തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ ഇന്ന് അര്‍ധരാത്രി നിലവില്‍ വരും.ബവ്റിജ്സ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ലെറ്റുകളും ബാറുകളും നാളെ പ്രവര്‍ത്തിക്കില്ല.അതേസമയം കള്‍ ളുഷാപ്പുകള് തുറക്കും.അത്യാവശ്യയാത്രകള്‍ അനുവദിക്കുമെങ്കിലും കൃത്യമായ രേഖകളും സത്യവാങ്മൂലവും കയ്യില്‍ കരുതണം.കെഎസ്ആര്‍ടിസിയും അത്യാവശ്യ സര്‍വീസുകള്‍ മാത്രമേ നടത്തൂ. ഹോട്ടലുകളും അവശ്യവിഭാഗത്തില്‍പെട്ട സ്ഥാപനങ്ങളും രാവിലെ 7 മുതല്‍ രാത്രി 9 വരെ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാം.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടതും അവശ്യവിഭാഗത്തിലുള്പ്പെട്ടതുമാ യ കേന്ദ്ര-സംസ്ഥാന, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍, മെഡിക്കല്‍ സ്റ്റോറുകളടക്കമുള്ള ആരോഗ്യസ്ഥാപനങ്ങള്‍, ടെലികോം-ഇന്റര്‍നെറ്റ് കമ്ബനികള്‍ എന്നിവയ്ക്കു നിയന്ത്രണം ബാധകമല്ല. മാധ്യമസ്ഥാപനങ്ങള്‍, ആംബുലന്‍സുകള്‍ എന്നീ സേവനങ്ങള്‍ക്കും തടസ്സമില്ല.
ഹോട്ടലുകളും ബേക്കറികളും തുറക്കാമെങ്കിലും പാഴ്സല്‍ വിതരണവും ഹോം ഡെലിവറിയുമേ അനുവദിക്കൂ. ഇരുന്നു ഭക്ഷണം കഴിക്കാനാവില്ല.നേരത്തേ നിശ്ചയിച്ച പരീക്ഷകള്‍ക്കു മാറ്റമില്ല.രോഗികള്‍, കൂട്ടിരിപ്പുകാര്‍, വാക്സീനെടുക്കാന്‍ പോകുന്നവര്‍, പരീക്ഷകളുള്ള വിദ്യാര്‍ഥികള്‍, റെയില്‍വേ സ്റ്റേഷന്, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍, മുന്‍കൂട്ടി ബുക് ചെയ്ത് ടൂറിസം കേന്ദ്രങ്ങളിലെത്തിയവര്‍ ഇവര്‍ക്കെല്ലാം കൃത്യമായ രേഖകളുണ്ടങ്കില്‍ യാത്ര അനുവദിക്കും.മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ചടങ്ങുകള്‍ 20 പേരെ വച്ച് നടത്താം. ചരക്ക് വാഹനങ്ങള്‍ക്കും തടസമില്ല. അടിയന്തര സാഹചര്യത്തില്‍ വര്ക്ഷോപ്പുകള് തുറക്കാം.