പസഫിക് സമുദ്രത്തിനിടിയിലെ വന്പൻ അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് ദ്വീപുകളുടെ കൂട്ടമായ ടോംഗാ രാജ്യത്ത് സുനാമി. ഫിജി, ന്യൂസിലൻഡിന്റെ വടക്കൻ ദ്വീപ്, ഓസ്ട്രേലിയയുടെ കിഴക്കൻ തീരം എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പു പുറപ്പെടുവിച്ചു.
തലസ്ഥാനമായ നുകു അലോഫയിൽനിന്ന് 65 കിലോമീറ്റർ വടക്ക് സമുദ്രത്തിനടിയിലുള്ള ഹംഗ ടോംഗ-ഹംഗ ഹാഅപായി അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. എട്ടുമിനിട്ട് നീണ്ട ആദ്യ സ്ഫോടനത്തിന്റെ ഉഗ്രശബ്ദം 800 കിലോമീറ്റർ അകലെ ഫിജിയിൽ വരെ കേട്ടു. അഗ്നിപർവതത്തിൽനിന്നുള്ള ചാരവും പുകയും 20 കിലോമീറ്റർ അകലെ എത്തി.