
കേരളത്തിൽ അധികമാരും കൃഷി ചെയ്യാത്ത ഒരു കാർഷിക ഇനമാണ് ചൗ ചൗ.പേരുകേട്ട് ചൈനയാണെന്ന് കരുതേണ്ട.നമ്മുടെ നാട്ടിൽ സുലഭമായി വളരുന്ന ഒന്നാണിത്.കേരളത്തിൽ വലിയ പ്രചാരമില്ലെങ്കിലും തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ തോരൻ ഉണ്ടാക്കാനും കറികൾക്കുമായി ഉപയോഗിക്കുന്ന ഒരു പച്ചക്കറി ഇനമാണ് ചൗ ചൗ.കുറഞ്ഞ അധ്വാനവും മുതൽ മുടക്കു൦ മാത്രം മതി ഇത് കൃഷി ചെയ്യാൻ എന്നതാണ് ചൗ ചൗവിന്റെ ഏറ്റവും വലിയ പ്രത്യേകത.
ചുരക്ക കുടുംബത്തിൽ പെട്ട മറ്റു സസ്യങ്ങളെപ്പോലെ ഇതും പടർന്നു വളരുന്നതാണ്.പാവലും പടവലവും കൃ ഷി ചെയ്യുന്നതുപോലെ പന്തലൊരുക്കിയാണ് ചൗചൗവും കൃഷി ചെയ്യുന്നത്.സമ ചതുരാകൃതിയിൽ കുഴിയെടുത്ത് വേണം ഇവയുടെ വിത്ത് കുഴിച്ചിടാൻ.ഒരു തടത്തിൽ തന്നെ 2-3 വിത്തുകൾ വയ്ക്കാവുന്നത്.ഇതിനായി ആദ്യം കുഴിയിലേക്ക് പച്ചിലകൾ ഇട്ട ശേഷം അതിന്റെ മുകളിലേക്ക് ആട്ടിൻ പുഴുക്ക ഇട്ടു കൊടുക്കുക.ശേഷം മേൽമണ്ണിളക്കി തടമൊരുക്കുക.
മഴക്കാലത്ത് വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ളതിനാൽ മണ്ണ് കൂന കൂട്ടിയാണ് വിത്ത് വയ്ക്കുന്നത്.വിത്ത് നട്ട്, ചെടി വളർന്നു വന്ന ശേഷം മാത്രം ഇവയ്ക്ക് വളം നൽകിയാൽ മതി. കോഴിക്കാഷ്ഠം, ചാണകം പോലുള്ള ജൈവവളങ്ങളാണ് നല്ലത്.
കേരളത്തിൽ ചൊച്ചക്ക ചച്ചിയ്ക്ക, മൂടുമുളച്ചി തുടങ്ങിയ പേരുകളും അറിയപ്പെടുന്ന ചൗ ചൗ സാലഡുകളിൽ പച്ചയ്ക്കും തോരനായും കൂട്ടുകറികളിലെ ഒരു ചേരുവയായും ഉപയോഗിക്കാറുണ്ട്. ഇത് അമിനോ അമ്ലങ്ങളുടേയും വൈറ്റമിൻ സി-യുടേയും നല്ല സ്രോതസ്സാണ്.ഈ ചെടിയുടെ കായ പോലെ തന്നെ, വേരും തണ്ടും വിത്തും ഇലകളും എല്ലാം ഭക്ഷ്യയോഗ്യമാണ്.





