IndiaNEWS

പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയിൽ നടപടി: ഫിറോസ്പുര്‍ എസ്എസ്പിയെ സസ്പെന്‍ഡ് ചെയ്തു

ന്യൂഡൽഹി: സുരക്ഷാവീഴ്ചയെ തുടർന്ന് പഞ്ചാബിലെ പരിപാടികൾ റദ്ദാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ഫിറോസ്പുര്‍ എസ്എസ്പിയെയാണ് ഇതിനെ തുടർന്ന് സസ്പെന്‍ഡ് ചെയ്തത്.പ്രോട്ടോകോൾ പ്രകാരം സംസ്ഥാന പൊലീസ് ആണ് പ്രധാനമന്ത്രി പോകുന്ന വഴിയിൽ സുരക്ഷ ഒരുക്കേണ്ടിയിരുന്നത്. വിഐപി കടന്നു പോകുന്നതിന് 10 മിനിറ്റ് മുൻപെങ്കിലും റോഡ് പൊലീസ് സീൽ ചെയ്യേണ്ടതാണ്. എന്നാൽ പ്രോട്ടോകോൾ പാലിക്കാൻ പഞ്ചാബ് പൊലീസ് അലംഭാവം കാണിച്ചെന്നാണ് കേന്ദ്രത്തിന്റെ നിരീക്ഷണം.
ഒരു ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഉണ്ടായ ഏറ്റവും വലിയ സുരക്ഷാ വീഴ്ചയാണ് പ്രധാനമന്ത്രി മോദിയ്ക്ക് സംഭവിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടുത്തി.പഞ്ചാബ് പൊലീസ് കൂടി സമ്മതിച്ചതിനു ശേഷമാണ് പ്രധാനമന്ത്രി റോഡ് മാർഗം പോകാൻ തീരുമാനിച്ചതെന്ന് എസ്പിജി നേരത്തെ വ്യക്തമാക്കിയിരുന്നു. അടിയന്തര ഘട്ടങ്ങളിൽ പ്രധാനമന്ത്രിയെ ഒഴിപ്പിക്കാനുള്ള വഴികൾ കണ്ടെത്തണമെന്ന സുരക്ഷാ നിർദേശം നടപ്പായില്ലെന്നും പൊലീസ് ഇത്തരത്തിൽ പെരുമാറുന്നത് ഇതുവരെ കണ്ടിട്ടില്ലെന്നും കേന്ദ്രം കുറ്റപ്പെടുത്തുന്നു. സാധാരണയായി പ്രധാനമന്ത്രി സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തുമ്പോൾ സ്വീകരിക്കാനും അനുഗമിക്കാനും മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഡിജിപിയും ഉണ്ടാകും. എന്നാൽ പഞ്ചാബിൽ ഈ മൂന്നുപരും ഉണ്ടായിരുന്നില്ല.
അതേസമയം കോവിഡ് രോഗിയുമായി സമ്പര്‍ക്കം ഉണ്ടായതുകൊണ്ടാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ പോകാതിരുന്നതെന്നും സംഭവത്തിൽ യാതൊരു തരത്തിലുള്ള സുരക്ഷാ വീഴ്ചയും ഉണ്ടായിട്ടില്ലെന്നുമായിരുന്നു പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയുടെ പ്രതികരണം.ഹെലികോപ്ടറിൽ പോകാൻ നിശ്ചയിച്ചിരുന്ന പ്രധാനമന്ത്രിയുടെ യാത്ര പെട്ടെന്ന് റോഡ് മാർഗം ആക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: