KeralaNEWS

മാവേലി എക്സ്പ്രസിലെ  ആക്രമണം: റയിൽവേ ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ വി. ഷിനിലാൽ എഴുതുന്നു

ഴിഞ്ഞ ദിവസം മാവേലി എക്സ്പ്രസ്സിൽ ഉണ്ടായ സംഭവങ്ങളുടെ പേരിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ സസ്പെൻഡ് ചെയ്യപ്പെട്ടിരിക്കുകയാണല്ലോ.
ഇത്തരം സാഹചര്യങ്ങൾ ധാരാളം നേരിട്ടനുഭവിച്ചിട്ടുള്ളതുകൊണ്ട് ചില അഭിപ്രായങ്ങൾ പറയുന്നു.
1. സമൂഹത്തിൽ ധാരാളം ക്രിമിനലുകൾ ഉണ്ട്. അതുകൊണ്ടുതന്നെ യാത്രക്കാരിലും ക്രിമിനൽ പശ്ചാത്തലം ഉള്ളവർ ഉണ്ട്. മദ്യപാനികൾ, സ്ത്രീപീഢകർ, സ്ഥിരം കുറ്റവാളികൾ etc.
ഒരിക്കൽ അമൃത എക്സ്പ്രസ്സ് പാലക്കാട് നിന്നും വർക്ക് ചെയ്ത് വരുന്നു. അപ്പർ ബർത്തിൽ കിടന്ന യുവതിയെ ഒരുവൻ നഗ്നത കാട്ടുന്നു. മദ്യപാനിയാണ്. ഈ പെൺകുട്ടി ഭയന്ന് നിലവിളിക്കുന്നു. തൊട്ടടുത്തൊക്കെ ഇരിക്കുന്ന ആളുകൾ വലിയ പ്രതികരണത്തിനൊന്നും നിൽക്കുന്നില്ല. (അവരൊക്കെ മാന്യരാണല്ലോ.) ഒടുവിൽ ഞാൻ പോലീസിനെയും കൂട്ടി അവിടെ ചെല്ലുന്നു. നഗ്നനായകനെ ഇറങ്ങാൻ പറയുന്നു. അവൻ ഇറങ്ങുന്നില്ല.
ഒടുവിൽ ബലം പ്രയോഗിച്ച് ഇറക്കുന്നു.
ഇത്തരം സാഹചര്യത്തിൽ പോലീസ് എന്താണ് ചെയ്യേണ്ടത്. ക്രിമിനലുകളുമായി നേരിട്ട് ഇടപെടുന്നതും ചാനലിൽ കാണുന്നതും തമ്മിൽ വ്യത്യാസമുണ്ട്. മിക്കപ്പോഴും ബലം തന്നെ പ്രയോഗിക്കേണ്ടി വരും.
മാവേലി എക്സ്പ്രസിൽ പരാതി നൽകിയ പെൺകുട്ടിയുടെയും ടി.ടി.യുടെയും ഭാഗം ഒളിപ്പിച്ചു വച്ചാണ് ഏഷ്യാനെറ്റ്‌ ആദ്യ വാർത്ത പുറത്ത് വിട്ടത്. അവസാന വാർത്തകളിൽ ആ മർദ്ദനമേറ്റയാൾ നിരവധി കേസുകളിൽ പ്രതിയാണെന്നും അറിയുന്നു.
അയാളെ പോലീസുകാരൻ ചവിട്ടിയത് ന്യായീകരിക്കുകയാണോ? എന്ന ചോദ്യത്തിന് അല്ല എന്നാണ് മറുപടി.
എന്നാൽ, ഇതും കൂടി കൂട്ടിച്ചേർക്കാൻ ആഗ്രഹിക്കുന്നു. നമ്മുടേത് ഉയർന്ന സിവിക് ബോധം നിലനിൽക്കുന്ന ഒരു സമൂഹമല്ല. നമ്മൾ ക്രിമിനലുകൾക്ക് മനുഷ്യാവകാശം നൽകാൻ തയ്യാറായേക്കും. എന്നാൽ ക്രിമിനലുകൾ അത് തിരികെ തരില്ല. അവന് കുറ്റകൃത്യം ആവർത്തിക്കാൻ സൗമ്യമായ സമീപനങ്ങൾ പ്രേരണ നൽകും എന്നത് ഉറപ്പാണ്.
ആരും ആരെയും മർദ്ദിക്കാൻ പാടില്ല. എന്നാൽ, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ അതിക്രമം കാട്ടുന്ന ഒരു ദ്രോഹിയെ മർദ്ദിക്കേണ്ടി വന്നാൽ, അതൊരു കുറ്റമായി  കരുതാനാവില്ല. ഇത്തരം സാഹചര്യങ്ങളിൽ ഇടപെട്ട് അയയിലിട്ട കോണാൻ പോലെ നിൽക്കുന്ന പോലീസുകാരെ കണ്ടിട്ടുണ്ട്.
അതുകൊണ്ട്, ആ പോലീസുകാരനൊപ്പമാണ് അനുഭവം കൊണ്ട് ഞാൻ ഐക്യപ്പെടുന്നത്. ചവിട്ട് ന്യായീകരിക്കാതെ തന്നെ.
 തീവണ്ടിയുടെ പശ്ചാത്തലത്തിൽ മലയാളത്തിലിറങ്ങിയ ആദ്യ നോവലെന്ന ഖ്യാതിയുള്ള ‘സമ്പർക്കക്രാന്തി’യുടെ രചയിതാവ് കൂടിയാണ് വി.ഷിനിലാൽ.ദക്ഷിണ റെയിൽവേയിൽ ടിടിഇ കൂടിയായ  ഇദ്ദേഹം തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമാണ്

Back to top button
error: