കിറ്റെക്‌സിലെ അതിഥിത്തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച കേസിൽ പ്രതികളെയൊന്നാകെ നിയമത്തിനുമുന്നിൽ എത്തിക്കാനുള്ള തീവ്രയത്നത്തിൽ ആലുവ റൂറൽ ഡിവൈഎസ്‌പി അനൂജ് പരിവാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘം.
പൊലീസിനുനേരെ സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ സംഘടിത ആക്രമണമെന്ന നിലയിലാണ് കേസ് കൈകാര്യം ചെയ്യുന്നത്. സംസ്ഥാന പൊലീസിന്റെ ചരിത്രത്തിൽ ഇത്തരമൊരു ആക്രമണത്തെ നേരിടുന്നതും ആദ്യം. അതുകൊണ്ടുതന്നെ ഏറ്റവും ചടുലമായ നീക്കങ്ങളാണ് പിന്നീട് പൊലീസ് നടത്തിയത്. അതിവേഗം പ്രത്യേകസംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. മണിക്കൂറുകൾക്കുള്ളിലാണ് 174 പ്രതികളെ തിരിച്ചറിഞ്ഞ് അറസ്‌റ്റ് ചെയ്‌തത്. ആക്രമണത്തിന് ഇരയായ പൊലീസുകാരുടെയും കിറ്റെക്‌സിലെ മറ്റു ജീവനക്കാരുടെയും നാട്ടുകാരുടെയും മൊഴിപ്രകാരമായിരുന്നു അറസ്‌റ്റ്. ലഭ്യമായ വീഡിയോദൃശ്യങ്ങളും പരിശോധിച്ചു.അഡീഷണൽ എസ്‌പി കെ ലാൽജിക്കാണ് അന്വേഷണത്തിന്റെ മേൽനോട്ടം.