LIFENewsthen Special

പശുവളർത്തൽ കൂട്ടത്തോടെ ഉപേക്ഷിച്ച് കേരളത്തിലെ ക്ഷീരകര്‍ഷകര്‍

വേനല്‍ ശക്തമായതോടെ നഷ്ടത്തിലും പശുക്കളെ വിറ്റൊഴിക്കുകയാണ് കേരളത്തിൽ ക്ഷീരകർഷകർ.പാലിന്റെ വിലക്കുറവും പച്ചപ്പുല്ലിന്റെ ക്ഷാമവുമാണ് പ്രധാന കാരണങ്ങളായി പറയുന്നതെങ്കിലും ഈ കുറവ് നികത്താന്‍ ചോളപൊടിയോ കാലിത്തീറ്റയോ കൊടുക്കാമെന്ന് വെച്ചാല്‍ വിലവര്‍ധനവ് കാരണം അതും സാധിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. വേനല്‍ ശക്തമായതോടെയാണ് പച്ചപ്പുല്ലിന്റെ ക്ഷാമം വര്‍ധിച്ചത്.വയലുകളില്‍ കൊയ്ത്ത് തീര്‍ന്നതും തോട്ടങ്ങളിലെ കാട് വെട്ടലും കഴിഞ്ഞതോടെ പേരിന് പോലും പച്ചപ്പുല്ല് കിട്ടാനില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.അതിലുപരി വര്‍ദ്ധിച്ച ഉത്പാദനച്ചെലവുമായി താരതമ്യപ്പെടുത്തുമ്ബോള്‍ കാലിവളർത്തൽ ഇന്ന്  നഷ്ടക്കച്ചവടമാണെന്നാണ് കർഷകരുടെ പക്ഷം.കാലിത്തീറ്റ വില വര്‍ദ്ധന, പച്ചപ്പുല്ലിന്റെ കുറവ്, വയ്ക്കോലിന്റെ വില വര്‍ദ്ധന തുടങ്ങി നിരവധി പ്രതിസന്ധികള്‍ മൂലം നടുവൊടിഞ്ഞ നിലയിലാണ് ഇന്ന് കേരളത്തിലെ ക്ഷീര കര്‍ഷകര്‍. പ്രതിസന്ധി പരിഹരിക്കാന്‍ കാലിത്തീറ്റ വില വര്‍ദ്ധന നിയന്ത്രിക്കാതെ കഴിയില്ലെന്നും കര്‍ഷകര്‍ പറയുന്നു.
പിണ്ണാക്കിനും തീറ്റയ്ക്കും കഴിഞ്ഞ മാസങ്ങളിലുണ്ടായ ഭീമമായ വര്‍ദ്ധന കണക്കിലെടുക്കുമ്ബോള്‍ പശുവളര്‍ത്തല്‍ കൊണ്ട് കാര്യമായ നേട്ടമില്ലെന്ന് ക്ഷീര സംഘം പ്രതിനിധികളും പറയുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളായ കേരള ഫീഡ്‌സിന്റെയും മില്‍മയുടെയും തീറ്റവിലയും കൂടുതലാണ്.കേരള ഫീഡ്സ് അടക്കമുള്ള സ്ഥാപനങ്ങള്‍ ചോളത്തിനും എണ്ണ നീക്കിയ തവിടിനും വേണ്ടി അന്യ സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. വില കുറഞ്ഞിരിക്കുമ്ബോള്‍ ഇവ വലിയ അളവില്‍ സംഭരിച്ച്‌ കേടുകൂടാതെ സൂക്ഷിക്കാന്‍ ഗോഡൗണ്‍ സംഭരണ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ ഒരുക്കാത്തതാണ് തീറ്റ വില ഇടക്കിടെ വില വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നത്.
പാലിന് കുറഞ്ഞ വിലയാണ് കിട്ടുന്നതെങ്കിലും ഉരുക്കള്‍ക്കുള്ള തീറ്റ നല്‍കാതിരിക്കാന്‍ കഴിയില്ലല്ലോ.പച്ചപ്പുല്ല് കിട്ടാനില്ലാത്ത സ്ഥിതി വന്നതോടെ പാല്‍ ഉത്പാദനവും കുറഞ്ഞു.വൈക്കോലിന് വില കൂടിയതോടെ പ്രതിസന്ധി വീണ്ടും കൂടി.ഒരു കെട്ട് വൈക്കോലിന് 10 രൂപ മുതല്‍ 15 രൂപ വരെയാണ് വില കൂടിയത്.ഇന്ധനവില വര്‍ദ്ധനവാണ് വൈക്കോലിന് വില കൂടാന്‍ കാരണമായതെന്നാണ് പറയുന്നത്.എന്നാൽ കനത്ത മഴയില്‍ തമിഴ്നാട്ടില്‍ വൈക്കോല്‍ വ്യാപകമായി നശിച്ചതുകാരണം വൈക്കോല്‍ കിട്ടാനില്ലാത്ത സ്ഥിതിയാണ് വിലവർധനവിന് കാരണം.അതേപോലെ എള്ളിന്‍പിണ്ണാക്ക്, പരുത്തിപ്പിണ്ണാക്ക്, പരുത്തിക്കുരു, തവിട് എന്നിവയ്ക്കും വില കൂടുകയാണ്.സ്വകാര്യ കമ്ബനികളുടെ കാലിത്തീറ്റയ്‌ക്ക് 100 -130 രൂപയിലധികം വില വര്‍ദ്ധനവുണ്ട്. ചോളം, തവിട് എന്നിവയുടെ ക്ഷാമമാണ് തീറ്റവില കൂടാന്‍ കാരണമായി പറയുന്നത്.
അതേസമയം പാലിന്റെ ഗുണനിലവാരം പരിശോധിച്ച്‌ വില നല്‍കുന്നതിനുള്ള ചാര്‍ട്ടനുസരിച്ച്‌ കവര്‍ പാലിന് ഈടാക്കുന്നതിനെക്കാള്‍ ഇരുപത് ശതമാനം വരെ കുറഞ്ഞ തുകയാണ് ക്ഷീരസംഘങ്ങളില്‍ നിന്ന് കര്‍ഷകന് ലഭിക്കുന്നത്. മില്‍മയുടെ കണക്കനുസരിച്ച്‌ കൊഴുപ്പിന്റെ അളവ് 3.7 മില്ലി ലിറ്ററും ഖരപദാര്‍ത്ഥങ്ങളുടെ അളവ് (എസ്.എന്‍.എഫ്) 8.5 മില്ലി ലിറ്ററുമുള്ള പാലിന് കര്‍ഷകന് കിട്ടുന്നത് ഒരു ലിറ്ററിന് 37 രൂപ 21 പൈസയാണ്. ബഹുഭൂരിപക്ഷം കര്‍ഷകര്‍ക്കും ഇതേ നിലവാരത്തിലുള്ള പാലാണ് ലഭിക്കുന്നത്. കൊഴുപ്പോ എസ്.എന്‍.എഫോ അല്പം കൂടിയാലും 39 രൂപയ്ക്കപ്പുറം കിട്ടില്ല.ഇതും കേരളത്തിലെ ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്.

Back to top button
error: