മൈക്രോചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ടുകൾ വരുന്നു
തലവേദനയായി മാറിയ വ്യാജപാസ്പോർട്ടുകൾക്ക് തടയിടാൻ ഇ-പാസ്പോർട്ടുകൾക്കു സാധിക്കും. തിരുത്തലും മറ്റും വരുത്തി ക്രമക്കേടു നടത്താൻ കഴിയില്ല. ചിപ്പിൽ ക്രമക്കേടുവരുത്താൻ ശ്രമിച്ചാൽ വിമാനത്താവളങ്ങളിലെയും മറ്റും പരിശോധനയിൽ എളുപ്പത്തിൽ കണ്ടുപിടിക്കാനാവും. അതോടെ പാസ്പോർട്ട് അസാധുവാക്കപ്പെടും
ഇത് സാങ്കേതിക വിദ്യയുടെകാലം.
പുതിയ കാലത്തിൻ്റെ സംഭാവനയായി മൈക്രോചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ടുകൾ വരുന്നു. പാസ്പോർട്ടുടമയുടെ ബയോമെട്രിക് വിവരങ്ങൾ ഇതിൽ ശേഖരിച്ചിരിക്കും. ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാൻ ഇ-പാസ്പോർട്ട് സഹായിക്കും, ഒപ്പം കൂടുതൽ സുരക്ഷയും ഉറപ്പാക്കും.
നവതലമുറപാസ്പോർട്ടുകൾ പുറത്തിറക്കാനുള്ള നടപടികൾ വിദേശകാര്യമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അന്തിമഘട്ടത്തിൽ നടക്കുകയാണെന്ന് സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ അറിയിച്ചു. വലിയ തലവേദന സൃഷ്ടിക്കുന്ന വ്യാജപാസ്പോർട്ടുകൾക്ക് തടയിടാൻ ഇ-പാസ്പോർട്ടുകൾക്കു സാധിക്കുമെന്നാണ് പ്രതീക്ഷ. തിരുത്തലും മറ്റും വരുത്തി ക്രമക്കേടു നടത്താൻ കഴിയില്ല. ചിപ്പിൽ ക്രമക്കേടുവരുത്താൻ ശ്രമിച്ചാൽ വിമാനത്താവളങ്ങളിലെയും മറ്റും പരിശോധനയിൽ എളുപ്പത്തിൽ കണ്ടുപിടിക്കാനാവും. അതോടെ പാസ്പോർട്ട് അസാധുവാക്കപ്പെടുകയും ചെയ്യും.
64 കിലോബൈറ്റ് മെമ്മറിസ്പേസുള്ള സിലിക്കൺ ചിപ്പാണ് പുതിയ പാസ്പോർട്ടിന്റെ ആധാരം. ഒരു സ്റ്റാമ്പിന്റെ വലുപ്പമേ ചിപ്പിനുണ്ടാവൂ. 30 വിദേശസന്ദർശനങ്ങളുടെ വിശദാംശങ്ങൾ വരെ രേഖപ്പെടുത്താൻ സൗകര്യമുണ്ടാവും. പാസ്പോർട്ട് ഉടമയുടെ വ്യക്തിഗതവിവരങ്ങളെല്ലാം മൈക്രോചിപ്പിൽ ശേഖരിച്ചിരിക്കും.
നാസിക്കിലെ ഇന്ത്യൻ സെക്യൂരിറ്റി പ്രസ്സിലാണ് ഇ-പാസ്പോർട്ടിന്റെ നിർമാണം. ഇതിനായുള്ള സംവിധാനങ്ങളൊരുക്കാൻ അവർക്ക് അനുമതി നൽകിയിട്ടുണ്ട്. ഇൻറർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ(ഐ.സി.എ.ഒ) മാനദണ്ഡങ്ങൾക്കനുസൃതമായിട്ടായിരിക്കും ഇ-പാസ്പോർട്ടിന്റെ നിർമാണവും വിതരണവും. നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററാണ് ഇതിനാവശ്യമായ സോഫ്റ്റ്‍വേർ തയ്യാറാക്കിയത്. മികച്ച ഗുണനിലവാരമുള്ള കടലാസും അച്ചടിയും ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. നയതന്ത്രപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമായിരിക്കും തുടക്കത്തിൽ പുതുതലമുറ പാസ്പോർട്ട് ലഭിക്കുക.
നൂറിലേറെ രാജ്യങ്ങൾ നിലവിൽ ഇ-പാസ്പോർട്ട് പൂർണമായോ ഭാഗികമായോ ഉപയോഗിക്കുന്നുണ്ട്. 49 കോടി ഇ-പാസ്പോർട്ടുകൾ പ്രചാരത്തിലുണ്ടെന്നാണ് ഐ.സി.എ.ഒയുടെ കണക്ക്.