NEWS

ചില്ലു മേടയിലിരുന്ന് കല്ലെറിയല്ലേ പ്രഭോ

സുപ്രീംകോടതിയിലെ ഓണ്‍ലൈന്‍ ഹിയറിങിൽ ഗുരുതരമായ തകരാറുകളാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. അഭിഭാഷകർ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് ഹിയറിങിൽ പങ്കെടുത്തത്. മോശം ഇന്റര്‍നെറ്റ് കണക്ടിവിറ്റി മൂലം പലരുടെയും ശബ്ദങ്ങളും ദൃശ്യങ്ങളും തടസ്സപ്പെട്ടു. ലിസ്റ്റ് ചെയ്യപ്പെട്ടതില്‍ പത്തോളം കേസുകൾ ഒടുവിൽ കോടതിക്ക് മാറ്റിവെക്കേണ്ടി വന്നു.

“മിസ്റ്റര്‍ കൗണ്‍സല്‍, നിങ്ങള്‍ ഇപ്പോള്‍ പ്രാക്ടീസ് ചെയ്യുന്നത് സുപ്രീം കോടതിയിലാണ്. വാദത്തിനായി ഒരു ഡെസ്‌ക്ടോപ് താങ്കള്‍ക്ക് വാങ്ങിക്കൂടേ…” ഒടുവിൽ കോടതിക്കു ചോദിക്കേണ്ടി വന്നു.
ഇതേക്കുറിച്ച് അഡ്വ.രാജേഷ് വിജയൻ പ്രതികരിക്കുന്നു.

Signature-ad

“പ്ര ഭോ… ഫ്രഞ്ച് വിപ്ളവകാലത്ത് ഫ്രാൻസിലെ റാണി മേരി അന്തോണിയറ്റെ പറഞ്ഞ പോലെയായി പോയി, ഇന്നലത്തെ ഡയലോഗ് പ്രഭോ,

അതായത് ബ്രഡ് കിട്ടാനില്ലെങ്കിൽ എന്തുകൊണ്ട് ജനങ്ങൾക്ക് കേക്ക് തിന്നു കൂടാ എന്നാണ് റാണി പറഞ്ഞത്.

നമ്മടെ പ്രഭുക്കൾ ഡെൽഹിയിലിരുന്നു പറഞ്ഞത് മൊബൈൽ ഫോൺ ഉപയോഗിച്ച് വിർച്ച്വൽ കോടതിയിൽ കയറാൻ പറ്റില്ല പകരം ലാപ് ടോപ്പേ ഉപയോഗിക്കാവു. അതല്ലെ ഹീറോയിസം എന്ന്.

ഇൻഡ്യയിലെ വക്കീലൻമാരുടെ പ്രാക്ടീസിനെ കുറിച്ചോ സാമ്പത്തിക അവസ്ഥയെ കുറിച്ചോ, അങ്ങ് ഡൽഹിയിൽ ഇരിക്കുന്നവർക്ക് വല്ല വിവരവുമുണ്ടോ പ്രഭോ.
ചോര വിറ്റ് ജീവിക്കേണ്ടി വന്ന ഒരു ജൂനിയർ വക്കീലിനെ കാണേണ്ടി വന്ന ഭാഗ്യം കെട്ട കണ്ണുകളുള്ള ഒരു ബാർ കൗൺസിൽ മെമ്പറാണ് പ്രഭോ ഇതെഴുതുന്നത്.

ഒരു ലാപ് ടോപ് വാങ്ങിക്കാൻ 35000 രൂപ മുതൽ 50000 ത്തിന് മുകളിലേക്കും ആകും പ്രഭോ. പതിനായിരം രൂപയുടെ ഫോൺ വാങ്ങിക്കാൻ ബുദ്ധിമുട്ടുന്ന സമൂഹമായി അഭിഭാഷകസമൂഹം മാറിക്കഴിഞ്ഞു പ്രഭോ. അങ്ങ് ദിവസവും കാണുന്ന ഹരീഷ് സാൽവെയും രാജേഷ് ധവാനെയും ഒക്കെ വച്ച് ബഹുഭൂരിപക്ഷത്തെ തുലനം ചെയ്യരുത് പ്രഭോ

ഉപകാരമൊന്നും ചെയണ്ട പ്രഭോ. ചില്ലു മേടയിലിരുന്ന് കല്ലെറിയാതിരുന്നാൽ മാത്രം മതി പ്രഭോ…”

(പ്രഭു, പരിഭാഷ….. മിലോർഡ് എന്ന്)

വിനീത വിധേയൻ (Much 0bliged)

  • രാജേഷ് വിജയൻ,
    അഡ്വക്കേറ്റ്

(കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡൻ്റാണ് ലേഖകൻ)

Back to top button
error: