KeralaNEWS

തുർക്കിയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ കോടികളുടെ തട്ടിപ്പ് നടത്തി മലയാളി മുങ്ങി

സ്താംബുൾ: ലുലു ഗ്രൂപ്പിന്റെ തുർക്കി ഇസ്താംബുളിലെ ഹൈപ്പർ മാർക്കറ്റിൽ നിന്നും കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തി മലയാളി നാട്ടിലേക്കു മുങ്ങിയതായി പരാതി. ലുലു ഗ്രൂപ്പിന്റെ തുർക്കി ഇസ്താംബുളിലെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന തൃശ്ശൂർ ചെറുത്തുരുത്തി സ്വദേശി അനീഷ് കരിപ്പാക്കുളം സയ്യിദ്മോനാണ്  അബുദാബിയിലെ ഹെഡ് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടപ്പോൾ തുർക്കിയിൽ നിന്നും നാടകീയമായി നാട്ടിലേക്ക് മുങ്ങിയത്.
കഴിഞ്ഞ 10 വർഷത്തിലേറെയായി ലുലു ഗ്രൂപ്പിൽ ജോലി ചെയ്യുന്ന അനീഷ് 2017 ഒക്ടോബറിലാണ് ഇസ്താംബുളിലെത്തിയത്. ലുലു ഇസ്താംബുൾ ഓഫിസിലെ മാർക്കറ്റിങ് മാനേജരായി ജോലി ചെയ്യവേ സ്വന്തം നിലക്ക് സപ്ലയർമാരുമായി ഇടപാടുകൾ ആരംഭിച്ച് വൻ അഴിമതി നടത്തിയെന്നാണ് പരാതി. രണ്ടര ലക്ഷം യുഎസ് ഡോളറിന്റെ (ഏകദേശം രണ്ട് കോടി രൂപ) ഇടപാടുകളാണ് ഇക്കാലയളവിൽ അനീഷ് കമ്പനിയറിയാതെ സ്വന്തമായി ചെയ്തത്.
ഇതിനെത്തുടർന്ന് അനീഷിനോട് അബുദാബി ഹെഡ് ഓഫിസിലെത്തി അന്വേഷണത്തിനു വിധേയനാകാൻ ആവശ്യപ്പെടുകയായിരുന്നു. അബുദാബിയിലേക്ക് പോകുന്നുവെന്ന ധാരണ നൽകിയാണ് അനീഷ് നാട്ടിലേക്കു രക്ഷപ്പെട്ടത്.
അനീഷിനെതിരെ ഇസ്താംബുൾ പോലീസ്, ഇന്ത്യൻ എംബസി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ അറിയിച്ചു

Back to top button
error: