രഹസ്യ വിവരത്തെതുടർന്ന് വിജിലൻസ് എസ്.പി വി.ജി. വിനോദ് കുമാറിന്‍റെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കട്ടപ്പന സബ് രജിസ്ട്രാർ ഓഫിസിൽ നിന്നും കണക്കിൽപ്പെടാത്ത 49,920 രൂപ കണ്ടെടുത്തു.ബുധനാഴ്ച വൈകിട്ട് നാലോടെ ആരംഭിച്ച പരിശോധന രാത്രി ഒമ്പതുവരെ നീണ്ടു.സീനിയർ ക്ലർക്കിന്‍റെ പക്കൽനിന്ന് 3470 രൂപയും റെക്കോഡ് കോംപാക്ട് റൂം ഫയലുകൾക്കിടയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 3000 രൂപയും കണ്ടെത്തി. 43,450 രൂപ സബ്രജിസ്ട്രാർ ഓഫിസറുടെ മേശയിൽനിന്നാണ് പിടികൂടിയത്.
സംശയം ഉളവാക്കുന്ന ചില ഫയലുകൾ കൂടുതൽ പരിശോധനക്ക് വിധേയമാക്കുമെന്ന് വിജിലൻസ് അറിയിച്ചു.രജിസ്ട്രേഷൻ സംബന്ധിച്ച നിരവധി ക്രമക്കേടുകൾ ഓഫിസുമായി ബന്ധപ്പെട്ട് പുറത്തുവരുന്നുണ്ട്.
വിജിലൻസ് ഇൻസ്പെക്ടർമാരായ സജു എസ്. ദാസ്, ജയകുമാർ, സബ് ഇൻസ്പെക്ടർ തോമസ്, സ്റ്റാൻലി, എ.എസ്.ഐമാരായ ടിജു, തോമസ്, വിജിലൻസ് പൊലീസ് ഉദ്യോഗസ്ഥരായ അരുൺ ചന്ദ്, സൂരജ്, സുരേഷ്, രഞ്ജിനി, രാഹുൽ രവി എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.