ദമ്പതികൾ പൊലീസ് പിടിയിൽ, വിസ വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി തട്ടിയെടുത്തത് കോടികൾ
ബിനോയിയുടെ ഭാര്യക്ക് ഓസ്ട്രേലിയയിൽ ജോലിക്കുള്ള വിസ നൽകാമെന്ന് പറഞ്ഞ് പലതവണയായി 18 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ബിജു ജോൺ, ലിസമ്മ ജോൺ ദമ്പതികൾ പലരിൽ നിന്നായി കോടികൾ തട്ടിയെടുത്തിട്ടുണ്ട്. വടക്കാഞ്ചേരി സ്വദേശി ബിനോയിയുടെ പരാതിയിൽ ഒടുവിൽ ദമ്പതികൾ അറസ്റ്റിലായി
പാലക്കാട്: വർഷങ്ങളോളം നടത്തിയ തട്ടിപ്പിനൊടുവിൽ ഭാര്യയും ഭർത്താവും പൊലീസ് വലയിൽ കുടുങ്ങി.
വിസ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലാണ് ദമ്പതികൾ പിടിയിലായത്. ബംഗളൂരു താമസക്കാരായ ബിജു ജോൺ, ഭാര്യ ലിസമ്മ ജോൺ എന്നിവരെയാണ് പാലക്കാട് വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
ബംഗളൂരു കേന്ദ്രീകരിച്ചാണ് ബിജു ജോണും ലിസമ്മയും വിസ തട്ടിപ്പ് നടത്തിയിരുന്നത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഇരുവരും ഒട്ടേറെപ്പേരിൽ നിന്നായി കോടികൾ തട്ടിയെടുത്തിരുന്നു. ഒടുവിൽ കുടുങ്ങിയത് വടക്കഞ്ചേരി വള്ളിയോട് സ്വദേശി ബിനോയിയുടെ പരാതിയിലാണ്.
ബിനോയിയുടെ കയ്യിൽ നിന്ന് 18 ലക്ഷം രൂപ തട്ടിയെടുത്തു. ബിനോയിയുടെ ഭാര്യക്ക് ഓസ്ട്രേലിയയിൽ ജോലിക്കുള്ള വിസ നൽകാമെന്ന് പറഞ്ഞാണ് പലതവണയായി 18 ലക്ഷം രൂപ തട്ടിയെടുത്തത്. മൂന്ന് വർഷം മുമ്പാണ് വിസ നൽകാമെന്ന് വാഗ്ദാനം ചെയ്ത് ബിജു ജോൺ ബിനോയിയെ സമീപിച്ചത്. പാസ്പോർട്ടും വിദ്യാഭ്യാസ യോഗ്യതകളുടെ ഉൾപ്പെടെയുള്ള രേഖകളും അപ്പോൾതന്നെ നൽകി. പിന്നീട് വിസയുടെ കാര്യം അന്വേഷിക്കുമ്പോൾ, കോവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധികൾ പറഞ്ഞ് ബിജു ജോൺ ഒഴിഞ്ഞു മാറി. പലതവണയായി ബിജു ജോണും ലിസമ്മയും ബിനോയിയിൽ നിന്ന് പണം വാങ്ങുകയും ചെയ്തു. ഒടുവിൽ താൻ ചതിക്കപ്പെടുകയായിരുന്നു എന്ന് മനസ്സിലായതോടെ ബിനോയി വടക്കഞ്ചേരി പോലീസിൽ പരാതി നൽകി.
ഇതേ തുടർന്ന് വടക്കഞ്ചേരി പോലീസ് ബംഗളൂര് എത്തി അന്വേഷണം നടത്തി. പലസ്ഥലങ്ങളിലായി മാറിമാറി താമസിക്കുന്ന ബിജു ജോണിനേയും ലിസമ്മയേയും കണ്ടെത്താൻ പൊലീസ് ബുദ്ധിമുട്ടി. എന്നാൽ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ കഴിഞ്ഞദിവസം പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. ബംഗളൂരു കേന്ദ്രീകരിച്ച് വിദേശരാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെ പേരിൽ നിന്നായി കോടികൾ തട്ടിയെടുത്തതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
വിദേശ റിക്രൂട്ട്മെൻ്റിനായി സ്ഥാപനം നടത്തിയാണ് ഇവർ നിരവധി പേരെ കബളിപ്പിച്ചത്.
കണ്ണൂർ സ്വദേശിയാണ് ലിസമ്മ ജോൺ. തെളിവെടുപ്പിനുശേഷം കോടതിയിൽ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.