KeralaNEWS

കൊതുക് എന്ന കൊലയാളിയെ തുരത്താൻ ചില പൊടിക്കൈകൾ

കൊതുക് ശല്യമില്ലാത്ത ഒരു സ്ഥലം പോലും ലോകത്ത് ഉണ്ടാകാനിടയില്ല.പ്രത്യേകിച്ച് കേരളത്തിൽ.കൊതുക് തിരി പോലുള്ളവയുടെ ഏറ്റവും വലിയ വിപണിയും കേരളമാണ്.പക്ഷെ  വിപണിയിൽ ലഭിക്കുന്ന പല കൊതുക് നിവാരണ ഉപാധികളും ആരോഗ്യത്തിന് ഹാനികരമാണ് എന്നതാണ് വസ്തുത. ശ്വാസ സംബന്ധമായ പല അസുഖങ്ങൾക്കും ഇത് കാരണമാകും.

അതിനാൽ കൊതുക് നശീകരണത്തിന് നാം ആദ്യം ചെയ്യേണ്ടത് വീട്ടിലും പരിസരത്തും കൊതുക് വളരാനുള്ള സാഹചര്യങ്ങളെ ഇല്ലാതാക്കുക എന്നുള്ളതാണ്. ഇതിനായി  വീട്ടിലോ പരിസരങ്ങളിലൊ വെള്ളം കെട്ടി കിടക്കുന്ന സാഹചര്യം ഒഴിവാക്കണം. ഫ്രിഡ്ജിന്റെ അടിയിലെ ട്രേയിലെ വെള്ളം പലപ്പോഴും ആരും ശ്രദ്ധിയ്ക്കാതെ വിട്ടുപോകുന്ന ഒന്നാണ്. ഇത് സമയാസമയങ്ങളിൽ കളയാൻ പ്രത്യേകം ശ്രദ്ധിയ്ക്കണം. ചപ്പ് ചവറുകൾ മഴക്കാലത്ത് അലക്ഷ്യമായി വലിച്ചെറിയുന്നതും കൊതുക് വളരാൻ കാരണമാകും.

 

Signature-ad

കൊതുകിനെ അകറ്റാൻ വേപ്പെണ്ണ നല്ലൊരു മാർഗമാണ്.വേപ്പെണ്ണ നേർപ്പിച്ചത് വീടിനകത്ത് സ്പ്രേ ചെയ്താൽ കൊതുക് പിന്നെ ആ വഴിക്ക് വരില്ല.കാപ്പിപ്പൊടി അൽപ്പമെടുത്ത് ചെറിയ പാത്രങ്ങളിൽ വീടിന്റെ പല ഭാഗത്തായി തുറന്ന് വയ്ക്കുക. കൊതുകുകൾ വരില്ല.അതേപോലെ ആര്യവേപ്പില ഇട്ടു കാച്ചിയ എണ്ണ ദേഹത്ത് തേച്ച് പിടിപ്പിച്ചാൽ കൊതുക് കടിക്കുന്നത് തടയാൻ സാധിക്കും.

 

പപ്പായ തണ്ടിൽ മെഴുക് ഇരുക്കിയൊഴിച്ച് തയാറാക്കുന്ന മെഴുകു തിരിയും, അതേപോലെ പപ്പായയുടെ ഇല ഉപയോഗിച്ച് തയാറാക്കുന്ന നീരും കൊതുക് നിവാരണ ഉപാധിയാണ്. ഈ നീര് ലാർവകൾ ഉള്ള വെള്ളത്തിൽ ഒഴിച്ചാൽ അവ നശിക്കും.ഇതുവഴിയും കൊതുകിനെ തുരത്താം.

 

കർപ്പൂരം പുകച്ചാൽ കൊതുക് ഒരു പരിധിവരെ ഇല്ലാതാകും.വീടിന്റെ പരിസരത്ത്, തുളസി, റോസ്മേരി, വേപ്പ് തുടങ്ങിയവ നട്ടാൽ കൊതുക് ശല്യത്തിൽ നിന്നും രക്ഷനേടാം. ഇഞ്ചപ്പുല്ലും കൊതുകിനെ തുരത്താനുള്ള ഫലപ്രദമായ മാർഗങ്ങളിലൊന്നാണ്.

 

വെളുത്തുള്ളിയുടെ തൊലി പേപ്പർ ഉപയോഗിച്ച് കത്തിച്ച് ഈ പുക കൊതുക് വരുന്ന ഭാഗത്ത് വച്ചാൽ കൊതുകുകൾ പമ്പ കടക്കും.ദശാങ്കവും കുന്തിരിക്കവും  ചേർത്ത് പുകച്ചാലും കൊതുകിനെ തുരത്താം.

മലമ്പനി, ചിക്കുൻഗുനിയ,മന്ത്, ഡെങ്കിപ്പനി, മഞ്ഞപ്പനി, ജപ്പാൻ ജ്വരം, വെസ്റ്റ് നൈൽ ഫീവർ, റോസ് റിവർ വൈറസ് തുടങ്ങിയ രോഗങ്ങളെക്കെ പരത്തുന്നത് കൊതുകുകളാണ്. ഇപ്പോഴും ഓരോ വർഷവും ഏഷ്യയിലും ആഫ്രിക്കയിലും, തെക്കേ അമേരിക്കയിലും കൊതുകുകാരണം രോഗം വന്ന് മരിക്കുന്നത് ദശലക്ഷക്കണക്കിന് മനുഷ്യരാണ്. അതിനാൽ കൊതുകിനെ പേടിച്ചേ മതിയാകൂ.

Back to top button
error: