വേനൽക്കാലത്ത് നമ്മുടെ ശരീരത്തിൽ സാധാരണയായി ഉണ്ടാകുന്ന ഒന്നാണ് ചൂടുകുരു.എല്ലാവർക്കുമില്ലെങ്കി ലും ചിലർക്കെങ്കിലും കടുത്ത ചൊറിച്ചിലും അസ്വസ്ഥതയും ഇതുമൂലം ഉണ്ടാകാറുണ്ട്.ചൂടു കൂടുമ്പോൾ വിയർപ്പുഗ്രന്ഥികളിൽ തടസ്സമുണ്ടാകും.ആ സമയത്ത് വിയർപ്പ് ശരീരത്തിൽ കെട്ടിനിൽക്കുകയും ചർമോപരിതലത്തിൽ ചെറിയ കുരുക്കളുണ്ടാകുകയും ചെയ്യുന്നു. ഇത് കൃത്യമായി ശ്രദ്ധിച്ചില്ലെങ്കിൽ ശരീരത്തിലെ രോമകൂപങ്ങളിൽ അണുബാധയ്ക്കും തുടർന്ന് ഫോളിക്യുലെെറ്റിസ് എന്ന രോഗത്തിനും കാരണമാകും.ചൊറിച്ചിലും വേദനയുമാണ് ഇതിന്റെ ബാക്കിപത്രം.
ചൂടുകുരു ഉണ്ടാകുന്നത് ബാക്ടീരിയ മൂലമോ വെെറസ് മൂലമോ ആകാം. പൊതുവേ ചൂടുകുരു മാറാനായി ഉപയോഗിക്കുന്ന ചൂടുകുരു പൗഡർ ആന്റിബാക്ടീരിയൽ, ആന്റിവെെറൽ, ആന്റിഫംഗൽ എന്നിവയും സ്റ്റിറോയ്ഡും ഉൾപ്പെടുന്ന ഒരു മിശ്രിതമാണ്. ഇത് ചൂടുകുരുവിന്റെ ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും ഒരു പരിധിവരെ അകറ്റാറുണ്ടെങ്കിലും ഇവ സ്ഥിരമായി ഉപയോഗിക്കുന്നത് അത്ര നല്ലതല്ല. കാരണം, എന്തുകൊണ്ടാണ് ചൂടുകുരു ഉണ്ടാകുന്നതെന്ന് അറിയാതെ നാലു തരം മരുന്നുകൾ അടങ്ങിയ ഒരു മിശ്രിതം ഉപയോഗിക്കേണ്ട കാര്യമില്ല എന്നതുതന്നെ.
പ്രമേഹരോഗികൾ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ, കാൻസർ രോഗികൾ, ഡയാലിസിസ് ചെയ്യുന്നവർ, അവയവമാറ്റം ചെയ്തവർ തുടങ്ങിയവർ ചികിത്സിക്കുന്ന ഡോക്ടറുടെ നിർദേശമില്ലാതെ ഇത്തരം ചൂടുകുരു പൗഡർ ഉപയോഗിക്കയുമരുത്.ചൂടുകുരു വരാതിരിക്കാൻ നമുക്ക് ചെയ്യാവുന്നത് ഇതാണ്.
- ശരീരത്തിന് തണുപ്പ് ലഭിച്ചാൽ ചൂടുകുരു ഉണ്ടാവുന്നത് തടയാനാകും. ഇതിനായി സാധാരണ വെള്ളത്തിൽ(പച്ചവെള്ളത്തിൽ) ദിവസവും രണ്ടു നേരം കുളിക്കണം. ഇത് ശരീരത്തിന് തണുപ്പ് നൽകും.
- അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ മാത്രം ധരിക്കുക.ചൂടു കൂട്ടുന്ന മറ്റ് വസ്ത്രങ്ങൾ ഒഴിവാക്കുക.
- വിയർക്കുമ്പോൾ കോട്ടൺ തുണി ഉപയോഗിച്ച് തുടച്ച് നീക്കുക.
- ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറയുന്നത് നിർജ്ജലീകരണത്തിന് ഇടയാക്കും. ഒപ്പം ഇത് ചർമത്തിന്റെ സ്നിഗ്ധത കുറയാനും ഇടയാക്കും. അതിനാൽ ചൂടുകാലത്ത് ധാരാളം വെള്ളം കുടിക്കാൻ മറക്കരുത്.നിർജ്ജലീകരണം അകറ്റാൻ വളരെ നല്ലതാണ് ഒ.ആർ.എസ്. ലായനി.അതേപോലെ നാരങ്ങാ വെള്ളം കുടിക്കുന്നതും.
ഓട്സ് പൊടിയിട്ട വെള്ളം 10-15 മിനിറ്റ് വച്ച ശേഷം ആ വെള്ളത്തിൽ കുളിക്കുക . ചൂടുകുരു ഉള്ള ഭാഗങ്ങളിൽ ഐസ് ക്യൂബ് വയ്ക്കുന്നത് വളരെ ഫലപ്രദമാണ്. അതുപോലെ തന്നെ കോട്ടൺ തുണിയോ പഞ്ഞിയോ മറ്റോ തണുത്ത വെള്ളത്തിൽ മുക്കി ചൂടുകുരു ഉള്ള ഭാഗത്ത് തടവുന്നതും നല്ലതാണ്.
ചൂടുകുരു ഉള്ള ഭാഗത്ത് തേങ്ങാപ്പാലോ ചന്ദനമോ ചോളപ്പൊടിയോ പുരട്ടുന്നതും നല്ലതാണ്.കറിവേപ്പിലയും അരച്ചി ടാവുന്നതാണ്. ഇതിലെ ആന്റി ഓക്സിഡന്റ്സ് അണുക്കളെ നീക്കം ചെയ്യാൻ സഹായിക്കും.അതുപോലെ വീര്യമുള്ള സോപ്പുകളും ക്രീമുകളും ഓയിലുകളും ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം.