അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിന് തിരിച്ചടി. ദിലീപ് ഉൾപ്പടെയുള്ള പ്രതികൾ ഉപയോഗിച്ചിരുന്ന ഫോണുകൾ അന്വേഷണ സംഘത്തിന് കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടു.
തിങ്കളാഴ്ച രാവിലെ 10.15ന് ഫോണുകൾ ഹാജരാക്കണം. ഫോണുകൾ ഹാജരാക്കുന്നതിനെതിരേ ദിലീപ് ഉന്നയിച്ച വാദങ്ങളെല്ലാം തള്ളിയാണ് ഹൈക്കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
ഫോൺ സൂക്ഷിച്ചിരിക്കുന്ന മുംബൈയിലെ സ്ഥാപനം ഞായറാഴ്ച അവധി ആയതിനാൽ ചൊവ്വാഴ്ച വരെ സമയം അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ പ്രധാന ആവശ്യം. മാത്രമല്ല, ഫോണുകളിൽ മുൻ ഭാര്യയുമായി നടത്തിയ സംഭാഷണങ്ങൾ ഉണ്ടെന്നും ഇത് പുറത്തുപോകുന്നത് തന്റെ സ്വകാര്യതയെ ബാധിക്കുമെന്നും ദിലീപ് വാദിച്ചു. എന്നാൽ ഈ വാദങ്ങളൊന്നും കോടതി അംഗീകരിക്കാൻ തയാറായില്ല.
അതേസമയം, തങ്ങൾക്കു ദിലീപിന്റെ നാലു ഫോണുകളാണ് പരിശോധനയ്ക്കു വേണ്ടതെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ, നാലു ഫോണുകൾ തന്റെ കൈവശമില്ല മൂന്നു ഫോണുകൾ മാത്രമേയുള്ളെന്നാണ് ദിലീപ് വാദിച്ചത്. രണ്ട് ആപ്പിൾ ഫോണും ഒരു വിവോ ഫോണും മാത്രമേ തനിക്ക് ഉള്ളെന്നാണ് ദിലീപ് പറയുന്നത്.
പ്രോസിക്യൂഷൻ നൽകിയതും മൂന്നു ഫോണുകളുടെ പേരാണ്. എന്നാൽ, നാലാമത്തെ ഒരു ഫോണിന്റേതെന്നു പറഞ്ഞു ഐഎംഇഐ നന്പരും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. എന്നാൽ, നാലാമതൊരു ഫോൺ ഉണ്ടെന്ന കാര്യം ദിലീപ് സമ്മതിച്ചില്ല. ഇതു കൂടി കണക്കിലെടുത്താണ് മൂന്നു ഫോണുകൾ ഹാജരാക്കാൻ കോടതി നിർദേശിച്ചത്.
ദിലീപിനു വേണമെങ്കിൽ ഉത്തരവിനെതിരേ സുപ്രീം കോടതിയെ സമീപിക്കാമെന്നു കോടതി പരാമർശിച്ചെങ്കിലും അതിനുള്ള സമയം ലഭ്യമാകാത്തതിനാൽ ഫോണുകൾ തിങ്കളാഴ്ച തന്നെ കോടതിയിൽ ഹാജരാക്കാനാണ് സാധ്യത. കോടതി രജിസ്ട്രിക്ക് കൈമാറുന്ന ഫോൺ പരിശോധനയ്ക്ക് എവിടെ നൽകണമെന്നും ഹൈക്കോടതി തീരുമാനിക്കും.
കോടതിക്ക് ഇന്ന് അവധി ദിവസമാണെങ്കിലും പ്രത്യേക സിറ്റിംഗ് നടത്തിയാണ് ജസ്റ്റീസ് പി. ഗോപിനാഥ് ഹര്‍ജി പരിഗണിച്ചത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ദിലീപിന്റെ കേസില്‍ സിംഗിള്‍ ബെഞ്ച് പ്രത്യേക സിറ്റിംഗ് നടത്തി വാദം കേള്‍ക്കുന്നത്. എല്ലാ പ്രതികളുടേതുമായി ഏഴു ഫോണുകൾ വേണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.
2017-18 കാലത്തു പ്രതികള്‍ ഉപയോഗിച്ചിരുന്ന ഫോണുകള്‍ നിര്‍ണായക തെളിവാണ്. ദിലീപ് ഉപയോഗിച്ചിരുന്ന രണ്ട് ആപ്പിള്‍, ഒരു വിവോ ഫോണുകളും മറ്റൊരു ഫോണും സഹോദരന് അനൂപിന്റെ രണ്ടു ഹുവായ് ഫോണുകളും സുരാജിന്റെ ഒരു ഫോണുമാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. എന്നാൽ, തനിക്കു മൂന്നു ഫോൺ മാത്രമേ ഉള്ളെന്നാണ് ദിലീപിന്റെ വാദം.
അന്വേഷണ സംഘത്തെ അപായപ്പെടുത്തുമെന്നു പറഞ്ഞതു ശാപവാക്കാണെന്നാണ് പ്രതികളുടെ വാദം. എന്നാൽ, ഇതിനു തുടര്‍ച്ചയായി എന്തു നടന്നെന്ന് അന്വേഷിക്കേണ്ടതുണ്ട്. ഡിജിറ്റല്‍ തെളിവുകള്‍ ഇതില്‍ നിര്‍ണായകമാണ്. കോടതി നല്‍കിയിട്ടുള്ള സംരക്ഷണം നീക്കിയാല്‍ ഫോണുകള്‍ കണ്ടെടുത്താന്‍ കഴിയുമെന്നും പ്രോസിക്യൂഷന് വാദിച്ചു.
ദിലീപിന്റെ വസതിയില്‍നിന്ന് അന്വേഷണസംഘം പിടിച്ചെടുത്ത ഫോണുകള്‍ പുതിയ ഫോണുകളാണ്. 2022 ജനുവരിയില്‍ മാത്രമാണ് ആ ഫോണുകള്‍ ദിലീപും സഹോദരന് അനൂപും ഉപയോഗിച്ച് തുടങ്ങിയത്. എന്നാല്‍, അതിന് മുമ്പ് ദിലീപ് ഉപയോഗിച്ച ഫോണുകള്‍ കേസില്‍ നിര്‍ണായകമാണ് എന്നാണ് പ്രോസിക്യൂഷന് വാദിക്കുന്നത്.