IndiaNEWS

പാവ് ബാജി ഉണ്ടായ ചരിത്രം അറിയാമോ ?

ഒരു മുംബൈ സ്ട്രീറ്റ് ഫുഡായ
പാവ് ബാജിയും 1860 -കളിലെ അമേരിക്കൻ ആഭ്യന്തരയുദ്ധവും തമ്മിലെന്താണ് ബന്ധം? 
കാലങ്ങളായി മുംബൈയിലെ തെരുവോരങ്ങളില്‍ കിട്ടുന്ന, മറാത്താ ജനതയുടെ ഒരു പ്രധാന ഭക്ഷണമാണ് പാവ് ബാജി. ഇന്ന് അവിടെ മാത്രമല്ല ഇന്ത്യയിലെ മിക്ക നഗരങ്ങളിലും തെരുവോരങ്ങളിലും ഹോട്ടലുകളിലും പാവ് ബാജി കിട്ടും.ഒരുപാട് ആരാധകരുള്ള ഒരു സ്പൈസി ഫുഡാണ് ഇത്.എങ്ങനെയാണ് ഈ വിഭവം ഉണ്ടായതെന്ന് നോക്കാം.
പാവ് ബാജിയുടെ വേര് തേടി പോവുകയാണെങ്കില്‍ കുറച്ചധികം കാലം പുറകിലോട്ട് പോകേണ്ടി വരും. അതായത് 1860 -കളിലെ അമേരിക്കന്‍ ആഭ്യന്തര യുദ്ധം വരെ.
യുദ്ധസമയത്ത്, ലോകവിപണിയിൽ തെക്കൻ അമേരിക്കയുടെ പ്രധാന നാണ്യവിളയായ കിംഗ് കോട്ടണുണ്ടായിരുന്ന പ്രാധാന്യം ഇല്ലാതായി. ഇത് ബോംബെയിലെ (ഇപ്പോൾ മുംബൈ) കോട്ടൺ മിൽ ഉടമകളില്‍ നിന്നും ഉത്പന്നം വാങ്ങുന്നതിലേക്ക് വിവിധ രാജ്യങ്ങളെ നയിച്ചു.മുംബൈ കോട്ടണുള്ള ഡിമാന്‍ഡ് വര്‍ധിച്ചു എന്നർത്ഥം.
ഈ അവസരത്തിൽ ബോംബെയിലെ കോട്ടൺമിൽ ഉടമകൾ ലോകമെമ്പാടുമുള്ള വലിയവലിയ ഓർഡറുകൾ നേടുകയും അവര്‍ക്ക് ഉത്പന്നങ്ങളെത്തിക്കുന്നതിനായി മില്ലിലെ തൊഴിലാളികള്‍ക്ക് മുഴുവന്‍ സമയവുമെന്നോണം പ്രവര്‍ത്തിക്കേണ്ടിയൂം വന്നു.
ഈ സമയത്ത് ഭക്ഷണത്തിന്‍റെ കാര്യമോ, പെട്ടെന്ന് കഴിച്ചു തീര്‍ക്കാവുന്ന എന്തെങ്കിലും വേണമെന്നായി. മിൽതൊഴിലാളികളല്ലേ, വലിയ വില കൊടുത്ത് ഭക്ഷണം വാങ്ങിക്കഴിക്കാവുന്ന അവസ്ഥയുമല്ല. അതുകൊണ്ടുതന്നെ കീശ കാലിയാകാത്ത തരത്തില്‍ വിലക്കുറവുള്ള ഭക്ഷണവും ആയിരിക്കണം അത്.
ഈ ഒരു സാഹചര്യത്തിലാണ് ഒരു പുതിയ വിഭവം കണ്ടെത്തുന്നതിലേക്ക് അവരെ നയിച്ചത്.അതിനായി തെരുവ് കച്ചവടക്കാർ അവർക്ക് വില കുറച്ച് കിട്ടുന്ന പച്ചക്കറികള്‍ വാങ്ങി, അത് മസാലയിലിട്ടു, ബേക്കറികളില്‍ നിന്നും മറ്റും ബാക്കിവരുന്ന ബ്രെഡ്ഡ് വെണ്ണയില്‍ മൊരിച്ചെടുത്ത് തൊഴിലാളികൾക്ക് നൽകാൻ തുടങ്ങി.താമസിയാതെ ഇത് തൊഴിലാളികൾക്കിടയിൽ വൻ ഹിറ്റായി മാറുകയും ചെയ്തു. കുറച്ച് വര്‍ഷങ്ങള്‍ക്കുശേഷം പോര്‍ച്ചുഗീസുകാര്‍ നഗരത്തില്‍ പാവ് അവതരിപ്പിച്ചു.ഇതുകൂടി ചേര്‍ന്നതോടെ ഇന്നത്തെ പാവ് ബാജി രൂപമെടുത്തു.
വളരെ പെട്ടെന്ന് തന്നെ പാവ് ബാജി ആളുകൾക്ക് പ്രിയമുള്ള വിഭവമായിത്തീർന്നു. തൊഴിലാളികളിൽ നിന്നും മാറി മറ്റുള്ളവരും പാവ് ബാജിയുടെ രുചി തേടിയെത്തിത്തുടങ്ങി. മിക്ക കടകളിലും പാവ് ബാജിയുണ്ടാക്കുന്ന അവസ്ഥ വന്നു.അറിഞ്ഞും കേട്ടും നിരവധിപ്പേർ ഈ വിഭവം തേടിയെത്താൻ തുടങ്ങിയതോടെ പാവ് ബാജി മറാത്താക്കാരുടെ ഏറ്റവും പ്രിയപ്പെട്ട വിഭവമായി മാറി.
അങ്ങനെ, അന്ന് തൊഴിലാളികള്‍ക്കുവേണ്ടി വളരെ കുറഞ്ഞ പൈസക്ക് തയ്യാറാക്കി വിളമ്പിയിരുന്ന പാവ് ബാജി ഇന്ന് തെരുവോരങ്ങളില്‍ മാത്രമല്ല ഫൈവ് സ്റ്റാര്‍ റസ്റ്റോറന്‍റുകളില്‍ വരെ കിട്ടുന്ന ഒരു വൻകിട ‘ബ്രാൻഡായി’ മാറിക്കഴിഞ്ഞു.
പാവ് ബാജി എന്ന വടക്കേ ഇന്ത്യൻ വിഭവം ഇഷ്ടമില്ലാത്തവർ ആരും കാണില്ല.  കുട്ടികൾക്ക് വെെകുന്നേരങ്ങളിൽ ഈ വിഭവം ഉണ്ടാക്കി കൊടുക്കാം. വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന വിഭവമാണ് പാവ് ബാജി.

ഉണ്ടാക്കാൻ വേണ്ട ചേരുവകൾ: 

ബൺ                                 1 പാക്കറ്റ്
ഉരുളക്കിഴങ്ങ്                     1 എണ്ണം( വലുത് )
സവാള                               1 വലുത്
ക്യാരറ്റ്                               1 എണ്ണം (മീഡിയം)
പച്ചമുളക്                           3  എണ്ണം
തക്കാളി                            1 വലുത്
മഞ്ഞൾപൊടി                   1/2 ടീസ്പൂൺ
മുളക് പൊടി                      2 ടീസ്പൂൺ
ഗരം മസാല പൊടി            1 ടേബിൾ സ്പൂൺ

മസാല                      1 ടീസ്പൂൺ
എണ്ണ, ഉപ്പ്                        ആവശ്യത്തിന്
ഇഞ്ചി, വെളുത്തുള്ളി
പേസ്റ്റ്                                1 ടീസ്പൂൺ
സോയ സോസ്    :         1 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം:

ആദ്യം അല്പം എണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, സവാള, പച്ചമുളക്, തക്കാളി ഇവ വഴറ്റുക. വഴന്നു വരുമ്പോൾ ഉപ്പും, സോയ സോസ്, പൊടികൾ എല്ലാം കൂടി ഇട്ടു നന്നായി വഴറ്റുക. ശേഷം ഉരുളക്കിഴങ്ങ്, ക്യാരറ്റ് ഇട്ടു നന്നായി മിക്സ്‌ ചെയ്തു വെള്ളം ഒഴിച്ച് അടച്ചു വെക്കുക.

 

വെള്ളം വറ്റി വരുമ്പോൾ തീ ഓഫ് ആക്കി തണുക്കാൻ വയ്ക്കുക. ഇനി ബൺ പകുതി ആക്കി മുറിച്ചു തവയിൽ നെയ് ഒഴിച്ച് 2 വശം ചൂടാക്കി എടുക്കുക. ചെറുതായി റോസ്‌റ്റായാൽ വാങ്ങി വെക്കുക. ഇനി നേരത്തെ വേവിച്ചു വെച്ച മസാലക്കൂട്ട് മിക്സിയിൽ അരച്ചെടുക്കുക.

 

ഇനി ബൺ അതിൽ മുക്കി കഴിക്കാം. ഇഷ്ടമുള്ളവർക്ക് നാരങ്ങ പിഴിഞ്ഞ് ചേർക്കാം, ഗ്രീൻപീസ് വേവിച്ചു ചേർക്കാം. അതൊക്കെ അവരവരുടെ സ്വാദിന് അനുസരിച്ച്. മല്ലിയില ഇഷ്ടമുള്ളവർക്ക് അതിനു മീതെ തൂവിയും ഉപയോഗിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: