൾക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. ഉടമ അറിയാതെ ഏഴുകോടി രൂപയാണ് നാല് പ്രതികളും ചേർന്ന് തട്ടിയെടുത്തത്. നിലവിൽ കേസുമായി ബന്ധപ്പെട്ട് കോടതി ഇവരുടെ സ്വത്ത് കണ്ടു കെട്ടിയിട്ടുണ്ട്.
ഒന്നാം പ്രതിയുടെ പിതാവ് ഡോക്ടർ റഷീദ് പടിയത്ത് മണപ്പാട്ടിൻ്റെയും മുൻ ചാവക്കാട് നഗരസഭ ചെയർമാൻ എം അക്ബറിൻ്റെയും മധ്യസ്ഥതയിൽ പണം നൽകാമെന്ന് ഉറപ്പു നൽകിയിരുന്നു. എന്നാൽ പണം തുടർന്നും നൽകാത്തതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്. ജാമ്യമില്ല വകുപ്പ് പ്രകാരമുള്ള കേസായതിനാൽ അറസ്റ്റ് ഒഴിവാക്കാനും കേസ് സിവിലാക്കാനും പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ഹൈക്കോടതി കേസ്തള്ളിയതോടെ പ്രതികൾ വിദേശത്തേക്ക് മുങ്ങുകയായിരുന്നു. വാറണ്ട് നിലനിൽക്കേ പ്രതികൾ പിന്നീട് നാട്ടിൽ എത്തിയെങ്കിലും, അന്വേഷണ ഉദ്യോഗസ്ഥനായ തിരൂർ സി.ഐ ജിജോ പ്രതികളെ അറസ്റ്റ് ചെയ്യാൻ കൂട്ടാക്കിയില്ല. തുടർന്നാണ് പരാതിക്കാരൻ മലപ്പുറം എസ്. പിക്ക് പരാതി നൽകിയത്. തുടർന്ന് അന്വേഷണത്തിനായി തിരൂർ ഡിവൈ.എസ്.പിക്കു കേസ് കൈമാറിയത്. പ്രതികളെ അറസ്റ്റ് ചെയ്തു കൊണ്ടു വരുന്നതിനായി ദുബായ് കോൺസുലേറ്റുമായി ബന്ധപ്പെടാനിരിക്കുകയാണ് പോലീസ്. കൊടുങ്ങല്ലൂർ വടക്കേക്കാട് പോലീസിൻ്റെ കൂടി സഹകരണത്തോടെ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.