ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ഇന്ന് വിധി. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. മിഷനറീസ് ഓഫ് ജീസസിന്റെ കുറവിലങ്ങാട്ടെ മഠത്തില്‍ 2014 മുതല്‍ 2016 വരെ കാലയളവില്‍ ജലന്തര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പല തവണ പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി. ബലാല്‍സംഗം ഉള്‍പ്പെടെ ഏഴ് വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിട്ടുള്ളത്. 105 ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് വിധി.
രാവിലെ 11 മണിക്കാണ് കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി ഗോപകുമാര്‍ വിധി പ്രസ്ഥാവിക്കുക. 2018 ജൂണ്‍ 29നാണ് കേസിലെ ഏക പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിനെതിരെ പൊലീസ് കേസെടുക്കുന്നത്. വൈക്കം ഡിവൈഎസ്പി കെ സുഭാഷിനായിരുന്നു അന്വേഷണ ചുമതല.