KeralaNEWS

എംടിയുടെ കഥകളിലൂടെ ലോകമറിഞ്ഞ നാട്… മലമൽക്കാവ്

തലമുറകളായി കൈമാറി വരുന്ന വിശ്വാസത്തിന്റെ വിത്തുകൾ പൊട്ടിമുളയ്ക്കുന്ന ഇടം… എത്ര പറഞ്ഞാലും വിശേഷണങ്ങൾ തീരാത്ത ഒരു ക്ഷേത്രം.അതാണ് മൽമലക്കാവ്. നീലത്താമരയുടെ വിശേഷങ്ങളുമായി മനസ്സിൽ കയറിക്കൂടിയ മലമൽക്കാവ് ക്ഷേത്രത്തിന്‍റെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം.
നീലത്താമരയുടെ കഥയിലൂടെ എംടി വാസുദേവൻ നായർ മലയാളമനസ്സിൽ വിരിയിച്ചെടുത്ത ഒരു നാടാണ് മലമൽക്കാവ്. വിശ്വസിച്ച് പ്രാർഥിച്ചാൽ നീലത്താമര വിരിയുമെന്ന വിശ്വാസമുള്ള ക്ഷേത്രം. കേരളത്തിലെ 108 അയ്യപ്പ ക്ഷേത്രങ്ങളിലൊന്നുകൂടിയാണ് മലമൽക്കാവ് അയ്യപ്പ ക്ഷേത്രം.
ഇവിടുത്തെ ക്ഷേത്രത്തിലെ വിശ്വാസങ്ങളനുസരിച്ച് ക്ഷേത്രത്തിലേക്കുള്ള തൃപ്പടിയിൽ പണംവെച്ച് മനസ്സറിഞ്ഞ് ഭഗവാനെ വിളിച്ചു പ്രാർഥിച്ചാൽ പിറ്റേ ദിവസം രാവിലെ ക്ഷേത്രക്കുളത്തിൽ ഒരു പൂവ് വിരിയുമത്രെ. ചെങ്ങഴനീർ പൂവ് എന്നു വിശ്വാസികൾ വിളിക്കുന്ന ഈ പൂവിനെ മലയാളികൾക്ക് നീലത്താമര എന്ന പേരിലാണ് എംടി വാസുദേവൻ നായർ പരിചയപ്പെടുത്തിയത്. പ്രധാനമായും ശിവക്ഷേത്രങ്ങളിൽ കലശത്തിനു വേണ്ടിയാണ് ഈ പൂവ് ഉപയോഗിക്കുന്നത്. പൂവ് ആവശ്യമായി ദിവസത്തിനു തലേന്ന് വേണ്ടപ്പെട്ടവർ ക്ഷേത്രത്തിൽ അപേക്ഷ സമർപ്പിച്ച് ആവശ്യമായ പണം തൃപ്പടിയിൽ വെച്ച് പ്രാർഥിച്ചാൽ പിറ്റേന്ന് ആവശ്യമായത്രയും പൂക്കള്‍ വിരിഞ്ഞു നിൽക്കും എന്നാണ് വിശ്വാസം. ക്ഷേത്രത്തിലെ രണ്ടു ചെറിയ കുളങ്ങളിലാണ് പൂവ് വിരിയുന്നത്.എന്നാൽ ചിലപ്പോഴൊക്കെയും പൂവ് വിരിയാതെയിരുന്നിട്ടുമുണ്ട്. മനസ്സിലെ കളങ്കം അയ്യപ്പൻ തിരിച്ചറിഞ്ഞതായിരിക്കുമെന്നും ആഴമില്ലാത്ത വിശ്വാസം ആയിരിക്കുമെന്നുമൊക്കെ പറഞ്ഞ് ഇവിടുത്തുകാർ അങ്ങനെ ആശ്വാസം കണ്ടെത്തും.
മലമുകളിലെ കാവ് (മലമേൽ കാവ്)  മലമൽക്കാവ് ആയതിന് പിന്നിൽ ഒരു കഥയുണ്ട്.ഒരിക്കൽ ഇവിടെ വളർത്തുമൃഗങ്ങളെ തെളിക്കാനെത്തിയ ചെറുമ ദമ്പതികളുടെ കയ്യിലെ അരിവാൾ കൊണ്ട് ഇവിടെ ഒരു കല്ലിൽ നിന്നും രക്കം പ്രവഹിക്കുവാന്‍ തുടങ്ങിയത്രെ. അങ്ങനെ ഈ പ്രദേശത്തിന്റെ മഹിമയും ദിവ്യത്വവും എല്ലായിടത്തും എത്തുകയും ഇവിടെ ഒരു ക്ഷേത്രം പണിയുകയുമായിരുന്നത്രെ.
പാലക്കാട് ജില്ലയിൽ പട്ടാമ്പിയ്ക്കടുത്തായാണ് 300
വർഷം പഴക്കമുള്ള  മലമൽക്കാവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തൃത്താലയ്ക്ക് സമീപത്തുള്ള ഈ ക്ഷേത്രം പട്ടാമ്പിയിൽ നിന്നു 16 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

Back to top button
error: